PT Thomas: ശൂന്യതയില്‍നിന്നുപോലും ആള്‍ക്കൂട്ടത്തെ ഉണ്ടാക്കും; അപ്പുറത്ത് കരുണാകരനായാലും മല്ലടിക്കും!

By Nizam SyedFirst Published Dec 22, 2021, 4:39 PM IST
Highlights

ഒരിക്കലും സഭയുടെ മാനസപുത്രനായിരുന്നില്ല പി.ടി. സ്വന്തം വിവാഹത്തിന്റെ കാര്യത്തിലും മക്കൾക്ക് പേരിടുന്നതിലുമെല്ലാം സഭാതാല്‍പര്യത്തേക്കാളേറെ മതേതര മൂല്യങ്ങളാണ് പി.ടി ഉയര്‍ത്തിപ്പിടിച്ചത്. 

പി.ടി തോമസിന്റെ രാഷ്ട്രീയവും ജീവിതവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും അവയ്ക്ക് വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളുടേതുമായിരുന്നു. വ്യത്യസ്തനായ കെഎസ്‌യു -ക്കാരനായിരുന്നു പി.ടി. അതേ, അങ്ങനെയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ വിളിച്ചിരുന്നത്. നിലപാടുകളിലെ സ്ഥൈര്യം കൊണ്ട് തന്റെ ഭ്രമണപഥത്തിലെത്തുന്നവരെ തന്നിലേക്കാകര്‍ഷിക്കുന്ന കാന്തികമായ ഒരു പ്രഭാവമുണ്ടായിരുന്നു അദ്ദേഹത്തിന്. എതിരാളികള്‍ക്ക് പോലും, വിയോജിക്കുമ്പോഴും ആദരവ് തോന്നുന്ന നേതാവ്. ശൂന്യതയില്‍ നിന്നും ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്ന നേതാവെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. എണ്‍പതുകളില്‍ കെഎസ്‌യു പ്രവര്‍ത്തകരായിരുന്ന ഞാനടക്കമുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികളെ തന്റെ നിലപാടുകള്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് കഴിഞ്ഞു. വിട്ടുവീഴ്ച എന്നത് പി.ടിക്ക് അന്യമായ ഒരു പദമായിരുന്നു. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ആരോടും പോരാടുവാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. മിക്കപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു.

എണ്‍പത്തിയൊന്നില്‍ ആന്റണി വിഭാഗം കെഎസ്‌യു -വിന്റെ പ്രസിഡണ്ടായപ്പോഴാണ് ആദ്യമായി അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കെ.ടി ജോസഫ് എന്ന തന്‍റേടിയായ വിദ്യാര്‍ത്ഥി നേതാവിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാണ് പി.ടി തോമസ് പ്രസിഡണ്ടാവുന്നത്. അന്ന് കോണ്‍ഗ്രസിലെ പ്രമാണിമാരുടെ പിന്തുണയുണ്ടായിരുന്നു ജോസഫിന്. പിന്നീട് ആന്റണി വിഭാഗം മാതൃസംഘടനയില്‍ ലയിച്ചപ്പോഴും തോമസ് കെഎസ്‌യു പ്രസിഡണ്ടായി തുടര്‍ന്നു. കെഎസ്‌യു -വിന്റെ സ്വതന്ത്രമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിലും സോഷ്യലിസ്റ്റ് ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും പി ടി ബദ്ധശ്രദ്ധനായിരുന്നു. അന്ന് കെ. കരുണാകരന്‍ സര്‍വപ്രതാപിയായ മുഖ്യമന്ത്രിയാണ്. 'ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കാതെ നിലപാടെടുക്കുന്ന പ്രസ്ഥാനം' എന്നത് എന്നും കെഎസ്‌യു -വിന്റെ അവകാശവാദമാണ്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍ ഒഫ്താല്‍മോളജിയില്‍ പിജി കോഴ്‌സ് ആരംഭിക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിദ്യാഭ്യാസം ദേശസാല്‍കൃതമാക്കണമെന്ന നിലപാടുണ്ടായിരുന്ന കെഎസ്‌യു ഈ തീരുമാനത്തിനെതിരെ സമരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കരുണാകരന്‍, കെഎസ്‌യു സമരരംഗത്തുനിന്നും പിന്‍മാറണമെന്ന് തോമസിനോട് നേരിട്ട് ആവശ്യപ്പെട്ടു. പക്ഷേ, കരുണാകരന്റെ ആജ്ഞ അനുസരിക്കാന്‍ ധിക്കാരിയായ പിടി തോമസിന് കഴിയുമായിരുന്നില്ല. കെഎസ്‌യു സമരരംഗത്ത് തുടര്‍ന്നു. സര്‍ക്കാരിന് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. തന്റെ ഡല്‍ഹിയിലുള്ള സ്വാധീനം ഉപയോഗിച്ച് തോമസിനെ കെഎസ്‌യു പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് തന്റെ വിശ്വസ്തനായ ശരത് ചന്ദ്രപ്രസാദിനെ ആ സ്ഥാനത്ത് നിയമിച്ചാണ് കരുണാകരന്‍ പകരം വീട്ടിയത്. കെഎസ്‌യു -വിലും കോണ്‍ഗ്രസിലും തുറന്ന ഗ്രൂപ്പ് യുദ്ധങ്ങള്‍ക്കാണ് ആ തീരുമാനം കാരണമായത്. എന്തായാലും പി.ടി തോമസിന് ലഭിക്കാമായിരുന്ന 84 -ലെ ലോകസഭാ സീറ്റും 87 -ലെ അസംബ്ലി സീറ്റും നഷ്ടമാകുന്നതിന് ഈ നിലപാട് കാരണമായി എന്നാണ് പറയപ്പെടുന്നത്.

