
കാബൂള്‍: 20 വര്‍ഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് വിദേശ സേനകള്‍ തിരിച്ചുപോവുകയും താലിബാന്‍ ഭീകരര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഈ വര്‍ഷം അഫ്ഗാനില്‍ ചോരപ്പുഴ ഒഴുകിയതിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. 2021-ല്‍ ആദ്യ ആറുമാസത്തിനകം മാത്രം അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 1600 സിവിലിയന്‍മാരാണെന്ന് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ദ്ധനവാണ് ഇത്. കൊല്ലപ്പെട്ടവരില്‍ 32 ശതമാനവും കുട്ടികളാണ്. കാര്യങ്ങള്‍ ഇതേ നിലയില്‍ പോയാല്‍ അഫ്ഗാനിസ്താനില്‍ ഈ വര്‍ഷം ഇനിയും ചോരപ്പുഴ ഒഴുകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.
ഇക്കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലാണ് സിവിലിയന്‍മാര്‍ക്കെതിരായ കൊലപാതകങ്ങള്‍ വലിയ നിലയില്‍ വര്‍ദ്ധിച്ചത്. താലിബാന്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ സൈന്യമാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 64 ശതമാനം സിവിലിയന്‍ കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ വിരുദ്ധരായിരുന്നു. സര്‍ക്കാര്‍ അനുകൂല സായുധ സംഘങ്ങളും മോശക്കാരല്ല. ഇക്കഴിഞ്ഞ ആറു മാസങ്ങളില്‍ നടന്ന സിവിലിയന്‍ കൊലപാതകങ്ങളില്‍ 25 ശതമാനത്തിനും ഉത്തരവാദി സര്‍ക്കാറാണ്. 11 ശതമാനം കൊലപാതകങ്ങള്‍ വെടിവെപ്പില്‍ ഉണ്ടായതാണ്. കൊല്ലപ്പെട്ടവരില്‍ 32 ശതമാനവും കുട്ടികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്ന് സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും ഇത് വളരെ സാവധാനത്തിലാണ് നടക്കുന്നത്. ഇരു പക്ഷവും സിവിലിയന്‍ കൂട്ടക്കുരുതികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കാത്ത പക്ഷം, അഫ്ഗാനിസ്താന്‍ യുദ്ധഭൂമിയാവുകയും നിരപരാധികളായ സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്യുമെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കി.