എനർജി ഡ്രിങ്ക് എന്ന് പറഞ്ഞ് കുടിക്കാൻ കൊടുത്തത് റേഡിയം കലർന്ന വെള്ളം, ഒടുവിൽ സംഭവിച്ചത്...

By Web TeamFirst Published Nov 4, 2021, 4:09 PM IST
Highlights

1932 -ൽ എബെൻ ബയേഴ്‌സ് അന്തരിച്ചു. ഇതോടെ റാഡിത്തോറിനെതിരെ വിമർശനം ഉയർന്നു. പോസ്റ്റ്‌മോർട്ടത്തിൽ അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായെന്നും എല്ലുകളിൽ 36 മൈക്രോഗ്രാം റേഡിയം ഉണ്ടെന്നും കണ്ടെത്തി. 

ഇന്ന് വിവിധ രുചികളിൽ എനർജി ഡ്രിങ്കുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഉണർവിനും, ഉന്മേഷത്തിനുമായി നമ്മൾ അത് കുടിക്കാറുമുണ്ട്. എന്നാൽ, പണ്ട് കാലത്ത് ഇറങ്ങിയ ഒരു എനർജി ഡ്രിങ്കിൽ(energy drink) അടങ്ങിയിരുന്ന പ്രധാന ഘടകം കേട്ടാൽ ഒരുപക്ഷേ ആരും  ഞെട്ടിപ്പോകും. ഉന്മേഷം പകരാൻ നിർമ്മിച്ചിരിക്കുന്ന ആ പാനീയത്തിലെ പ്രധാന ചേരുവ റേഡിയമായിരുന്നു. റേഡിയം ഒരു ഉയർന്ന അളവിലുള്ള റേഡിയോ ആക്ടീവ് മൂലകമാണ്, അത് അത്യന്തം അപകടകാരിയാണ്. അതിന്റെ തീവ്രമായ റേഡിയോ ആക്റ്റിവിറ്റി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇന്ന് റേഡിയേഷന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വ്യക്തമായി നമുക്കറിയാം. എന്നാൽ പണ്ട് വൈദ്യശാസ്ത്രം അത്രയൊന്നും പുരോഗമിക്കാത്ത സമയത്ത് എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധിയായി സമ്പന്നർ കണ്ടിരുന്നത് ഈ റേഡിയം അടങ്ങിയ പാനീയമാണ്.

രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ അവർ ഉപയോഗിച്ചിരുന്ന ആ ഡ്രിങ്ക് പക്ഷേ അവരെ പതിയെ പതിയെ കൊല്ലുകയായിരുന്നു. റാഡിത്തോർ(radithor) എന്നറിയപ്പെട്ടിരുന്ന അത് ചെറിയ 2 ഔൺസ് കുപ്പികളിലാണ് വിറ്റിരുന്നത്.  ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചിലെ ബെയ്‌ലി റേഡിയം ലബോറട്ടറീസാണ് റാഡിത്തോറിന്റെ നിർമ്മാതാവ്. വിലകൂടിയ ഈ ടോണിക്ക് ആളുകൾക്ക് ഊർജം പകരുകയും അനോറെക്സിയ, ഹിസ്റ്റീരിയ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെയുള്ള ഡസൻ കണക്കിന് രോഗങ്ങൾ സുഖപ്പെടുത്തുകയും ചെയ്യുമെന്ന് അവകാശപ്പെട്ടിരുന്നു. സമ്പന്നനായ അമേരിക്കൻ സോഷ്യലിസ്റ്റും വ്യവസായിയുമായ എബെൻ ബയേഴ്‌സ് തന്റെ വൈദ്യന്റെ നിർദ്ദേശപ്രകാരം റാഡിത്തോർ കഴിക്കാൻ തുടങ്ങി. കൈക്ക് പരിക്കേറ്റതിനെ തുടർന്ന്, മുറിവ് ഉണക്കാനായിട്ടാണ് അദ്ദേഹത്തിന് റാഡിത്തോർ നിർദ്ദേശിക്കപ്പെട്ടത്. 1927 ഡിസംബറിൽ, അദ്ദേഹം ദിവസവും മൂന്ന് കുപ്പി റേഡിയം കലർന്ന വെള്ളം കുടിക്കാൻ തുടങ്ങി. രണ്ട് വർഷത്തേക്ക് അദ്ദേഹം അത് തുടർന്നു.