മുന്നില്‍ നിന്ന് നയിക്കുകയും എതിരാളികളെ നേരിടുകയും ചെയ്യുന്ന നേതാവായിരുന്നു പി.ടി തോമസ്. നാഗ്പൂരില്‍ നടന്ന എന്‍എസ്‌യുഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ കെഎസ്‌യു -ക്കാരും റെയില്‍വേ ജീവനക്കാരും തമിഴ് നാട്ടിലെ ഒരു സ്റ്റേഷനില്‍ വച്ച് സംഘര്‍ഷമുണ്ടാവുന്നു. എണ്ണത്തില്‍ കുടുതലുണ്ടായിരുന്ന റെയില്‍വെ ജീവനക്കാര്‍ കെഎസ്‌യു -ക്കാരെ കൈകാര്യം ചെയ്തു. പ്ലാറ്റ്‌ഫോമില്‍ നിന്ന് മര്‍ദ്ദനങ്ങളേറ്റു വാങ്ങി മുഴുവന്‍ കെഎസ്‌യു -ക്കാരെയും ട്രെയിനിനുള്ളിലാക്കിയ ശേഷമാണ് പി.ടി തോമസ് ട്രെയിനില്‍ കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അസാമാന്യമായ നിശ്ചയദാര്‍ഢ്യവും കരുത്തുമുള്ള യഥാര്‍ത്ഥ നേതാവായിരുന്നു പി.ടി തോമസ്.

കെഎസ്‌യു -വിനു ശേഷം പി.ടി തോമസിന്റെ രാഷ്ട്രീയജീവിതം ഉയര്‍ച്ചകളും താഴ്ചകളും മാറിമാറി വന്നു. എണ്‍പത്തിനാലിലും എണ്‍പത്തിയേഴിലും സീറ്റ് നിഷേധിക്കപ്പെട്ട പി.ടിക്ക് തൊണ്ണൂറ്റിയൊന്നില്‍ ലഭിച്ചത് യാതൊരു വിജയസാധ്യതയും കല്‍പ്പിക്കാതിരുന്ന, പി.ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയായിരുന്നു. ജോസഫ് ഇടുക്കിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും രാജീവ്ഗാന്ധി വധത്തിനു ശേഷമുണ്ടായ സഹതാപതരംഗവും സഹായിച്ചപ്പോള്‍ പി.ടി തോമസ് തൊടുപുഴയില്‍ നിന്ന് വിജയിച്ച് ആദ്യമായി എംഎല്‍എ -യായി. തൊണ്ണൂറ്റിയാറില്‍ പി.ജെ ജോസഫ് മടങ്ങിയെത്തിയപ്പോള്‍ അതിശക്തമായ ഒരു പോരാട്ടത്തിനൊടുവില്‍ പി.ടി പരാജയപ്പെട്ടു.

