മഹാപ്രളയം വരും, രക്ഷപ്പെടാൻ നോഹയുടെ പെട്ടകമൊരുക്കുകയാണെന്ന് കൾട്ട് ലീഡർ, ഒടുവിൽ നരബലിക്ക് അറസ്റ്റിൽ

By Web TeamFirst Published Oct 25, 2021, 1:47 PM IST
Highlights

എന്നാൽ ചടങ്ങ് നടക്കുന്നതിനിടെ പള്ളിയിൽ വന്ന ഒരു സ്ത്രീ ഇത് ചെയ്യാൻ വിസമ്മതിക്കുകയും, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇത് മൂലം ഒരു വലിയ രക്തച്ചൊരിച്ചിൽ ഒഴിവായെന്ന് പൊലീസ് പറഞ്ഞു. 

ദൈവപ്രീതിക്കായി നരബലി(human sacrifice) നൽകിയ ഒരു ജമൈക്കൻ മതപ്രഭാഷകൻ അറസ്റ്റിൽ. ലണ്ടനിലെ പുരോഹിതനായ കെവിൻ ഒ സ്മിത്തിനെയും(Kevin O. Smith), അദ്ദേഹത്തിന്റെ 41 സഭാംഗങ്ങളെയും കഴിഞ്ഞയാഴ്ചയാണ് കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. സെന്റ് ജെയിംസ് പാത്ത്വേ ഇന്റർനാഷണൽ കിംഗ്ഡം റീസ്റ്റോറേഷൻ മിനിസ്ട്രീസ് ചർച്ചിന്റെ സ്ഥാപകനാണ് ഇയാൾ. "ബഹുമാനപ്പെട്ട ഡോ. കെവിൻ ഒ. സ്മിത്ത്, ജമൈക്കയിലെ പ്രമുഖ അന്താരാഷ്ട്ര അംബാസഡർ ഇസ്രായേൽ ഗോഡ് കിംഗ് 999" എന്നാണ് അയാൾ സ്വയം വിശേഷിപ്പിക്കുന്നത്. സ്മിത്ത്, കൊലപാതകം നടന്ന അന്ന് പള്ളിയിൽ വരാൻ എല്ലാവരെയും  പ്രോത്സാഹിപ്പിക്കുകയും, ഇത്തരമൊരു ചടങ്ങ് നടക്കുമെന്ന് സോഷ്യൽ മീഡിയയിൽ അറിയിക്കുകയും ചെയ്തിരുന്നു.

തനെക്ക ഗാർഡ്നർ എന്ന 39 -കാരിയായ ഓഫീസ് ജീവനക്കാരിയാണ് ആദ്യം കൊല്ലപ്പെട്ടതെന്നും, കഴുത്തറുത്താണ് അവൾ മരണപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി. ഒരു മഹാപ്രളയം വരുമെന്നും, രക്ഷപ്പെടാനായി നോഹയുടെ പെട്ടകം ഒരുക്കുകയാണ് താനെന്നും അയാൾ ഇടവകാംഗങ്ങളോട് പറഞ്ഞിരുന്നു. തനെക്ക് മരണത്തിന് മുമ്പുള്ള ആഴ്‌ചകളിൽ പെട്ടകത്തിൽ കഴിയാൻ ആവശ്യമായ വസ്തുക്കൾ വാങ്ങി സൂക്ഷിച്ചിരുന്നു. താനുൾപ്പെടെ എല്ലാവരും പെട്ടകത്തിൽ പോകുമെന്നും അവൾ വിശ്വസിച്ചിരുന്നു.

വിവസ്ത്രരായ മനുഷ്യർ ചടങ്ങിൽ പങ്കെടുക്കാൻ കൈയിലൊരു കഠാരയുമായി അണിനിരക്കുമ്പോഴാണ് പൊലീസ് എത്തിയത്. ആ സമയത്ത് മൃ​ഗങ്ങളും ഉണ്ടായിരുന്നു. ദുർമന്ത്രവാദം മൂലം അശുദ്ധമായ രക്തം ശുദ്ധീകരിക്കാനാണ് ഈ ചടങ്ങ് എന്നും, ഇത് ചെയ്യാത്ത പക്ഷം ലൈംഗിക മോഹമുണരുമെന്നുമായിരുന്നു അയാളുടെ വാദം. അന്നേദിവസം, സ്മിത്ത് ഇടവകാംഗങ്ങളോട് വെളുത്ത വസ്ത്രം ധരിക്കാനും സെൽഫോൺ ടിൻ ഫോയിൽ കൊണ്ട് പൊതിയാനും വീട്ടിൽ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. ചടങ്ങിൽ സംബന്ധിക്കാൻ ആവശ്യപ്പെട്ട് അയാൾ ഫേസ്ബുക്കിൽ അയച്ച സന്ദേശം ഇതായിരുന്നു: “പെട്ടകം ഇപ്പോൾ പുറപ്പെടും. വെള്ളവസ്ത്രം ധരിച്ച് ഉടൻ പുറപ്പെടുക."

