അച്ഛനൊപ്പം മീന്‍ പിടിക്കാന്‍ പോയി, ഒരു വയസുകാരനെ മുതല പിടിച്ചു, മൃതദേഹം പോലും കിട്ടിയില്ല

By Web TeamFirst Published Dec 8, 2022, 11:02 AM IST
Highlights

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുതലയുമായി നടത്തിയ പോരാട്ടത്തില്‍ കുട്ടിയുടെ പിതാവ് 45 -കാരനായ മൊഹരാത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

അച്ഛനൊപ്പം മീന്‍ പിടിക്കാന്‍ പോയ ഒരു വയസുകാരനെ മുതല പിടിച്ചു, ജഡം പോലും കണ്ടെത്താനായില്ല. മലേഷ്യയിലെ സാബാ നദിയിലാണ് ദാരുണമായ സംഭവമുണ്ടായത്. അച്ഛന്‍റെ കണ്‍മുന്നില്‍ വച്ചാണ് മുതല കുട്ടിയെ ആക്രമിച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ തന്നെ കൊണ്ട് കഴിയും വിധമെല്ലാം അച്ഛന്‍ ശ്രമിച്ചുവെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. 

അച്ഛനൊപ്പം മീന്‍ പിടിക്കാനായി നദിയിലെത്തിയ കുട്ടിയെ അപ്രതീക്ഷിതമായി മുതല ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് അച്ഛന്‍ ആകെ പരിഭ്രാന്തനായി. മുതലയുടെ വായില്‍ നിന്നും തന്‍റെ കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി ഇയാള്‍ ആവുന്നതും കഷ്ടപ്പെട്ടു. എന്നാല്‍, കുട്ടിയെ കടിച്ചെടുത്ത മുതല അവനുമായി വെള്ളത്തിലേക്ക് ഊളിയിടുകയായിരുന്നു. പിന്നീട്, അപകടത്തെ കുറിച്ച് ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. ഇതോടെ സാബാ വൈല്‍ഡ് ലൈഫ് ഡിപാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. പിന്നാലെ, ഫയര്‍ ഡിപാര്‍ട്‍മെന്‍റില്‍ നിന്നുമടക്കമുള്ളവരും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. എന്നാല്‍, എത്ര തെരഞ്ഞെിട്ടും കുട്ടിയെ ആക്രമിച്ച മുതലയേയോ കുഞ്ഞിന്‍റെ ജഡമോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുതലയുമായി നടത്തിയ പോരാട്ടത്തില്‍ കുട്ടിയുടെ പിതാവ് 45 -കാരനായ മൊഹരാത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ദേഹത്ത് നിരവധി കടിയേറ്റതിന്‍റെ പാടുകളും ഉണ്ട്. ഇയാളെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ മുതല കടിച്ചെടുത്ത് കൊണ്ടു പോകുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, ആരാണ് എങ്ങനെയാണ് ഈ വീഡിയോ പകര്‍ത്തിയത് എന്ന് അറിയില്ല. 

കുട്ടിയുടെ മൃതദേഹത്തിന് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. നാട്ടുകാരോട് ഉദ്യോഗസ്ഥര്‍ നദിയില്‍ ഇറങ്ങരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള നാട്ടുകാരുടെ ഉപജീവനമാര്‍ഗം പലപ്പോഴും നദിയെ ആശ്രയിച്ചായിരിക്കും. അതിനാല്‍ അവര്‍ക്ക് വെള്ളത്തിലിറങ്ങാതെ മാര്‍ഗമില്ല. എന്നാല്‍, നദിയില്‍ ഇപ്പോഴും ആ മുതല ഉണ്ടാവും അതിനാല്‍ ജാഗരൂകരായിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് ലഹദ് ദത്തു ഫയർ ആൻഡ് റെസ്‌ക്യൂ ഏജൻസിയുടെ തലവൻ സുംസോവ റഷീദ് പറഞ്ഞു. 

click me!