
ജീവിതത്തിലെ സന്തോഷം പലർക്കും പലതായിരിക്കും. ചിലർക്ക് വലിയ പണം സമ്പാദിച്ച് വലിയ വലിയ നഗരങ്ങളിൽ ആഡംബരപൂർണമായ ജീവിതം നയിക്കുന്നതാണെങ്കിൽ ചിലർക്കത് കുടുംബത്തിനൊപ്പം കൂടുതൽ നേരം ചെലവഴിച്ചുകൊണ്ട് ഏതെങ്കിലും ഒരു ഗ്രാമത്തിലോ മറ്റോ ചെറിയ ജീവിതം നയിക്കുന്നതായിരിക്കും. എന്തായാലും, അതുപോലെ ഒരു ജീവിതമാണ് ഈ യുവതി തെരഞ്ഞെടുത്തത്. ഷർമ്മിള എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ തന്റെ ഈ തീരുമാനത്തെ കുറിച്ച് വിവരിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഷർമ്മിളയും കുടുംബവും സിംഗപ്പൂരിലെ നല്ല ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. തിരക്കിട്ട ഒരു ജീവിതത്തിന് പകരം ആവശ്യത്തിന് സമയമുള്ള, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഏറെ നേരം കിട്ടുന്ന ഒരു ജീവിതം അവർ തിരഞ്ഞെടുക്കുകയായിരുന്നു. കുന്നും മലയുമെല്ലാം കാണാനാവുന്ന ഒരു ഗ്രാമപ്രദേശത്ത് കുടുംബവും ഫാമും ഒക്കെയായി കഴിയുകയാണ് ഇന്ന് ഷർമ്മിള.
അവർ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒരു നാട്ടിൻപുറ കാഴ്ചയാണ് കാണാനാവുന്നത്. മുറ്റത്ത് കളിക്കുന്ന കുട്ടികളെയും കോഴിയേയും ചക്കയും ഒക്കെ വീഡിയോയിൽ കാണാം. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്നത് തന്നെയായിരുന്നു ഷർമ്മിളയുടെ ലക്ഷ്യം.
'സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി രാജിവച്ചത് ഒരു തെറ്റാണെന്ന് അവരെന്നോട് പറഞ്ഞു, എന്നാൽ, ഞാനവർക്ക് ഈ കാഴ്ച കാണിച്ചുകൊടുത്തു' എന്നാണ് ഷർമ്മിള വീഡിയോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നത്.
സിംഗപ്പൂരിൽ നിന്നാണ് ഷർമ്മിള ബിരുദാനന്തര ബിരുദം നേടിയത്. നേരത്തെ ഡിസൈൻ ആൻഡ് പ്രോജക്ട് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. തിരക്കുപിടിച്ച ജീവിതവും മണിക്കൂറുകൾ നീളുന്ന ജോലിയും മടുത്തതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങി പ്രകൃതിയോട് ചേർന്ന ശാന്തമായ ഒരു ജീവിതം ജീവിക്കാൻ തീരുമാനിച്ചത്.
മാസം വെറും 20,000 രൂപയുണ്ടാക്കാമെന്ന് കരുതിയാണ് വന്നത്. എന്നാല്‍, ജിവിതം അതില്‍ നിന്നെല്ലാം വളരെ മാറി എന്നാണ് ഷര്‍മ്മിള പറയുന്നത്. വെർച്വൽ അസിസ്റ്റന്റായി വീട്ടിലിരുന്ന് ജോലി ചെയ്യുകയാണിപ്പോൾ ഷർമ്മിള. മുഴുവൻ സമയവും ജോലി ചെയ്യണ്ട. ഇഷ്ടം പോലെ സമയം കിട്ടും. കുടുംബത്തിനൊപ്പം ഏറെനേരം ചെലവഴിക്കാം എന്നതെല്ലാമാണ് ഈ ജീവിതത്തിന്റെ നേട്ടങ്ങളായി അവർ പറയുന്നത്.
എത്ര ശാന്തവും സമാധാനപൂർണവുമായ ജീവിതം എന്നാണ് പലരും ഷർമ്മിളയുടെ ജീവിതത്തെ വിശേഷിപ്പിച്ചത്.