സ്വന്തം വീടിന് ചുറ്റും കാട് കയറി, പിഴയടക്കേണ്ടി വന്നത് ഒരുലക്ഷത്തിലധികം രൂപ

By Web TeamFirst Published Sep 28, 2022, 11:16 AM IST
Highlights

അനുവദിക്കപ്പെട്ട രണ്ട് മാസത്തിനുള്ളിൽ ഇയാൾ ഒന്നും തന്നെ ചെയ്തില്ല. ഒടുവിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകേണ്ടിയും വന്നു.

സ്വന്തം തോട്ടം കാട് കയറിയതിന് നമ്മൾ പണം അടക്കേണ്ടി വരുമോ? ഇവിടെ ഒരാൾക്ക് ഒരു ലക്ഷത്തിൽ കൂടുതൽ രൂപയാണ് അങ്ങനെ അടക്കേണ്ടി വന്നത്. ഒരു ദിവസം നോക്കിയപ്പോൾ 55 -കാരനായ റിച്ചാർഡ് മാർക്ലൂവിന് വിഗാൻ കൗൺസിലിൽ നിന്നും ഒരു നോട്ടീസ് വന്നു. മര്യാദയ്ക്ക് കാട് കയറിയിരിക്കുന്ന വീടിന്റെ ചുറ്റുമുള്ള പ്രദേശം വൃത്തിയാക്കിക്കൊള്ളണം എന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. 

​ഗ്രേറ്റർ മാഞ്ചസ്റ്ററിലാണ് സംഭവം. എന്തിനാണ് നോട്ടീസ് നൽകിയത് എന്നല്ലേ? അയൽക്കാരെല്ലാം കൂടി ഇയാൾക്കെതിരെ കൗൺസിലിൽ പരാതി നൽകി. നമ്മുടെ വീടും പരിസരവും എല്ലാം നല്ല വൃത്തിയാണ്. എന്നാൽ, അയൽക്കാരനായ റിച്ചാർഡിന്റെ വീട്ടുപരിസരം ആകെ കാട് കയറി കിടക്കുകയാണ്, അത് തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു പരാതി. 

റിച്ചാർഡിന് വീടിന് ചുറ്റും പൂന്തോട്ടത്തിലും ഉള്ള കാടുകൾ വെട്ടിമാറ്റാനും വീട്ടിലാകെ പടർന്നു കിടക്കുന്ന ഐവികൾ വെട്ടിമാറ്റാനും രണ്ട് മാസത്തെ സമയവും അനുവദിച്ചു. ഒപ്പം തന്നെ വീടൊക്കെ ഒന്ന് വൃത്തിയാക്കി പെയിന്റടിക്കാനും ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ, അനുവദിക്കപ്പെട്ട രണ്ട് മാസത്തിനുള്ളിൽ ഇയാൾ ഒന്നും തന്നെ ചെയ്തില്ല. ഒടുവിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകേണ്ടിയും വന്നു. അവിടെ ചെന്ന് ഞാൻ ഒന്നും ചെയ്തില്ല എന്ന് ഇയാൾ സമ്മതിച്ചു. കോടതി ചെലവും പരാതി കൊടുത്തവരുടെ ചെലവും എല്ലാം കൂടി £1402 (1,22,391.05) റിച്ചാർഡിന് അടക്കേണ്ടി വന്നു. 

ഇതാദ്യമായിട്ടല്ല അയൽക്കാരുടെ തോട്ടത്തിൽ കാട് വളർന്നതിന്റെ പേരിൽ ആളുകൾക്ക് നടപടി എടുക്കേണ്ടി വരുന്നത്. നേരത്തെ ഇതുപോലെ കെന്റിലും ഒരു സംഭവം ഉണ്ടായി. അന്ന് ഈ കാട്ടിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അയൽക്കാരെല്ലാം ചേർന്ന് ഒരു മതിൽ പണിയുകയായിരുന്നത്രെ. 

click me!