
കുഞ്ഞുങ്ങളുമായി വിമാനത്തിൽ കയറുന്ന മാതാപിതാക്കൾക്ക് വലിയ ആശങ്ക അനുഭവപ്പെടാറുണ്ട്. കുഞ്ഞ് കരയുമോ, അത് മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുമോ, അവർ ദേഷ്യപ്പെടുമോ തുടങ്ങി അനേകം കാര്യങ്ങളായിരിക്കും അവർ ചിന്തിക്കുന്നത്. ചില യാത്രക്കാർക്കാണെങ്കിൽ കുഞ്ഞുങ്ങളെ വിമാനത്തിൽ കാണുന്നതേ ബുദ്ധിമുട്ടാണ്. എന്തായാലും, ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്ക് തങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന ഈ ദമ്പതികൾക്കും ചെറിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ, മറ്റ് യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാവാതെയിരിക്കാനുള്ള ചില മാർഗങ്ങളും അവർ സ്വീകരിച്ചു.
ഒരു യുവാവാണ് തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി വിമാനത്തിൽ കയറുന്നതിന് മുമ്പ് താൻ എങ്ങനെയാണ് തയ്യാറെടുപ്പുകൾ നടത്തിയത് എന്നതിനെ കുറിച്ച് റെഡ്ഡിറ്റിൽ പോസ്റ്റിട്ടിരിക്കുന്നത്. അതിൽ പറയുന്നത് കുഞ്ഞ് വിമാനയാത്രയിൽ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല. അതിനാൽ തന്നെ യാത്രക്കാർക്ക് അവർ കുറച്ച് സാധനങ്ങളടങ്ങിയ ഒരു കവർ സമ്മാനിക്കുകയായിരുന്നു എന്നാണ്.
ആ പാക്കറ്റിൽ ചോക്ലേറ്റുകൾ, ഇയർപ്ലഗുകൾ, മകനായ ജെറമിയയുടെ പേരിലുള്ള ഒരു കുറിപ്പ് എന്നിവയെല്ലാമാണ് ഉൾപ്പെട്ടിരുന്നത്. ഈ കുറിപ്പിന്റെ ചിത്രവും ഇയാൾ റെഡ്ഡിറ്റിൽ പങ്കുവച്ചിട്ടുണ്ട്.
തന്റെ പേര് ജെറെമിയ എന്നാണ്. തനിക്ക് ആറ് മാസമാണ് പ്രായം. ഇത് തന്റെ ആദ്യത്തെ വിമാന യാത്രയാണ്. ചിലപ്പോൾ താൻ വിമാനത്തിൽ നിന്നും കരഞ്ഞേക്കാം. അങ്ങനെയാണെങ്കിൽ ഈ ഇയർ പ്ലഗുകൾ ഉപയോഗിക്കാം. നിങ്ങളുടെ യാത്ര മധുരതരമാക്കാൻ ചോക്ലേറ്റുകളും ഉണ്ട് തുടങ്ങിയ കാര്യങ്ങളാണ് പാക്കറ്റിലുണ്ടായിരുന്ന കുറിപ്പിൽ എഴുതിയിരിക്കുന്നത്. അടുത്ത തവണത്തേക്ക് താൻ കുറച്ച് കൂടി നന്നായി പെരുമാറും എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.
എന്തായാലും, റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാടുപേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. വളരെ നല്ലൊരു കാര്യമാണ് യുവാവ് ചെയ്തത് എന്ന് പലരും കമന്റ് നൽകി.
വിദേശിയെയും കൂട്ടി നാട് കാണാനിറങ്ങി, നാണം കെട്ടുപോയി; യുവാവിന്റെ കുറിപ്പിന് പിന്നാലെ ചർച്ച