വേട്ടയാടാം, പക്ഷെ കുറച്ച് ഉത്തരവാദിത്തം കാണിക്കണം, ​ഗർഭിണികളെയും കുഞ്ഞുങ്ങളെയും തൊട്ടുപോകരുത്

By Web TeamFirst Published Apr 15, 2024, 12:50 PM IST
Highlights

വേട്ടക്കാർക്ക് വനംവകുപ്പാണ് ലൈസൻസ് നൽകുന്നത്. ഇത് ലഭിക്കാൻ ഫിന്നിഷ് ഭാഷയിലുള്ള പരീക്ഷ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യ പരിശോധനയിലും വിജയിക്കണം.

നമ്മുടെ രാജ്യത്ത് മൃ​ഗങ്ങളെ വേട്ടയാടുന്നത് ശിക്ഷാർഹമാണ്. എന്നാൽ, നിയമപരമായി വേട്ടയാടൽ അനുവദിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. അതിൽ ഉത്തരവാദിത്വ പൂർണമായ വേട്ടയാടലിന് മാത്രം അനുമതി നൽകുന്ന രാജ്യമാണ് ഫിൻലാന്റ്. വേട്ടയാടലിന് അനുമതി നൽകുന്ന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ നിയമങ്ങൾ കർശനമാണ്. അതിൽ പ്രധാനമാണ്, വേട്ടയാടുമ്പോൾ ​ഗർഭിണികളായ മൃ​ഗങ്ങളേയോ കുഞ്ഞു മൃ​ഗങ്ങളെയോ വേട്ടയാടാൻ പാടില്ല എന്നുള്ളത്.

കർശനമായ നിയമങ്ങളിലൂടെ ഉത്തരവാദിത്വപൂർണമായ വേട്ടയാടൽ മാത്രമാണ് ഫിൻലാന്റിൽ അനുവദനീയം. ഇവിടെ ഓരോ മൃ​ഗത്തെയും വേട്ടയാൻ പ്രത്യേക സീസണുകളുണ്ട്. ആ സമയങ്ങളിൽ മാത്രമേ അവയെ വേട്ടയാടാൻ പാടുള്ളൂ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽത്തുന്നതിനാണ് ഇത്തരത്തിൽ ഒരു നിബന്ധന നടപ്പിലാക്കിയിട്ടുള്ളത്.

കാടുകളിലെ വേനൽക്കാല വസതികളുടെ 100 മീറ്റർ പരിധിയിലും വാഹനങ്ങളിൽ ഇരുന്നുകൊണ്ടും വേട്ടയാടൽ സാധ്യമല്ല. ഇണ ചേരുന്ന സമയങ്ങളിലും, ഗർഭിണികളായ മൃഗങ്ങളെയും, കുഞ്ഞുങ്ങളെയും, കുഞ്ഞുങ്ങളോടൊപ്പമുള്ള മൃഗങ്ങളെയും വേട്ടയാടാൻ അനുവാദമില്ല. വേട്ടക്കാരെ നിരീക്ഷിക്കാൻ കാട്ടിലുടനീളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

വേട്ടയാടിയ മൃഗത്തിന്റെ വിവരങ്ങൾ വനംവകുപ്പിന്റെ മൊബൈൽ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തണം. സമീപത്തുള്ള വേട്ടക്കാരുടെ വിവരങ്ങളും മൊബൈൽ ആപ് വഴി ലഭിക്കും. വേട്ടയ്ക്കിടയിൽ സമീപത്തുള്ള വേട്ടകാരുമായി ആശയവിനിമയം നടത്താൻ റേഡിയോ ഫോണുകൾ ഉപയോ​ഗിക്കാം. ഓരോ വേട്ടക്കാരനും  ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്. കൂടാതെ വേട്ടയ്ക്ക് പ്രത്യേക വസ്ത്രങ്ങൾ ധരിക്കേണ്ടതുണ്ട്. മഞ്ഞുകാലത്തു പക്ഷികളെ വേട്ടയാടാൻ വെള്ള യൂണിഫോം ധരിക്കണം. 

ഫിൻലൻഡ്‌, സ്വീഡൻ, നോർവേ മുതലായ രാജ്യങ്ങൾ ഇപ്രകാരം ചെന്നായ്ക്കളെ സംഖ്യാനിയന്ത്രണങ്ങളുടെ ഭാഗമായി കൊന്നൊടുക്കാറുണ്ട്. സംഖ്യാനിയന്ത്രണ ബോർഡ് നിശ്ചയിക്കുന്ന എണ്ണമനുസരിച്ചാണ് മൃഗങ്ങളെ കൊല്ലുവാനുള്ള അനുവാദം. ചെന്നായ കൂടാതെ, കരടി, ലിങ്ക്സ് (കാട്ടുപൂച്ച) മുതലായ മൃഗങ്ങൾക്കും ഇവിടെ  സംഖ്യ നിയന്ത്രണം ബാധകമാണ്. 

വേട്ടക്കാർക്ക് വനംവകുപ്പാണ് ലൈസൻസ് നൽകുന്നത്. ഇത് ലഭിക്കാൻ ഫിന്നിഷ് ഭാഷയിലുള്ള പരീക്ഷ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യ പരിശോധനയിലും വിജയിക്കണം. പൊലീസിൽ അപേക്ഷ കൊടുത്ത് അവരുടെ അന്വേഷണങ്ങൾക്കു ശേഷമാണ് ലൈസൻസ് നൽകുന്നത്. ലൈസൻസിനും ഷൂട്ടിങ് ടെസ്റ്റിലെ വിജയത്തിനും പുറമേ, വേട്ടക്കാർ പ്രാദേശിക ഹണ്ടിങ് ക്ലബ്ബുകളിൽ അംഗത്വമെടുക്കാറുണ്ട്. 

വായിക്കാം: കാടെവിടെ മക്കളെ? 2000 മുതൽ ഇന്ത്യയ്ക്ക് നഷ്ടമായത് 2.33 ദശലക്ഷം ഹെക്ടർ മരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!