ഒറ്റയ്ക്ക് വന്നാൽ ഭക്ഷണം തരില്ല, പുറത്ത് നോട്ടീസ് പതിച്ച് റെസ്റ്റോറന്റ്, സുഹൃത്തിനെയോ ഭാര്യയെയോ കൊണ്ടുവരാനും നിർദ്ദേശം

Published : Nov 26, 2025, 09:37 PM IST
 South Korean restaurant

Synopsis

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ വരുന്നവർ ഒന്നുകിൽ രണ്ട് പേർക്കുള്ള പണം നൽകുക, രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കുക, ഒരു സുഹൃത്തിനെ വിളിക്കുക, അല്ലെങ്കിൽ അടുത്ത തവണ ഭാര്യയുമായി വരിക എന്നാണ് നോട്ടീസിൽ പറയുന്നത്.

പലപ്പോഴും നമ്മൾ റെസ്റ്റോറന്റുകളിൽ ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാറുണ്ട്. ചിലപ്പോൾ ആ സമയത്ത് കൂട്ടിന് ആരും ഉണ്ടാകാത്തത് കൊണ്ടാകാം, അല്ലെങ്കിൽ ഒരുപക്ഷേ ഇടയ്ക്ക് തനിച്ചൊന്ന് പോകാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം. എന്നാൽ ദക്ഷിണ കൊറിയയിലെ ഒരു റസ്റ്റോറൻറ് ഒറ്റയ്ക്ക് വരുന്നവർക്ക് ഭക്ഷണം നൽകില്ല. 'ഞങ്ങൾ ഏകാന്തത വിൽക്കുന്നില്ല' എന്ന് പ്രഖ്യാപിച്ചാണ് റെസ്റ്റോറന്റ് ഒറ്റയ്ക്ക് എത്തുന്നവരെ മടക്കി അയക്കുന്നത്. ദക്ഷിണ ജിയോള പ്രവിശ്യയിലെ യോസു സിറ്റിയിലുള്ള ഒരു നൂഡിൽസ് റെസ്റ്റോറൻറ് ആണ് അതിന്റെ വാതിലിന് പുറത്ത് കർശനമായ നോട്ടീസ് പതിച്ചത്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ വരുന്നവർ ഒന്നുകിൽ രണ്ട് പേർക്കുള്ള പണം നൽകുക, രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കുക, ഒരു സുഹൃത്തിനെ വിളിക്കുക, അല്ലെങ്കിൽ അടുത്ത തവണ ഭാര്യയുമായി വരിക എന്നാണ് നോട്ടീസിൽ പറയുന്നത്. നോട്ടീസ് അവസാനിച്ചത് ഇങ്ങനെയാണ് 'ഞങ്ങൾ ഏകാന്തത വിൽക്കുന്നില്ല. ദയവായി ഒറ്റയ്ക്ക് വരരുത്'.

എന്നാൽ, ഉപഭോക്താക്കൾക്ക് സേവനം നിഷേധിച്ച റെസ്റ്റോറൻറ് അധികാരികളുടെ നടപടി വൻ വിവാദത്തിന് തുടക്കമിട്ടു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് ഏകാന്തതയ്ക്ക് തുല്യമാണെന്ന് പറയുന്നതിനെ പലരും തള്ളിക്കളഞ്ഞു. ഒറ്റയ്ക്ക് വരണോ മറ്റ് ആരെയെങ്കിലും കൂട്ടി വരണോ എന്നത് ഓരോ വ്യക്തികളുടെയും തീരുമാനമാണ് എന്ന് പലരും വിമർശിച്ചു. ചിലർ ഹോട്ടൽ ഉടമയുടെ ചിന്താഗതി പഴഞ്ചനാണെന്ന് അഭിപ്രായപ്പെട്ടു.

എന്തായാലും ഈ സംഭവം ദക്ഷിണ കൊറിയയിൽ വളർന്നു വരുന്ന ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന സംസ്കാരത്തെ കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പലരും ഒറ്റയ്ക്ക് താമസിക്കുകയും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത് ബിസിനസിനെ ബാധിക്കുമോ എന്ന ആശങ്ക കാരണം പല ഭക്ഷണശാലകളും ഈ മാറ്റത്തെ പ്രതിരോധിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്