കവിത കൈവിടാനാവാത്ത മഹാകവി, വിഷ്ണു നാരായണൻ നമ്പൂതിരി ഓർമ്മയാവുമ്പോൾ

By Web TeamFirst Published Feb 25, 2021, 5:05 PM IST
Highlights

. അച്ഛന്‍റെ എണ്‍പതാം പിറന്നാളിന് തന്നെയാണ് മകള്‍ അദിതി 'വൈകിയോ ഞാന്‍' എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശനം നടത്തിയത്. 

'താനീ ലോകത്തില്‍ ജീവിച്ചിരിക്കുന്നുവെന്നതില്‍ കവിഞ്ഞ് ഒരു അത്ഭുതമില്ല' എന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി. എന്നാല്‍, ആ അത്ഭുതത്തിന് വിരാമമിട്ട് പ്രിയപ്പെട്ട കവി ഇന്ന് മരണത്തിന് കീഴടങ്ങി. പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത് 2014 -ലാണ്. എഴുത്തച്ഛന്‍ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, രണ്ട് തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം എന്നിവയെല്ലാം തേടിയെത്തിയ കവിയായിരുന്നു അദ്ദേഹം. സാംസ്കാരിക ലോകത്തും അദ്ദേഹം സജീവമായുണ്ടായിരുന്നു. ഒപ്പം കവിതയിലും ജീവിതത്തിലും പ്രകൃതിയോടുള്ള സ്നേഹം എന്നും കാത്തുസൂക്ഷിക്കാനും വിഷ്ണു നാരായണന്‍ നമ്പൂതിരി ശ്രമിച്ചിരുന്നു. 

അവസാന കാലത്ത് മറവി കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും കവിതയെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചു അദ്ദേഹത്തിലെ കവി. തൈക്കാടിലെ ശ്രീവല്ലി വീട്ടില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അച്ഛനുവേണ്ടി മകള്‍ അദിതി ഇടയ്ക്കിടെ കവിത ചൊല്ലിക്കൊടുക്കുന്നുണ്ടായിരുന്നു. 

എങ്ങിനെ നീയെന്‍ പടിവാതിലിലെ 
ചങ്ങല നീക്കിപ്പോന്നു 
ആരു നിനക്കെന്‍ കള്ളറയുടെ
കിളിവാതില്‍ തുറന്നേ തന്നൂ

എന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരി തന്നെ രചിച്ച 'ശ്രാവണഗായിക'യിലെ വരികള്‍ മകള്‍ പാടുമ്പോള്‍ ചില വരികള്‍ കവിയും ഓര്‍ത്തെടുത്തു. കവിതകളില്‍ മറവിപോലും മറഞ്ഞുപോവുന്ന നിമിഷം. അച്ഛന്‍റെ എണ്‍പതാം പിറന്നാളിന് തന്നെയാണ് മകള്‍ അദിതി 'വൈകിയോ ഞാന്‍' എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശനം നടത്തിയത്. അച്ഛന് മകളുടെ പിറന്നാള്‍ സമ്മാനം. അതിലെ ഓരോ വാക്കുകളും വൈകിയോ ഞാനെന്ന അച്ഛനോടുള്ള ചോദ്യം കൂടിയാണെന്ന് മകള്‍.

ഞാന്‍ പുസ്തകത്തിന് നല്‍കിയ പേര് തന്നെ വൈകിയോ ഞാന്‍ എന്നാണ്. അതിലെ ഓരോ പേജ് എഴുതുമ്പോഴും മനസിലുണ്ടായിരുന്നൊരു തോന്നലാണത്. കാരണം ഒരു പേജ് പോലും വായിക്കാനോ, വായിച്ച് കേള്‍ക്കാനോ, തിരുത്താനോ ആ ഒരു മാനസികാവസ്ഥയില്‍ അച്ഛനല്ലാതായിക്കഴിഞ്ഞപ്പോഴാണ് എനിക്ക് എഴുതാന്‍ തോന്നിയെന്നുള്ളത് ഒരു വിഷമമായിത്തന്നെ നില്‍ക്കുന്നുണ്ട് -എന്നാണ് അന്ന് അദിതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

മകളായ അപര്‍ണയും അന്ന് അച്ഛനൊരു സമ്മാനം നല്‍കി. അതും അദ്ദേഹത്തിനേറെയിഷ്ടമുള്ള സമ്മാനം തന്നെ -കഥകളി. കഥകളി നിന്നെക്കൊണ്ട് പറ്റുമെന്ന് പറഞ്ഞ് ആ വഴിക്ക് തന്നെ നടത്താനൊരുപാട് പ്രോത്സാഹിപ്പിച്ചത് അച്ഛനാണെന്ന് മകള്‍ അപര്‍ണയും അന്ന് പറയുകയുണ്ടായി. ഇന്ന് തൈക്കാടുള്ള വീട്ടില്‍വച്ച് കവി മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ആ മരണം മലയാളത്തിന് വലിയ വേദന തന്നെയാണ്.

click me!