പക്ഷേ, രണ്ടായിരത്തിയൊന്നില്‍ സാക്ഷാല്‍ പി.ജെ ജോസഫിനെ തൊടുപുഴയില്‍ തോല്‍പ്പിച്ച് പി.ടി തോമസ് ചരിത്രം സൃഷ്ടിച്ചു. രണ്ടായിരത്തിയാറില്‍ വീണ്ടും ജോസഫ്, തോമസിനെ തോല്‍പ്പിച്ചു.  രണ്ടായിരത്തിയൊന്‍പതില്‍ സിറ്റിംഗ് എംപിയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ തോല്‍പ്പിച്ച് അദ്ദേഹം ഇടുക്കിയില്‍ നിന്നും ആദ്യമായി പാര്‍ലമെന്റംഗമായി. ഈ കാലയളവിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി നിലപാടെടുത്ത് അദ്ദേഹം വിവാദം സൃഷ്ടിക്കുന്നത്. ഒരു രാഷ്ട്രീയനേതാവും സാധാരണഗതിയില്‍ എടുക്കാന്‍ തയ്യാറാവാത്ത നിലപാടായിരുന്നു അത്. പക്ഷേ, നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ലാഭനഷ്ടങ്ങള്‍ കണക്കാക്കുന്നത് പി.ടിക്ക് ശീലമുള്ള കാര്യമല്ലായിരുന്നു. കത്തോലിക്കാസഭയിലെ ഏറ്റവും പ്രതിലോമ നിലപാടുകളുള്ള വിഭാഗവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒന്നുചേര്‍ന്ന് പി.ടിക്കെതിരെ പ്രചരണം അഴിച്ചുവിട്ടു.

ഒരിക്കലും സഭയുടെ മാനസപുത്രനായിരുന്നില്ല പി.ടി. സ്വന്തം വിവാഹത്തിന്റെ കാര്യത്തിലും മക്കൾക്ക് പേരിടുന്നതിലുമെല്ലാം സഭാതാല്‍പര്യത്തേക്കാളേറെ മതേതര മൂല്യങ്ങളാണ് പി.ടി ഉയര്‍ത്തിപ്പിടിച്ചത്. എന്തായാലും 2014 -ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി.ടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. 2016 -ല്‍ ബെന്നി ബഹന്നാന് സീറ്റ് നിഷേധിച്ചതുകൊണ്ട് മാത്രം അദ്ദേഹത്തിന് തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞു. ആ വട്ടവും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും അദ്ദേഹം അവിടെ നിന്നും വിജയിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യഅമരക്കാരിലൊരാളായി അദ്ദേഹം മടങ്ങിയെത്തിയ ഘട്ടത്തിലാണ് വേദനാജനകമായ വേര്‍പാടുണ്ടാവുന്നത്.

എണ്‍പതുകളില്‍ ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ ഉയര്‍ച്ചയിലേക്ക് പി.ടിയുടെ വളര്‍ച്ചയുണ്ടായില്ല. അടുത്ത നൂറ്റാണ്ടില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് പി.ടി ആയിരിക്കും എന്ന വിശ്വാസമാണ് അന്നുണ്ടായിരുന്നത്. അങ്ങനെ സംഭവിക്കാതെ പോയതിന് രാഷ്ട്രീയത്തിന്റെ സ്വഭാവവും പി.ടി തോമസിന്റെ പ്രവര്‍ത്തന സവിശേഷതകളും കാരണമായി. പി.ടിക്ക് ഒരിക്കലും ഒത്തുതീര്‍പ്പുകളുടെയോ സമന്വയത്തിന്റെയോ വക്താവാകാന്‍ കഴിയുമായിരുന്നില്ല. തര്‍ക്കങ്ങളുടെ ഒരു പക്ഷത്തായിരുന്നു അദ്ദേഹമെപ്പോഴും. വിട്ടുവീഴ്ചകളേക്കാളേറെ ഏറ്റുമുട്ടലുകളായിരുന്നു അദ്ദേഹത്തിന് പഥ്യം. സ്വന്തം രാഷ്ട്രീയവളര്‍ച്ചയ്ക്ക് അത് തടസമാണ് എന്നറിഞ്ഞിട്ടും തിരുത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കരുണാകരനോട് മാത്രമല്ല, മുഖ്യമന്ത്രിമാരായിരുന്ന എ.കെ ആന്റണിയോടും ഉമ്മന്‍ചാണ്ടിയോടും അദ്ദേഹം വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരും തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ അവരോടും കലഹിക്കുന്ന സ്വഭാവമായിരുന്നു പി.ടിയുടേത്. അതിന്റെ പേരില്‍ ദീര്‍ഘകാലത്തെ പല സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. പി.ടിക്ക് സഹപ്രവര്‍ത്തകര്‍ വേണ്ട അനുയായികള്‍ മതി എന്ന് അവരില്‍ പലരും പരസ്യമായി പരിഭവം പറഞ്ഞു.

എന്തുകൊണ്ടും അപൂര്‍വമായ ജനുസില്‍ പെട്ട രാഷ്ട്രീയക്കാരനായിരുന്നു പി.ടി തോമസ്. അങ്ങനെയധികം ആളുകള്‍ കേരളരാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസില്‍ തീരെ ഉണ്ടായിട്ടില്ല.

 

(ചിത്രങ്ങള്‍: PT Thomas/Facebook)

click me!