രണ്ടാൾക്കും ജോലി, മാസം 4.5 ലക്ഷം രൂപ വരുമാനം, എന്നിട്ടും ഭർത്താവിന് പിശുക്ക്; ഉപദേശം തേടി ഭാര്യ

Published : Sep 01, 2026, 10:14 PM IST
penny pinching habit

Synopsis

വീട്ടുകാർ ഉറപ്പിച്ച വിവാഹങ്ങളിലൂടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന ശമ്പളവും സമ്പാദ്യവും മാത്രം നോക്കരുതെന്നും, അത് നല്ലൊരു ജീവിതശൈലി ഉറപ്പു നൽകുന്നില്ലെന്നും യുവതി ഓർമ്മിപ്പിക്കുന്നു.

പ്രതിമാസം ലക്ഷങ്ങൾ സമ്പാദിച്ചിട്ടും ഭർത്താവിന്റെ അമിതമായ പിശുക്ക് കാരണം ജീവിതം ആസ്വദിക്കാൻ കഴിയുന്നില്ലെന്ന ഭാര്യയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ഭർത്താവിന്റെ പണം പൂഴ്ത്തിവെക്കുന്ന സ്വഭാവം കാരണം മാനസികമായി ബുദ്ധിമുട്ടുകയാണെന്ന് കാണിച്ച് ഒരു യുവതി പങ്കുവെച്ച സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. 'ജീവിതം ആസ്വദിക്കുന്നതിന് പകരം പണം പൂഴ്ത്തിവെക്കാൻ ഇഷ്ടപ്പെടുന്ന ഭർത്താവ്' എന്ന ടൈറ്റിലിലാണ് യുവതി തങ്ങളുടെ കഥ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് പ്രതിമാസം 1.5 ലക്ഷം രൂപയും ഭർത്താവിന് 3 ലക്ഷം രൂപയും ശമ്പളമുണ്ടെന്ന് യുവതി പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇരുവർക്കും കൂടി പ്രതിമാസം 4.5 ലക്ഷം രൂപയുടെ വരുമാനമുണ്ടായിട്ടും സാമ്പത്തികമായി യാതൊരു സന്തോഷവും അനുഭവിക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

ഭാവിയെ കരുതി വീട് വാങ്ങുന്നത് 5 മുതൽ 7 വർഷത്തേക്ക് നീട്ടിവെക്കുന്നതിലും, ആഡംബര കാറുകൾക്ക് പകരം ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന സാധാരണ കാർ തിരഞ്ഞെടുക്കുന്നതിലും തനിക്ക് എതിർപ്പില്ലെന്ന് യുവതി പറയുന്നു. എന്നാൽ യാത്രകൾ പോകുന്ന കാര്യത്തിൽ ഭർത്താവ് കാണിക്കുന്ന അമിതമായ വിമുഖതയാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഭർത്താവിന്റെ കുടുംബവും പച്ചക്കറി വാങ്ങുന്നതിലും വിവാഹങ്ങൾക്കുമൊക്കെ സമാനമായ രീതിയിലാണ് പണം ചെലവഴിക്കാറുള്ളതെന്നും, കുട്ടിക്കാലം മുതലേയുള്ള ഈ അന്തരീക്ഷമാകാം അദ്ദേഹത്തിന്റെ ചിന്താഗതിക്ക് പിന്നിലെന്നും യുവതി കരുതുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നതിനാൽ, അതിനുശേഷം ദീർഘദൂര യാത്രകൾ സാധ്യമായേക്കില്ലെന്നും ഇപ്പോഴെങ്കിലും യാത്രകൾക്കായി പണം ചെലവഴിക്കാൻ ഭർത്താവ് തയ്യാറാകണമെന്നുമാണ് യുവതിയുടെ നിലപാട്.

വീട്ടുകാർ ഉറപ്പിച്ച വിവാഹങ്ങളിലൂടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന ശമ്പളവും സമ്പാദ്യവും മാത്രം നോക്കരുതെന്നും, അത് നല്ലൊരു ജീവിതശൈലി ഉറപ്പു നൽകുന്നില്ലെന്നും യുവതി ഓർമ്മിപ്പിക്കുന്നു. പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് പിന്തുണയും ഉപദേശങ്ങളുമായി രംഗത്തെത്തിയത്. കുട്ടിക്കാലത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉണ്ടാകുന്ന 'സ്കാർസിറ്റി മൈൻഡ്സെറ്റ്' ആകാം ഭർത്താവിന്റെ ഈ ഭയത്തിന് കാരണമെന്നാണ് ഭൂരിഭാഗം പേരുടെയും വിലയിരുത്തൽ. കൃത്യമായ സാമ്പത്തികാസൂത്രണം ഇല്ലാത്തതാണ് ഇത്തരമൊരു സ്ഥിതിക്ക് കാരണമെന്നും, വിരമിക്കൽ കാലത്തേക്കും വീട് വാങ്ങുന്നതിനുമുള്ള കൃത്യമായ ബജറ്റ് മാറ്റിവെച്ച ശേഷം ബാക്കി തുക വിനോദങ്ങൾക്കായി ചെലവഴിക്കാൻ ഭർത്താവുമായി സംസാരിച്ച് ധാരണയിലെത്തണമെന്നും ആളുകൾ ഉപദേശിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭക്ഷണത്തിൽ ജീവനുള്ള പുഴു, പോസ്റ്റുമായി യുവതി, ഖേദം പ്രകടിപ്പിച്ച് ഉടമ
രാവിലെ 9 മണിവരെ ഉറങ്ങിയാൽ മടിയനും അലസനുമാകുമോ? അതിരാവിലെ എഴുന്നേൽക്കുന്നത് നേട്ടമാണോ? പോസ്റ്റ്