
നായയുമായി വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിയതാണ് ഡോർസെറ്റിൽ നിന്നുള്ള വിക്ടോറിയ നോർത്ത്‍വുഡ്. എന്നാൽ, ഡോക്ടർ പറഞ്ഞ കാര്യം കേട്ട് അവരാകെ ഞെട്ടിപ്പോയി. നിങ്ങളുടെ പഗ്ഗിന്റെ വയറ്റിൽ നിറയെ ഹെയർബാൻഡാണ് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. 200 ഗ്രാം ഹെയർബാൻഡാണത്രെ നായ അകത്താക്കിയത്.
ഹാം എന്ന് പേരുള്ള രണ്ട് വയസ്സുള്ള നായയാണ് ഇത്രയധികം ഹെയർബാൻഡുകൾ അകത്താക്കിയത്. പതിവില്ലാത്തവിധം ശാന്തമായും, അധികം അനക്കമില്ലാതെയുമിരിക്കുന്ന ഹാമിനെ കണ്ട് സംശയം
തോന്നിയാണ് വിക്ടോറിയ അവളെ ഡോക്ടറുടെ അടുത്തെത്തിച്ചത്. എന്നാൽ, വെറ്ററിനറി ഡോക്ടർ കണ്ടെത്തിയ കാര്യമറിഞ്ഞപ്പോൾ താനാകെ ഞെട്ടിപ്പോയി എന്നാണ് അവൾ പറയുന്നത്. എന്നാലും എന്റെ ഹാമേ എങ്ങനെ നിനക്കിത് സാധിച്ചു എന്നായിരുന്നു അവളുടെ അത്ഭുതം.
സാധാരണയായി വീടിന്റെ മുന്നിലൂടെ ആര് കടന്നുപോയാലും കുരച്ചു കൊണ്ടിരിക്കുക എന്നതായിരുന്നു ഹാമിന്റെ സ്വഭാവം. എന്തിന്, മനുഷ്യർ തന്നെ വേണം എന്നില്ല. ഒരു ഇല അനങ്ങിയാൽ പോലും ഹാം അതിന് നേരെ കുരച്ചു ചാടുമായിരുന്നു. എന്നാൽ, പതിവില്ലാത്ത വിധം ആകെ ചടഞ്ഞിരിക്കുന്ന ഹാമിനെ കണ്ടപ്പോൾ വീട്ടുകാർക്ക് അതിശയമായി. അങ്ങനെയാണ് അവർ ഹാമിനെ മൃഗഡോക്ടറെ കാണിക്കുന്നത്. എന്നാൽ, അതിന്റെ വയറ്റിൽ കണ്ടെത്തിയ ഹെയർബാൻഡുകളുടെ എണ്ണം കണ്ടപ്പോൾ വീട്ടുകാരുടെ കണ്ണുതള്ളിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ?
ഹാമിനെ പരിശോധിച്ച ന്യൂട്ടൺ ക്ലാർക്ക് വെറ്ററിനറി സർജറിയിലെ സംഘം പറഞ്ഞത് അവളുടെ വയറ്റിൽ അസാധാരണമായ എന്തോ ഒന്നുണ്ട് എന്നാണ്. അവസാനമാണ് ഈ അസാധാരണമായ സംഗതി 200 ഗ്രാം വരുന്ന ഹെയർബാൻഡുകളാണ് എന്ന് കണ്ടെത്തുന്നത്. ഏകദേശം 50 നും 60 നും ഇടയിൽ ഹെയർബാൻഡുകളാണ് ഹാമിന്റെ വയറ്റിൽ നിന്നും നീക്കം ചെയ്തത്.
ഏതായാലും ഹാം ഇപ്പോൾ വയറൊക്കെ ക്ലീൻ ചെയ്ത് ഉഷാറായി വീട്ടിൽ തിരികെ എത്തിയിട്ടുണ്ട്. അവൾക്ക് ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം എന്നാണ് ഇപ്പോൾ വിക്ടോറിയ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം