
നമുക്ക് ദിനോസറുകളെ കണ്ട് പരിചയം ഒന്നുമില്ല. എന്നാൽ, കേട്ട് പരിചയമുണ്ട് താനും. ഒരുകാലത്ത് ഇവിടം വിറപ്പിച്ചിരുന്ന ഭീകരരായിട്ടാണ് നാമവയെ കാണുന്നത്. എത്രയോ മില്ല്യൺ വർഷങ്ങൾക്ക് മുമ്പ് തന്നെ അവയ്ക്ക് വംശനാശം സംഭവിക്കുകയും ചെയ്തു. എന്നാൽ, ജപ്പാനിലെ ഗവേഷകർ ഇപ്പോൾ പുതിയ ഒരിനം ദിനോസറുകളെ കുറിച്ച് മനസിലാക്കിയിരിക്കയാണ്. വേറെയൊന്നുമല്ല, ചെടികൾ കഴിച്ച് ജീവിച്ചിരുന്ന സസ്യഭുക്കുകളായിട്ടുള്ള ദിനോസറുകളെ.
'Paralitherizinosaurus japonicus' എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. ഏകദേശം 72 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അന്ത്യ ക്രിറ്റേഷ്യസ് യുഗത്തിൽ ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസർ സ്പീഷീസാണിത്. Therizinosauridae എന്ന് വിളിക്കപ്പെടുന്ന ചെറുതും വലുതുമായ സസ്യഭുക്കുകളുടെ ഒരു കുടുംബത്തിൽ പെട്ടതാണ് ഇവ എന്നാണ് ഗവേഷകർ പറയുന്നത്. ഇത് മാത്രമല്ല, ജപ്പാന്റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ഗവേഷകർ രണ്ട് ഇനങ്ങളെ കൂടി കണ്ടെത്തി. ഇന്നർ മംഗോളിയയിൽ നിന്നുള്ള അലക്സാസറുകളും ഗാൻസു പ്രവിശ്യയിൽ നിന്നുള്ള സുഷോസോറസുമാണവ.
ചൈനയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിയോണിംഗ് പ്രവിശ്യയിലെ ജെഹിൽ ഗ്രൂപ്പിൽ നിന്ന് മറ്റ് ചൈനീസ് സ്പീഷീസുകളായ ജിയാൻചാൻഗോസോറസ്, ബെയ്പിയോസോറസ്, ലിംഗ്യുവാനോസോറസ് എന്നിവയുടെ ഫോസിലുകളും കണ്ടെടുത്തിരുന്നു. തെറിസിനോസറുകളുടെ ശിഥിലമായ ഫോസിലുകൾ ജപ്പാനിൽ നിന്നാണ് കണ്ടെടുത്തത് എങ്കിലും, ഈ ദിനോസറുകളുടെ ടാക്സോണോമിക് സ്റ്റാറ്റസ് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ അറ്റത്ത് അത്തരം ഫോസിലുകൾ കണ്ടെത്തിയതായി അവർ വിശദീകരിക്കുന്നു.
മംഗോളിയയിലെയും ചൈനയിലെയും ക്രിറ്റേഷ്യസ് നിക്ഷേപങ്ങളിൽ നിന്നാണ് പ്രധാനമായും തെറിസിനോസറുകൾ കണ്ടെത്തിയതെന്ന് ഹോക്കൈഡോ യൂണിവേഴ്സിറ്റി മ്യൂസിയം പാലിയന്റോളജിസ്റ്റ് യോഷിത്സുഗു കൊബയാഷിയും സഹപ്രവർത്തകരും പറഞ്ഞു. ജപ്പാനിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തെറിസിനോസർ കൂടിയാണ് ഈ ഇനം.
സയന്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.