കുഞ്ഞ് ജനിച്ചാൽ അച്ഛനും അവധി, കൂടാതെ 'ബേബി ബോണസ്'; ജനനനിരക്ക് കൂട്ടാൻ സിം​ഗപ്പൂരിൽ സഹായവുമായി സർക്കാർ‌

Published : Feb 24, 2023, 02:16 PM IST
കുഞ്ഞ് ജനിച്ചാൽ അച്ഛനും അവധി, കൂടാതെ 'ബേബി ബോണസ്'; ജനനനിരക്ക് കൂട്ടാൻ സിം​ഗപ്പൂരിൽ സഹായവുമായി സർക്കാർ‌

Synopsis

2013 മുതൽ ആണ് സിംഗപ്പൂരിൽ പിതൃത്വ അവധി നൽകി തുടങ്ങിയത്. എന്നാൽ ഇപ്പോഴും ഭൂരിഭാഗം പുരുഷന്മാരും ഈ അവധിയെടുക്കാൻ തയ്യാറല്ല. കുട്ടികളെ പരിപാലിക്കുന്നത് അമ്മമാരുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന കാഴ്ചപ്പാടാണ് രാജ്യത്തെ ഭൂരിഭാഗം പുരുഷന്മാർക്കും ഉള്ളത്.

എല്ലാവിധത്തിലും അഭിവൃദ്ധി പ്രാപിച്ച രാജ്യമാണ് സിംഗപ്പൂർ എങ്കിലും ഇന്ന് വലിയൊരു വെല്ലുവിളിയെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ സർക്കാർ. കാര്യം മറ്റൊന്നുമല്ല ഇവിടുത്തെ ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞതാണ് ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോൾ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സർക്കാർ. പതിറ്റാണ്ടുകളായി കുറഞ്ഞ ജനനനിരക്ക് അനുഭവിക്കുന്ന രാജ്യത്ത് ഇപ്പോൾ ഒരു സ്ത്രീക്ക് 1.14 കുട്ടികൾ മാത്രമാണ് ഉള്ളത്. 

ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിതൃത്വ അവധി (paternity leave) ദിനങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സർക്കാർ. ഒരു കുഞ്ഞിൻറെ വരവിൽ അമ്മയോടൊപ്പം തന്നെ അച്ഛനും കൂടുതൽ സമയം ചെലവഴിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു നടപടി ആസൂത്രണം ചെയ്തിരിക്കുന്നത്.  ഇത് അമ്മയാകുന്ന സ്ത്രീകൾക്ക് വലിയ സഹായം ആകും എന്നാണ് സർക്കാർ നിരീക്ഷിക്കുന്നത്. 2024 ജനുവരി ഒന്നു മുതൽ ഈ പരിഷ്കാരം നടപ്പിലാക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രണ്ടാഴ്ചയാണ് തൊഴിലാളികൾക്ക് പിതൃത്വ അവധി നൽകുന്നത്. ഇത് നാലാഴ്ചയായി വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം സിംഗപ്പൂർ ധനമന്ത്രി ലോറൻസ് വോങ് നൽകി കഴിഞ്ഞു.

2013 മുതൽ ആണ് സിംഗപ്പൂരിൽ പിതൃത്വ അവധി നൽകി തുടങ്ങിയത്. എന്നാൽ ഇപ്പോഴും ഭൂരിഭാഗം പുരുഷന്മാരും ഈ അവധിയെടുക്കാൻ തയ്യാറല്ല. കുട്ടികളെ പരിപാലിക്കുന്നത് അമ്മമാരുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന കാഴ്ചപ്പാടാണ് രാജ്യത്തെ ഭൂരിഭാഗം പുരുഷന്മാർക്കും ഉള്ളത്. ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിഷ്കാരം നടപ്പിലാക്കാൻ പ്രധാനമന്ത്രി ലീ സിയാൻ ലൂങ് തീരുമാനിച്ചത്. 

പുരുഷന്മാർ തങ്ങളുടെ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസ്ഥ മാറി കുടുംബാംഗങ്ങൾക്ക് കൂടി വേണ്ടി സമയം ചെലവഴിച്ചാൽ മാത്രമേ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് ചെറിയൊരു പരിഹാരം എങ്കിലും കണ്ടെത്താൻ സാധിക്കൂ എന്നാണ് സർക്കാർ കരുതുന്നത്. അതുകൊണ്ടുതന്നെ നാലാഴ്ചത്തെ പിതൃത്വ അവധി 2024 ജനുവരി മുതൽ അച്ഛനാകാൻ പോകുന്ന എല്ലാ പുരുഷന്മാരും നിർബന്ധമായും എടുക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ഇതുകൂടാതെ ഇനിമുതൽ ജനിക്കാൻ പോകുന്ന എല്ലാ കുട്ടികൾക്കും ബേബി ബോണസ്  എന്ന പേരിൽ സാമ്പത്തിക ആനുകൂല്യം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു