
തെക്കൻ പസഫിക്കിലെ ന്യൂ കാലിഡോണിയ ദ്വീപിൽ വളരുന്ന മഴക്കാടുകൾ കാണാൻ അതിസുന്ദരമാണ്. എന്നാൽ, അതിൽ തീർത്തും അസാധാരണമായ ഒന്ന് വളരുന്നുണ്ട്, ഒരു തരം ലോഹം ഉല്പാദിപ്പിക്കുന്ന മരങ്ങൾ. പൈക്നന്ദ്ര അക്യുമിനാറ്റ വൃക്ഷത്തിന്റെ പുറംതൊലി മുറിക്കുമ്പോൾ, നീലയും പച്ചയും ഇടകലർന്ന നിറത്തിൽ ഒരു കറ പുറത്ത് വരും. ആ കറയുടെ 25 ശതമാനവും നിക്കൽ എന്ന വിഷമാണ്. ഹെവി ലോഹങ്ങളായ നിക്കൽ, സിങ്ക് എന്നിവയുടെ സമീപം സാധാരണയായി സസ്യങ്ങൾ വളരാൻ ബുദ്ധിമുട്ടാണ്. ഇത് മിക്ക സസ്യങ്ങൾക്കും ദോഷകരമായ ഒരു പദാർത്ഥമാണ്. എന്നാൽ, വിഷാംശം ഉള്ള ഈ ലോഹത്തെ ഈ സസ്യം അതിന്റെ കാണ്ഡം, ഇലകൾ, വിത്തുകൾ എന്നിവയിൽ വഹിക്കുന്നു.
കണക്കനുസരിച്ച് എഴുന്നൂറോളം സസ്യജാലങ്ങളിൽ അസാധാരണമാംവിധം ഉയർന്ന അളവിൽ നിക്കലുണ്ട്. ഇവയെ ഹൈപ്പർക്യുമുലേറ്ററുകൾ എന്ന് വിളിക്കുന്നു. ലോഹങ്ങൾ അടങ്ങിയ ഈ ചെടികൾ ഉണങ്ങിയ ശേഷം കത്തിച്ചാൽ അതിന്റെ ചാരത്തിൽ നിന്ന് വളരെ സമ്പന്നമായ, ഉയർന്ന ഗ്രേഡ് ലോഹ അയിര് ലഭിക്കും. ഇതിന് മലിനീകരണം വളരെ കുറവാണ്. അതിന് പുറമേ, പരമ്പരാഗത ഖനനത്തിന് ആവശ്യമായതിനേക്കാൾ വളരെ കുറഞ്ഞ ഊർജ്ജം മതി ഇതിന്.
“ന്യൂ കാലിഡോണിയയിലെ മഴക്കാടുകളിൽ അവശേഷിക്കുന്ന വലിയ (20 മീറ്റർ വരെ) അപൂർവ മഴക്കാടാണ് പൈക്നന്ദ്ര അക്യുമിനാറ്റ” വൃക്ഷത്തെക്കുറിച്ച് പഠിച്ച ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഗവേഷകനായ ഡോ. ആന്റണി വാൻ ഡെർ എന്റ് ബിബിസിയോട് പറഞ്ഞു. "ഒരു പരീക്ഷണവിഷയം എന്ന നിലയിൽ ഇത് വെല്ലുവിളിയാണ്. കാരണം ഇത് വളരെ സാവധാനത്തിലാണ് വളരുന്നത്. പൂക്കളും വിത്തുകളും ഉൽപാദിപ്പിക്കാൻ പതിറ്റാണ്ടുകൾ എടുക്കുന്നു. കൂടാതെ, ഖനന പ്രവർത്തനങ്ങളുടെയും, തീപ്പിടിത്തത്തിന്റെയും ഫലമായി ഇത് വനനശീകരണത്തിനും ഇടയാകുന്നു" അദ്ദേഹം പറഞ്ഞു. "വ്യത്യസ്ത കുടുംബങ്ങളിലായി പലതവണ വികസിച്ചാണ് ഹൈപ്പർക്യുമുലേഷൻ പരിണമിച്ചത്. ദശലക്ഷക്കണക്കിന് വർഷങ്ങൾ ഇതിനായി വേണ്ടി വന്നിട്ടുണ്ട്. ഈ സസ്യങ്ങൾ സ്വാഭാവികമായും ലോഹ സമ്പുഷ്ടമായ മണ്ണിൽ കാണപ്പെടുന്നു" ഗവേഷകൻ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ഈ സസ്യങ്ങൾ ഈ രീതിയിൽ പരിണമിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ ഇപ്പോഴും പഠനങ്ങൾ നടത്തിവരികയാണ്. പ്രാണികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനോ, ഫംഗസ് അണുബാധയെ പ്രതിരോധിക്കാനോ ഉള്ള ഒരു മാർഗമാണിത്. സ്വയം നശിക്കാതെ ഇത്രയും വിഷമുള്ള ലോഹങ്ങളെ ഇത്രയും വലിയ അളവിൽ ഈ സസ്യങ്ങൾ എങ്ങനെ വഹിക്കുന്നു എന്നത് ഒരു രഹസ്യമായി തുടരുന്നു.