എന്നാൽ ചടങ്ങ് നടക്കുന്നതിനിടെ പള്ളിയിൽ വന്ന ഒരു സ്ത്രീ ഇത് ചെയ്യാൻ വിസമ്മതിക്കുകയും, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇത് മൂലം ഒരു വലിയ രക്തച്ചൊരിച്ചിൽ ഒഴിവായെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ചടങ്ങിൽ പങ്കെടുത്ത മറ്റു മൂന്നുപേരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് 14 കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്. അയാൾക്കെതിരെയുള്ള ബാല പീഡന ആരോപണങ്ങളും അധികൃതർ അന്വേഷിക്കുന്നു. നിർബന്ധിത വാക്‌സിനേഷൻ ബലാത്സംഗത്തിന് തുല്യമാണ് എന്നതുപോലുള്ള വിചിത്രവാദങ്ങളും അയാൾ നടത്തിയിരുന്നു.

നരബലിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതുമുതൽ, "കൾട്ട് പാസ്റ്റർ" എന്ന് വിളിക്കപ്പെടുന്ന സ്മിത്തിന്റെ നിരവധി വീഡിയോ ക്ലിപ്പുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.  പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്, ഒരു ആഡംബര ജീവിതം നയിക്കുന്നതിന് സ്മിത്ത് സഭയെ ഉപയോഗിച്ചു എന്നാണ്. ആഴ്ചയിൽ 7,000 പൗണ്ടിലധികം സംഭാവനയായി അയാൾക്ക് ലഭിച്ചിരുന്നു. ആറ് പുതിയ ബിഎംഡബ്ല്യു കാറുകളും, ഡിസൈനർ വസ്ത്രങ്ങളും ആഭരണങ്ങളും അയാൾ സ്വന്തമാക്കിയിരുന്നു. കൂടാതെ അഞ്ചു കോടിയിൽ കൂടുതൽ വിലമതിക്കുന്ന സ്വകാര്യ നീന്തൽക്കുളത്തോടുകൂടിയ ഒരു വലിയ വില്ലയും അയാൾ വാങ്ങി.  

അത് മാത്രമല്ല അയാൾക്ക് നല്ല രാഷ്രീയ സ്വാധീനവും ഉണ്ടായിരുന്നു. മുൻ ജമൈക്കൻ പ്രധാനമന്ത്രി പോർട്ടിയ സിംപ്സൺ-മില്ലർ കവിളിൽ ചുംബിക്കുന്ന ഒരു ചിത്രം അയാൾ മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ അറസ്റ്റും കാര്യങ്ങളുമൊക്കെ നടന്നിട്ടും അയാളുടെ അനുയായികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവരെല്ലാം ഇപ്പോഴും അയാളെ അന്ധമായി വിശ്വസിക്കുന്നു. രക്തം പുരണ്ട പള്ളിയിൽ പൊലീസ് പരിശോധന നടത്തുമ്പോൾ, അനുയായികൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും അയാൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സന്ദേശങ്ങൾ അയക്കുന്നു. 

അതിലൊരാൾ പ്രകോപിതനായി ഓൺലൈനിൽ ഇങ്ങനെ കുറിച്ചു: “ആളുകൾ എന്ത് പറഞ്ഞാലും, അദ്ദേഹം വലിയവനാണ്, അദ്ദേഹം സത്യസന്ധമായി പ്രഭാഷണം നടത്തുന്നു." “പള്ളി ഹൈജാക്ക് ചെയ്ത സർക്കാർ സത്യത്തിന് എതിരാണ്. ജനങ്ങളെ കബളിപ്പിക്കാൻ അവർക്ക് ദശലക്ഷക്കണക്കിന് രൂപ കൈക്കൂലി ലഭിച്ചിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ മഹത്വം സത്യം പറയും" മറ്റൊരാൾ പറഞ്ഞു. അറസ്റ്റ് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളിൽ അയാളെ ഇറക്കാനായി അനുയായികൾ 22 ലക്ഷത്തോളം സമാഹരിച്ചു. അതേസമയം, മതിയായ തെളിവുകൾ ലഭിച്ച ശേഷം ഇയാൾക്കെതിരെ കുറ്റം ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

click me!