തന്റെ ആരോഗ്യം മെച്ചപ്പെടുകയാണെന്ന ധാരണയിൽ എബൻ തന്റെ സുഹൃത്തുക്കൾക്കും ബിസിനസ്സ് കൂട്ടാളികൾക്കും റാഡിത്തോർ അയച്ചു കൊടുത്തു. തന്റെ കാമുകിയോടും അത് കഴിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 1930 -ൽ പല്ലുകൾ കൊഴിയുന്നത് വരെ അദ്ദേഹം അത് തുടർന്നു. അദ്ദേഹം ആകെ മൊത്തം 1,400 കുപ്പി റാഡിത്തോർ കഴിച്ചതായി വിശ്വസിക്കപ്പെടുന്നു. റേഡിയോ ആക്ടീവ് എനർജി ഡ്രിങ്ക് ശരീരത്തെ ഗുരുതരമായി ബാധിക്കുമ്പോൾ എബെൻ ബയേഴ്‌സിന് 50 വയസ്സായിരുന്നു. റേഡിയം വിഷബാധയേറ്റ് അദ്ദേഹത്തിന്റെ കീഴ്ത്താടി ദ്രവിച്ചു. 51 -കാരനായ അദ്ദേഹത്തിന് മൂക്കിന് താഴെ ഒരു അസ്ഥി കഷണം മാത്രം അവശേഷിച്ചു. കൂടാതെ തലയോട്ടിയിലും ദ്വാരങ്ങൾ ഉണ്ടായി. ശരീരത്തിലെ എല്ലുകൾ എല്ലാം ദ്രവിക്കാൻ തുടങ്ങി.

1932 -ൽ എബെൻ ബയേഴ്‌സ് അന്തരിച്ചു. ഇതോടെ റാഡിത്തോറിനെതിരെ വിമർശനം ഉയർന്നു. പോസ്റ്റ്‌മോർട്ടത്തിൽ അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായെന്നും എല്ലുകളിൽ 36 മൈക്രോഗ്രാം റേഡിയം ഉണ്ടെന്നും കണ്ടെത്തി. 10 മൈക്രോഗ്രാം പോലും മനുഷ്യർക്ക് മാരകമാണ്. ഇതിനെത്തുടർന്ന് അതിന്റെ ഉത്പാദനം എന്നേക്കുമായി അവസാനിപ്പിച്ചു. 1918 മുതൽ 1928 വരെയുള്ള സമയത്താണ് റാഡിത്തോർ നിർമ്മിക്കപ്പെട്ടത്. എബൻ ബയേഴ്‌സിന്റെ മരണത്തിനുപുറമെ, ഉപഭോക്താക്കൾക്കിടയിൽ ഇത് ഉണ്ടാക്കിയ നാശത്തിന്റെ വ്യാപ്തി വലിയ തോതിൽ അജ്ഞാതമാണ്. വിദഗ്ധർ വിശ്വസിക്കുന്നത് അത് ചെലവേറിയ ചികിത്സയായതിനാൽ സമ്പന്നർക്ക് മാത്രമേ ഇത് കഴിക്കാൻ സാധിച്ചിരുന്നുള്ളു എന്നാണ്. അതിനാൽ ഇത് ഒരു ചെറിയ വിഭാഗത്തെ മാത്രമേ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകൂ എന്ന് അനുമാനിക്കുന്നു.  
 

click me!