
പലതരത്തിലാണ് ആളുകൾ പറ്റിക്കപ്പെടുന്നത്. എങ്ങോട്ട് തിരിഞ്ഞാലും പറ്റിക്കപ്പെടും എന്നതാണ് അവസ്ഥ. അതുപോലെ ഒരു അനുഭവമാണ് ഒരാൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്.
താനൊരു റാപ്പിഡോ ഡ്രൈവറാണ് എന്നാണ് യുവാവ് പറയുന്നത്. ഒരു കസ്റ്റമർ തന്നെ പറ്റിച്ചുവെന്നും തന്റെ നാലഞ്ച് ദിവസത്തെ പണം അയാൾ കൈക്കലാക്കി എന്നുമാണ് യുവാവ് വെളിപ്പെടുത്തുന്നത്. തന്റെ ഭാര്യ ആശുപത്രിയിലാണ് എന്ന് പറഞ്ഞ ഒരാളെ താൻ സഹായിച്ചു. ക്യൂ ആർ കോഡ് തട്ടിപ്പിലൂടെ അയാൾ തന്നെ പറ്റിച്ചു എന്നും യുവാവ് പറയുന്നു.
തന്റെ ഭാര്യ ആശുപത്രിയിലാണ്, തന്നെ റെയിൽവേ സ്റ്റേഷനിൽ ഇറക്കണം എന്നാണ് യാത്രക്കാരൻ യുവാവിനോട് പറഞ്ഞത്. തന്റെ ഭാര്യയ്ക്ക് പണം അയക്കണം എന്നാൽ തന്റെ അക്കൗണ്ടിൽ നിന്നും അത് പോകുന്നില്ല എന്നും പറഞ്ഞു. ശേഷം 4200 രൂപ റാപ്പിഡോ ഡ്രൈവറായ യുവാവിന്റെ അക്കൗണ്ടിലേക്ക് അയക്കാമെന്നും യാത്രാക്കൂലി കഴിച്ച ശേഷം ബാക്കി ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇട്ടാൽ മതി എന്നും പറഞ്ഞു.
ഭാര്യയുടേത് എന്ന് പറഞ്ഞ് നൽകിയ ക്യൂ ആർ കോഡിലേക്ക് യുവാവ് പണമയച്ചു. പരിശോധിച്ചപ്പോൾ 4000 രൂപയുടെ റെസീപ്റ്റ് കാണുകയും ചെയ്തു. എന്നാൽ, യാത്രക്കാരൻ ഇറങ്ങിപ്പോയിക്കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം യുവാവിന് മനസിലാകുന്നത്.
അയാൾ പണം അയച്ചിട്ടുണ്ടായിരുന്നില്ല. അയാൾ പരിശോധിച്ചപ്പോൾ കണ്ട ട്രാൻസാക്ഷൻ റെസീപ്റ്റ് തലേദിവസം ഒരു സുഹൃത്ത് അയച്ച 4000 രൂപയുടേതായിരുന്നു. തന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് തനിക്ക് അറിയാം എന്നും യുവാവ് പോസ്റ്റിൽ പറയുന്നു.
പഠിപ്പുണ്ട്, സ്മാർട്ടാണ് എന്നെല്ലാം കരുതിയിട്ടും തനിക്ക് ഇത് സംഭവിച്ചു എന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ പോസ്റ്റിന് ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. വിശദമായി പരാതി നൽകാനാണ് ആളുകൾ യുവാവിനെ ഉപദേശിച്ചത്.