പതിനേഴാമത്തെ വയസ്സില്‍ എല്‍ എല്‍ ബി; രാം ജേഠ്‌മലാനി എന്ന നിയമജ്ഞനും രാഷ്ട്രീയക്കാരനും

By Web TeamFirst Published Sep 8, 2019, 3:46 PM IST
Highlights

കനത്ത ഫീസ് വാങ്ങുന്നതിന് പഴി കേട്ടിരുന്ന ജേഠ്‌മലാനി പറഞ്ഞത് അത്രയും ഫീസ് വാങ്ങുന്നുവെങ്കിലും 90 ശതമാനം സേവനവും ഞാന്‍ സൗജന്യമായി നല്‍കുന്നുണ്ട് എന്നാണ്.

രാം ബൂല്‍ചന്ദ് ജേഠ്‌മലാനി എന്ന നിയമജ്ഞനും രാഷ്ട്രീയക്കാരനും ഓര്‍മ്മയായിരിക്കുന്നു. 1923 സപ്തംബര്‍ 14 -നാണ് ജേഠ്‌മലാനി  ജനിച്ചത്. ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായ സിഖാർപൂരിലായിരുന്നു ജനനം. ഇന്ത്യയിലെ ഏറ്റവും വിവാദമായ കേസുകള്‍ക്ക് വേണ്ടി വാദിച്ചിരുന്ന ആളായിരുന്നു ജേഠ്‌മലാനി. അതിനാല്‍ത്തന്നെ കടുത്ത വിമര്‍ശനങ്ങളും അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഏറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായിരുന്നു ജേഠ്‌മലാനി. 

പതിനേഴാമത്തെ വയസ്സില്‍ എല്‍ എല്‍ ബി

സ്കൂളില്‍ ഇരട്ട പ്രമോഷന്‍ നേടിയ ജേഠ്‌മലാനി തന്‍റെ പതിനേഴാമത്തെ വയസ്സില്‍ എല്‍ എല്‍ ബി ബിരുദം നേടി, അതും ഒന്നാംക്ലാസ്സോടെ. ജന്മസ്ഥലത്ത് തന്നെയാണ് പരിശീലനം ആരംഭിച്ചത്. അന്ന് അഭിഭാഷകനാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആയിരുന്നു. അങ്ങനെ അദ്ദേഹം ഈ ചട്ടത്തില്‍ ഇളവ് നല്‍കണമെന്ന് കാണിച്ച് അപേക്ഷ സമര്‍പ്പിക്കുകയും പതിനെട്ടാമത്തെ വയസ്സില്‍ അഭിഭാഷകനാകാന്‍ അനുവദിക്കപ്പെടുകയും ചെയ്തു. അന്നുമുതലാണ് അഭിഭാഷകജീവിതം ആരംഭിക്കുന്നത്. പിന്നീട്, വിഭജനം അദ്ദേഹത്തെ അഭയാര്‍ത്ഥിയാക്കി. മാത്രമല്ല, മുംബൈയിലേക്ക് മാറാന്‍ നിര്‍ബന്ധിതനുമാക്കി. അങ്ങനെയാണ് അദ്ദേഹം മുംബൈയിലെത്തുന്നത്.

പ്രധാനപ്പെട്ട പല കേസുകളിലും വാദിച്ചതോടെ പലതരത്തിലുള്ള വിവാദങ്ങളും ജേഠ്‍മലാനിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗന്ധിയുടെ ഘാതകരായ സത്വന്ത് സിങ്, കെഹാര്‍ സിങ് എന്നിവര്‍ക്ക് വേണ്ടി വാദിച്ചു ജേഠ്‌മലാനി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ശ്രീഹരന് വേണ്ടി വാദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് അത് ഇന്ത്യക്ക് എതിരെയുള്ള കുറ്റകൃത്യമല്ല എന്നായിരുന്നു. ഹര്‍ഷദ് മേത്ത, കേതന്‍ പരേഖ് എന്നിവരുടെ കേസും ഏറ്റെടുത്തിരുന്നു ജേഠ്‌മലാനി. അഫ്‍സല്‍ ഗുരുവിന്‍റെ വധശിക്ഷയ്ക്ക് എതിരെയുള്ള കേസും വാദിച്ചു ജേഠ്‌മലാനി. 2 ജി സ്പെക്ട്രം കേസില്‍ ഡി എം കെ എംപി കനിമൊഴിക്ക് വേണ്ടി ഹാജരായതും ജേഠ്‌മലാനിയായിരുന്നു.

കനത്ത ഫീസ് വാങ്ങുന്നതിന് പഴി കേട്ടിരുന്ന ജേഠ്‌മലാനി പറഞ്ഞത് അത്രയും ഫീസ് വാങ്ങുന്നുവെങ്കിലും 90 ശതമാനം സേവനവും ഞാന്‍ സൗജന്യമായി നല്‍കുന്നുണ്ട് എന്നാണ്. തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ ഒരു രൂപാ ഫീസ് വാങ്ങിക്കൊണ്ടായിരുന്നു ജേഠ്‌മലാനി തന്‍റെ അഭിഭാഷകജീവിതം തുടങ്ങിയത്.  ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്ന ജേഠ്‌മലാനി 2017 സെപ്റ്റംബർ 10 നാണ് നിയമ മേഖലയിലെ തൊഴിലിൽ നിന്ന് വിരമിച്ചത്.

രാഷ്ട്രീയത്തില്‍
ആറ്, ഏഴ് ലോക്സഭയില്‍ മുംബൈയില്‍ നിന്നുള്ള പാര്‍ലിമെന്‍റ് അംഗമായി ജേഠ്‌മലാനി തെരഞ്ഞെടുക്കപ്പെട്ടു. ബി ജെ പി ടിക്കറ്റിലായിരുന്നു ഇത്. അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ നിയമമന്ത്രിയായും നഗരവികസനമന്ത്രിയായും പ്രവര്‍ത്തിച്ചു അദ്ദേഹം. എന്നാല്‍, 2004 -ലെ തെരഞ്ഞെടുപ്പില്‍ ലഖ്‍നൗ മണ്ഡലത്തില്‍നിന്നും വാജ്പേയിക്കെതിരെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു ജേഠ്‌മലാനി. വീണ്ടും 2010 -ല്‍ തിരികെ ബി ജെ പിയിലേക്ക്. അന്ന്, രാജസ്ഥാനില്‍ നിന്നും രാജ്യസഭാഗംമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, പിന്നീട് ബി ജെ പി-യില്‍ നിന്നും പുറത്താക്കപ്പെട്ടു. എപ്പോഴും ഭയമില്ലാതെ എന്തും തുറന്നുപറയുകയും രാഷ്ട്രീയജീവിതം നയിക്കുകയും ചെയ്ത ആളായിരുന്നു ജേഠ്‌മലാനി. 

click me!