വയസ് ഏഴ്, ഇതുവരെ നട്ടത് 13,000 തൈകൾ, ലക്ഷ്യം ഒരുലക്ഷം മരങ്ങൾ

By Web TeamFirst Published Dec 2, 2020, 3:47 PM IST
Highlights

മരങ്ങള്‍ നടാനുള്ള പണം കണ്ടെത്തുന്നതിനായി അവള്‍ പേപ്പര്‍ പെന്‍സിലുകളും ബുക്ക് മാര്‍ക്കുകളും മറ്റും വില്‍ക്കുന്നു. ഒപ്പം ക്രൗഡ് ഫണ്ടിംഗിലൂടെയും പണം കണ്ടെത്തുന്നു. 

തമിഴ് നാട്ടിലുള്ള ഏഴ് വയസുകാരി പ്രസിദ്ധി സിങ് ഇതുവരെ നട്ടത് 13,000 മരങ്ങളാണ്. തന്റെ ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്നാണ് പ്രസിദ്ധി പറയുന്നത്. ഒരുലക്ഷം മരങ്ങൾ നടുകയെന്നതാണ് അവളുടെ ലക്ഷ്യം. കൂട്ടുകാരോടൊപ്പം ചേര്‍ന്ന് സംസ്ഥാനത്ത് 12 പഴക്കാടുകള്‍ തന്നെയുണ്ടാക്കിക്കഴിഞ്ഞു പ്രസിദ്ധി. ഭൂമിയുടെ പച്ചപ്പ് വര്‍ധിപ്പിക്കുക എന്നതാണ് പ്രസിദ്ധിയുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. രണ്ടാമത്തെ വയസില്‍ വീട്ടില്‍ മുളക് നട്ടത് പ്രസിദ്ധി ഓര്‍ക്കുന്നുണ്ട്. ഇന്നവള്‍ മരം നട്ടുപിടിപ്പിക്കുന്നു. മുറ്റത്തും തൊടിയിലുമെല്ലാം മരങ്ങള്‍ നടുന്നതോടൊപ്പം ഒരു ഔഷധസസ്യത്തോട്ടവും പ്രസിദ്ധിക്കുണ്ട്. 

2016 -ലെ വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരുപാട് മരങ്ങള്‍ നശിച്ചു. ഇതേത്തുടര്‍ന്നാണ് അവള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിക്കുന്നത്. എപ്പോഴും മരം നടുകയും അവയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതിന് കൂട്ടുകാരെല്ലാം അവളെ കളിയാക്കാറുണ്ടായിരുന്നു. അവളുടെ കയ്യിലെപ്പോഴും ചെളിയായിരിക്കും എന്നെല്ലാം അവര്‍ പറയും. എന്നാല്‍, പിന്നീട് അവര്‍ അവളുടെ തോട്ടത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചു തുടങ്ങി. അതോടെ കളിയാക്കല്‍ നിന്നുവെന്ന് മാത്രമല്ല, അവരും അവളോടൊപ്പം കൂടി. ചെടികള്‍ നടാനും പേപ്പര്‍ പെന്‍സിലുകളും മറ്റും വിറ്റ് മരം നടുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനും അവര്‍ അവളെ സഹായിക്കുന്നുമുണ്ടിപ്പോള്‍. 

സ്‌കൂളില്‍ അവള്‍ 100 മരങ്ങളുള്ള ഒരു ചെറിയ പഴത്തോട്ടം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ജൈവവൈവിധ്യം എന്ന ആശയത്തില്‍ ആകൃഷ്ടയായാണ് അവള്‍ മരങ്ങള്‍ നടാന്‍ തുടങ്ങിയത്. ജൈവവൈവിധ്യം നമ്മുടേതടക്കം ജീവജാലങ്ങളുടെ സുസ്ഥിര ജീവിതത്തിന് സഹായിക്കുന്നുവെന്ന് അവള്‍ പറയുന്നു. എങ്ങനെയാണ് എന്നൊന്നും അറിയില്ല. പക്ഷേ, എങ്ങനെയായാലും ഒരുലക്ഷം ചെടികള്‍ താന്‍ നടുമെന്നും പ്രസിദ്ധി പറയുന്നു. സ്‌കൂളിലും കോളേജിലും പൊതുസ്ഥലങ്ങളിലുമെല്ലാം പഴങ്ങള്‍ നട്ടുവളര്‍ത്തുന്നത് ആളുകള്‍ക്ക് പ്രകൃതിദത്തവും ആരോഗ്യദായകവുമായ പഴങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഇന്ന് രാസവസ്തുക്കളുപയോഗിച്ചുണ്ടാക്കിയ പഴങ്ങളാണ് നമുക്ക് കിട്ടുന്നത് എന്നും അവള്‍ പറയുന്നു. 

മരങ്ങള്‍ നടാനുള്ള പണം കണ്ടെത്തുന്നതിനായി അവള്‍ പേപ്പര്‍ പെന്‍സിലുകളും ബുക്ക് മാര്‍ക്കുകളും മറ്റും വില്‍ക്കുന്നു. ഒപ്പം ക്രൗഡ് ഫണ്ടിംഗിലൂടെയും പണം കണ്ടെത്തുന്നു. അയല്‍ക്കാരും ചിലപ്പോഴൊക്കെ വിത്തുകള്‍ നല്‍കുന്നു. കൊറോണ വൈറസിന് മുമ്പ് പ്രസിദ്ധി എല്ലാ ശനിയാഴ്ചകളിലും മരം നടാന്‍ പോകുമായിരുന്നു. ഇന്ന് അതിന് കഴിയാത്തതിനാല്‍ ചെടികള്‍ നടുന്നതിനെ കുറിച്ചും മറ്റും ഓണ്‍ലൈനില്‍ സെഷനുകള്‍ സംഘടിപ്പിക്കുകയാണവള്‍. ഒപ്പം തന്നെ യോഗയും കഥ പറച്ചിലും ഒക്കെയുണ്ട് ഓണ്‍ലൈനില്‍. ഇതിലൂടെ കിട്ടുന്ന തുക മരം നടാനുള്ള ചെലവുകള്‍ക്കുപയോഗിക്കാം എന്നാണ് അവള്‍ കരുതുന്നത്. 

click me!