
വിദേശത്തുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് വെച്ചുപുലർത്തുന്ന മിഥ്യാധാരണകളെ എതിർത്തുകൊണ്ട് നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന റഷ്യൻ വനിത. ഭാഷയും വൃത്തിയും മുതൽ ആഘോഷങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ആചാരങ്ങൾ എന്നിവയെല്ലാം അവരുടെ പോസ്റ്റിൽ പരാമർശിക്കപ്പെടുന്നുണ്ട്. വളരെ വേഗത്തിൽ വൈറലായ ഈ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
പോസ്റ്റിൽ അവർ ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്;
ഇന്ത്യക്ക് ഒരു ഭാഷ മാത്രമേയുള്ളൂ - വിദേശീയരുടെ ഇടയിൽ പൊതുവിലുള്ള ഈ ധാരണയെ ഇന്ത്യയിൽ 22 ഔദ്യോഗിക ഭാഷകളും 121 പ്രധാനപ്പെട്ട ഭാഷകളും കൂടാതെ എണ്ണമറ്റ ചെറുഭാഷകളും സജീവമായി ഉപയോഗത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് യുവതി തിരുത്തിയത്.
ഇന്ത്യ വൃത്തിഹീനവും അരാജകത്വം നിറഞ്ഞതുമാണ് - ഇതിനെ അവർ എതിർത്തത് രാജ്യത്തിന് വ്യത്യസ്ത വശങ്ങളുണ്ട്, അത് വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു. ആധുനിക സേവനങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു ബട്ടൺ ക്ലിക്ക് ചെയ്താൽ, 5 മിനിറ്റിനുള്ളിൽ എല്ലാം നിങ്ങളുടെ വാതിൽക്കലെത്തും എന്നും പോസ്റ്റിൽ പറയുന്നു.
ആഘോഷങ്ങളെക്കുറിച്ച്- ദീപാവലി മാത്രമല്ല ഇവിടുത്തെ ഏക ഉത്സവം. ഓണം, നവരാത്രി, ഗണേശ ചതുർത്ഥി, ദസറ, ദുർഗാപൂജ തുടങ്ങി ഓരോ സംസ്ഥാനത്തിനും പ്രദേശത്തിനും അതിൻ്റേതായ തനത് ആഘോഷങ്ങളുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമ- ടോളിവുഡ് (തെലുങ്ക്), കോളിവുഡ് (തമിഴ്) പോലുള്ള വളർന്നുവരുന്ന പ്രാദേശിക സിനിമാ വ്യവസായങ്ങളെ അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കാലാവസ്ഥയും ഭൂമിശാസ്ത്രവും- മഞ്ഞും ഐസും നിറഞ്ഞ പ്രദേശങ്ങൾ മുതൽ മരുഭൂമികൾ വരെ ഇന്ത്യയിൽ വ്യാപിച്ചുകിടക്കുന്നുണ്ടെന്നും, അതിനർത്ഥം ഏതാണ്ട് എല്ലാത്തരം ഭൂപ്രകൃതികളും ഇവിടെ കാണാൻ കഴിയുമെന്നാണെന്നും അവർ ഊന്നിപ്പറഞ്ഞു.
ഇന്ത്യ ഒരു നല്ല വിനോദസഞ്ചാര കേന്ദ്രം അല്ല- താമസിക്കാൻ കഴിയുന്ന കൊട്ടാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി ലക്ഷ്വറി അനുഭവങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മറ്റ് സ്ഥലങ്ങളിൽ വളരെ വിരളമാണെന്നും അവർ അഭിപ്രായപ്പെട്ടു.
അമിതമായി തിരക്കുള്ള ട്രെയിനുകളും യാത്രകളും- ചില ട്രെയിനുകളിൽ തിരക്കുണ്ടെന്ന് അവർ സമ്മതിച്ചു, എന്നാൽ, വിവിധതരം ട്രെയിനുകളും ക്ലാസുകളും ഉണ്ട്. എല്ലാവർക്കും ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കുറച്ചുകൂടി പണം നൽകുകയാണെങ്കിൽ നിങ്ങൾക്ക് വളരെ സുഖകരമായ, മനോഹരമായ ഒരു യാത്ര ലഭിക്കും.
വിവാഹ രീതികൾ- എല്ലാ വിവാഹങ്ങളും അറേഞ്ച്ഡ് വിവാഹങ്ങളല്ല. തനിക്ക് ഇന്ത്യയിൽ അറിയാവുന്നവരിൽ 99% പേരും പ്രണയവിവാഹിതരാണെന്നും അവർ പറഞ്ഞു.
എന്തുകൊണ്ടാണ് ആളുകൾ ഇവിടെ താമസിക്കുന്നത്- തനിക്ക് അറിയാവുന്ന പലരും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് മറ്റൊരിടത്തും ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.
നിരവധിപ്പേരാണ് ഇന്ത്യയെ മനസിലാക്കിയതിന് യുവതിക്ക് നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്.