അയ്യയ്യേ, ഇതെന്തോന്നിത്; മാമ്പഴ ഫെസ്റ്റിവൽ കഴിയാൻ നിന്നില്ല, എല്ലാം കൂടി വാരിയെടുത്ത് ഓടി ജനങ്ങൾ

Published : Jul 09, 2025, 07:45 PM IST
mango festival

Synopsis

ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നതും കിട്ടുന്ന മാങ്ങയെല്ലാം പെറുക്കി എടുക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.

നല്ല രീതിയിൽ തുടങ്ങിയ ഒരു മാമ്പഴ ഫെസ്റ്റിവൽ ആകെ അലങ്കോലമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജൂലൈ 4 മുതൽ 6 വരെ അവധ് ശിൽപ്ഗ്രാമിൽ നടന്ന വാർഷിക ലഖ്‌നൗ മാമ്പഴ ഫെസ്റ്റിവലാണ് ആകെ അലങ്കോലമായത്.

മാമ്പഴ പ്രദർശനത്തിൽ വച്ചിരുന്ന മാമ്പഴങ്ങൾ കാണാൻ സന്ദർശകർ ഇഷ്ടം പോലെ വന്നിരുന്നു. എന്നാൽ, പിന്നീട് അവർ ആ വിലയേറിയ മാമ്പഴങ്ങൾ ബാഗുകളിലും ദുപ്പട്ടകളിലും സാരികളിലും പോക്കറ്റുകളിലും ഒക്കെ വാരി കുത്തി നിറച്ച് കൊണ്ടുപോവുന്ന കാഴ്ചയാണ് കണാനായത്. ഇതിന്റെ വീഡിയോയും പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

 

ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നതും കിട്ടുന്ന മാങ്ങയെല്ലാം പെറുക്കി എടുക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ഉത്തർപ്രദേശ് ഹോർട്ടികൾച്ചർ വകുപ്പാണ് ഈ മാമ്പഴ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത മൂന്ന് ദിവസത്തെ പരിപാടിയിൽ ദസറി, ലാൻഗ്ര, ചൗൻസ, അൽഫോൻസോ തുടങ്ങിയ പ്രശസ്തമായ മാങ്ങ ഉൾപ്പെടെ 800 -ലധികം ഇനം മാമ്പഴങ്ങളാണ് പ്രദർശിപ്പിച്ചത്. സാംസ്കാരിക പ്രകടനങ്ങൾ, മാമ്പഴം തീറ്റ മത്സരം, മാമ്പഴ കൃഷിയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയും പരിപാടിയിൽ ഉണ്ടായിരുന്നു. കവി കുമാർ വിശ്വാസ്, ഭോജ്പുരി താരം പവൻ സിംഗ് എന്നിവരെല്ലാം പങ്കെടുത്ത പരിപാടി ആയിരുന്നു ഇത്.

എന്നാൽ, ജൂലൈ ആറിന് പരിപാടിയുടെ ഔദ്യോ​ഗികമായ സമാപനം കഴിഞ്ഞതോടെ ആളുകളെല്ലാം സ്റ്റാളിലേക്ക് ഇരച്ചു കയറുകയും മാങ്ങകൾ കൈവശപ്പെടുത്തുകയുമായിരുന്നു. വീഡിയോയിൽ ആളുകൾ മാങ്ങകൾ കൈവശപ്പെടുത്തുന്നത് കാണാം. വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. എന്തൊരു പൗരബോധമില്ലാത്ത ജനങ്ങളാണ് എന്നാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