ശവപ്പെട്ടിയിൽ കിടത്തിയ വൃദ്ധയ്ക്ക് ജീവന്റെ ലക്ഷണം; അത്ഭുത തിരിച്ചുവരവ്, 2 ദിവസത്തിനു ശേഷം മരണം

Published : Sep 22, 2026, 12:56 PM IST
coffin

Synopsis

തൊട്ടടുത്ത ദിവസം വൈകുന്നേരം പെട്ടിക്കുള്ളിൽ നിന്ന് നേർത്ത മൂളൽ പോലെയുള്ള ശബ്ദം കേട്ട മരുമകൾ ഉടൻ തന്നെ വിവരം അറിയിക്കുകയും കുടുംബാംഗങ്ങൾ വൃദ്ധയെ പുറത്തെടുക്കുകയുമായിരുന്നു.

വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ, മരിച്ചെന്നു കരുതി ശീതീകരിച്ച പെട്ടിയിലടച്ച എഴുപതുകാരിക്ക് ജീവന്റെ ലക്ഷണങ്ങൾ. എന്നാൽ, കുടുംബാംഗങ്ങളെയും ഗ്രാമവാസികളെയും ഒരുപോലെ അമ്പരപ്പിച്ച ഈ അത്ഭുത തിരിച്ചുവരവിന് രണ്ടു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സപ്തംബർ 11-ന് രാത്രിയോടെ ഇവർ മരണത്തിന് കീഴടങ്ങി.

പതിറ്റാണ്ടുകളായി മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇവർ അർബുദ ബാധിതയുമായിരുന്നു. രോഗം ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ, അവസാന നാളുകളിൽ പരിചരിക്കുന്നതിനായി കുടുംബാംഗങ്ങൾ ഇവരെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബർ 8-ന് ഇവരിൽ ജീവന്റെ ലക്ഷണങ്ങളൊന്നും കാണാതായതിനെ തുടർന്ന്, ദൂരദേശങ്ങളിൽ നിന്നുള്ള ബന്ധുക്കൾ എത്തുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ കുടുംബം റെഫ്രിജറേറ്റഡ് കോഫിനിലേക്ക് മാറ്റി. എന്നാൽ, തൊട്ടടുത്ത ദിവസം വൈകുന്നേരം പെട്ടിക്കുള്ളിൽ നിന്ന് നേർത്ത മൂളൽ പോലെയുള്ള ശബ്ദം കേട്ട മരുമകൾ ഉടൻ തന്നെ വിവരം അറിയിക്കുകയും കുടുംബാംഗങ്ങൾ വൃദ്ധയെ പുറത്തെടുക്കുകയുമായിരുന്നു.

സെപ്തംബർ 11-ന് ബന്ധുക്കൾ എത്തുമ്പോഴേക്കും ഇവർക്ക് ബോധം തിരികെ ലഭിക്കുകയും കണ്ണുകൾ തുറക്കുകയും ചെയ്തിരുന്നു. എങ്കിലും നില അതീവ ഗുരുതരമായി തുടരുകയും ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഇവർ, അന്നേ ദിവസം രാത്രിയോടെ അന്തരിക്കുകയായിരുന്നു. സെപ്തംബർ 13-ന് സംസ്കാരം നടത്തി.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ഡിപ്-ഫ്രീസ് മോഡിന് പകരം പെട്ടിയുടെ സാധാരണ റെഫ്രിജറേഷൻ ഫംഗ്ഷനാണ് ഉപയോഗിച്ചതെന്നും, ഇതാകാം ശരീരത്തിലെ ജീവൽപ്രവർത്തനങ്ങളെ നിലനിർത്താൻ സഹായിച്ചതെന്നും പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജീവൻ നിലനിൽക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത അപ്പാരന്റ് ഡെത്ത് എന്ന അപൂർവ്വ അവസ്ഥയാകാം ഇതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഇത്തരം അവസ്ഥയിൽ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും തിരിച്ചറിയാൻ കഴിയാത്തവിധം കുറയുകയും, ഉപാപചയ പ്രവർത്തനങ്ങൾ വളരെ പതുക്കെയാവുകയും ചെയ്യുന്നതിനൊപ്പം വ്യക്തി ആഴത്തിലുള്ള കോമയിലേക്ക് വീഴുകയും ചെയ്യും.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആശുപത്രികളിൽ നിന്ന് ഔദ്യോഗികമായി മരണം സ്ഥിരീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ആളുകൾ ചർച്ച ചെയ്യുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സൂപ്പ് പാത്രത്തിൽ മൃതദേഹാവശിഷ്ടങ്ങൾ, മോഡലിന്റെ കൊലപാതകം, മുൻഭർത്താവിന്റെ വിചാരണയ്ക്ക് തുടക്കം
എഐ മനുഷ്യനെ കീഴടക്കുമോ? മൈക്രോസോഫ്റ്റിന്റെ നിർണായക നീക്കം