Savji Dholakia : 50 കോടിയുടെ ഹെലികോപ്റ്റര്‍ നാടിന് സമര്‍പ്പിച്ച് ഗുജറാത്തില്‍നിന്നും ഒരു പത്മശ്രീ ജേതാവ്!

Web Desk   | Asianet News
Published : Feb 05, 2022, 02:31 PM IST
Savji Dholakia : 50 കോടിയുടെ ഹെലികോപ്റ്റര്‍ നാടിന് സമര്‍പ്പിച്ച് ഗുജറാത്തില്‍നിന്നും ഒരു പത്മശ്രീ ജേതാവ്!

Synopsis

ജീവനക്കാര്‍ക്ക് ഫ്‌ളാറ്റുകളും കാറുകളും സമ്മാനം നല്‍കുന്ന ഗുജറാത്തി വജ്രവ്യാപാരി പത്മശ്രീ കിട്ടിയപ്പോള്‍ നാടിന് നല്‍കിയത് ഹെലികോപ്റ്റര്‍  

രാജ്യത്തെ നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ ഏറ്റുവാങ്ങിയ ഗുജറാത്തി വജ്രവ്യാപാരിയാണ് സാവ്ജി ധൊലാക്കിയ. സൂറത്തില്‍ താമസിക്കുന്ന ആ 59 കാരന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. 

എന്താണ് കാര്യമെന്നോ? 

 

പത്മശ്രീ വീട്ടിലെത്തിച്ച സാവ്ജിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കുടുംബം 50 കോടി രൂപയുടെ ഒരു ഹെലികോപ്റ്റര്‍ സമ്മാനമായി നല്‍കി. അദ്ദേഹമാകട്ടെ അത് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തിന് സംഭാവന ചെയ്തു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, മറ്റ് അടിയന്തിര സാഹചര്യങ്ങളിലും സൂറത്ത് നഗരത്തിന് ഇനി ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കാനാവും.  

സൂറത്തിലെ ജനങ്ങള്‍ക്ക് ഹെലികോപ്റ്ററുകള്‍ സമ്മാനിക്കാന്‍ അദ്ദേഹം വളരെക്കാലമായി ആഗ്രഹിച്ചതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇതൊന്നും അറിയാതെ കുടുംബാംഗങ്ങള്‍ സര്‍പ്രൈസായിട്ടാണത്രെ ഹെലികോപ്റ്റര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്. 

 

 

 

എന്തായാലും രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം അത് ദാനം ചെയ്യാന്‍ തീരുമാനിച്ചു. തന്റെ കുടുംബം തനിക്ക് ഇത്രയും വലിയ ഒരു സര്‍പ്രൈസ് നല്‍കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ധൊലാക്കിയ പറയുന്നു. 'എന്റെ കുടുംബം നല്‍കുന്ന ഒരു സമ്മാനവും  നിരസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇത് നാടിന്റെ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ തന്നെ നിശ്ചയിച്ചു,' അദ്ദേഹം പറഞ്ഞു.  

ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് സൂറത്തെങ്കിലും, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഓടാന്‍ സ്വന്തമായി ഒരു ഹെലികോപ്ടറില്ല. അതിനാലാണ് സൂറത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഇത് സമര്‍പ്പിച്ചത്. നിരവധി നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍, ഹെലികോപ്റ്റര്‍ അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഒരുപക്ഷേ, ഒരാഴ്ചയ്ക്കുള്ളില്‍ അത്‌ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കിട്ടിയാലുടന്‍ സൂറത്ത് വാസികള്‍ക്ക് ഹെലികോപ്റ്റര്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രമുഖ വജ്ര വ്യവസായിയാണ് സാവ്ജി. അദ്ദേഹത്തിന്റെ കമ്പനിയായ ഹരികൃഷ്ണ എക്സ്പോര്‍ട്ട്സിന് 6000 കോടിയിലധികം വാര്‍ഷിക വിറ്റുവരവുണ്ട്. അതിനിടെയാണ്, സാമൂഹ്യസേവനങ്ങളുടെ പേരില്‍ അദ്ദേഹം അറിയപ്പെടുന്നത്. ജലക്ഷാമമുള്ള സൗരാഷ്ട്ര മേഖലയില്‍ ജലസംരക്ഷണത്തിനും കുളങ്ങള്‍ കുഴിക്കുന്നതിനുമായി അദ്ദേഹം കോടികള്‍ ചെലവഴിച്ചിരുന്നു. അമ്രേലി ജില്ലയിലെ ലാത്തി താലൂക്കിലെ തന്റെ ജന്മനാട്ടില്‍ ഇതിനകം 75 -ലധികം കുളങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു കഴിഞ്ഞു. വിവിധ ഗ്രാമങ്ങളിലെ തരിശുകിടന്ന സര്‍ക്കാര്‍ ഭൂമിയിലാണ് ഈ കുളങ്ങളെല്ലാം നിര്‍മ്മിച്ചത്.  

അദ്ദേഹത്തിന്റെ കമ്പനിയില്‍ ആകെ 5,500 ജീവനക്കാരുണ്ട്. മികച്ച ജീവനക്കാര്‍ക്ക് അദ്ദേഹം വര്‍ഷംതോറും ആനുകൂല്യങ്ങള്‍ നല്‍കുന്ന പതിവുണ്ട്. 2018 -ലെ ദീപാവലിക്ക് തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് 600 കാറുകള്‍ സമ്മാനമായി നല്‍കി അദ്ദേഹം തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. ഇത് കൂടാതെ, 900 പേര്‍ക്ക് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം നല്‍കുകയുണ്ടായി. ഇതിനായി 50 കോടി രൂപയാണ് കമ്പനി നീക്കി വച്ചത്. 

2014 -ലും ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്കായി 700 ഫ്‌ളാറ്റുകളും 525 വജ്രാഭരണങ്ങളും സമ്മാനമായി സാവ്ജി നല്‍കിയിരുന്നു. 13-ാം വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച അദ്ദേഹം, കൈയില്‍ വെറും 12 രൂപയുമായാണ് സൂറത്തിലേയ്ക്ക് വണ്ടി പിടിച്ചത്. പക്ഷേ, ഇന്ന് അദ്ദേഹത്തിന് കോടികളുടെ ആസ്തിയുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്