
സോഷ്യൽ മീഡിയയിൽ എല്ലാത്തിനും ഉത്തരമുണ്ട്. നിരവധി ടിപ്പുകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തുന്നത്. അതുപോലൊരു ടിപ്പ് വിമാനയാത്രയിൽ ഉപയോഗിച്ച യാത്രക്കാരനെ ബാൻ ചെയ്തു. സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡായ ടിപ്പാണ് യാത്രക്കാരനുപയോഗിച്ചത്. വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന ലഗേജിന് ഒരു പരിധിയുണ്ട് അല്ലേ? ആ പരിധിക്കപ്പുറം ഭാരം നമുക്ക് കൊണ്ടുപോകാൻ സാധിക്കില്ല. അവിടെയാണ് ഈ ഹാക്ക് വൈറലായി മാറിയത്.
അധികം പണം നൽകാതെ തന്നെ കൂടുതൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി വസ്ത്രങ്ങൾ തലയിണയിൽ ഒളിപ്പിക്കുക എന്നതാണ് വൈറലായ ഈ ടിപ്പ്. കുഷ്യനല്ലേ എന്ന് കരുതി വിമാനത്തിലെ ജീവനക്കാർ അത് കാര്യമാക്കില്ല എന്നാണ് ടിക്ടോക്ക് യൂസർമാർ പറയുന്നത്. നിരവധിപ്പേർ ഇതെങ്ങനെ ചെയ്യാം എന്നതിന്റെ വീഡിയോയും പങ്കിട്ടിരുന്നു. അത്തരം വീഡിയോകളിൽ ആളുകൾ കുഷ്യൻ കവറുകൾ തുറന്ന് അതിലേക്ക് തുണികളും മറ്റും തിരുകുന്നത് കാണാം.
എന്തായാലും, ആ വൈറൽ പാക്കിംഗ് ഹാക്ക് ഒരു യാത്രക്കാരൻ അതുപോലെ പരീക്ഷിച്ചു. എന്നാൽ, സെക്യൂരിറ്റി ജീവനക്കാർ ഇയാളെ തടയുകയായിരുന്നു. പിന്നാലെ ജീവനക്കാർ പൊലീസിനെയും വിളിച്ചു. അടുത്തിടെ ഫ്ലോറിഡയിലെ ഒർലാൻഡോ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ഗേറ്റ് 17 -ലാണ് സംഭവം നടന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ആ സമയത്ത് എയർപോർട്ടിലുണ്ടായിരുന്ന നതാഷ എന്ന യുവതി സംഭവം ഫോണിൽ പകർത്തുകയും ടിക് ടോക്കിൽ ഇതേക്കുറിച്ച് ഷെയർ ചെയ്യുകയും ചെയ്തു. അവൾ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ നതാഷ പറയുന്നത് സോഷ്യൽ മീഡിയയെ ഇത്തരം ടിപ്പുകൾക്കും സൂത്രങ്ങൾക്കും വേണ്ടി ആശ്രയിക്കുന്നതും അതുപോലെ ചെയ്യുന്നതും അവസാനിപ്പിക്കണം എന്നാണ്. ഇയാൾ കൊണ്ടുവന്ന തലയണ കണ്ടാൽ അത് വെറും തലയണല്ല എന്ന് വ്യക്തമായിരുന്നു എന്നും നതാഷ പറയുന്നു.
ഈ യാത്രക്കാരനോട് ജീവനക്കാർ അധികം ലഗേജിന് പണം നൽകിയാൽ പോകാമെന്ന് പറഞ്ഞെങ്കിലും ഇയാൾ അത് സമ്മതിച്ചിരുന്നില്ല, തുടർന്നാണ് പൊലീസ് വന്നത് എന്നും നതാഷ പറയുന്നു. എന്തായാലും, നതാഷ പങ്കുവച്ച വീഡിയോ ശ്രദ്ധിക്കപ്പെട്ടു. എയർപോർട്ടിൽ ഇമ്മാതിരി വേലയിറക്കരുത്. 'നോ ഫ്ലൈ ലിസ്റ്റി'ൽ പെട്ടാൽ കാര്യം പോക്കാണ് എന്നാണ് പലരും പറഞ്ഞത്.