വന്നു, കട്ടു, അകത്തായി - യുകെയിൽ വന്നിറങ്ങിയതിന്റെ രണ്ടാം നാൾ ജയിലിലായി റുമേനിയക്കാരൻ

By Web TeamFirst Published Jun 12, 2019, 5:50 PM IST
Highlights

അപരിചിതമായ ഒരു രാജ്യത്ത് ഉപജീവനാർത്ഥം എത്തിപ്പറ്റി, അജ്ഞാതനായ ഒരാൾ  പറഞ്ഞതും വിശ്വസിച്ച്, ആവശ്യമില്ലാത്ത പണിക്കിറങ്ങിപ്പുറപ്പെട്ട്  ഇപ്പോൾ സ്വന്തം നില നിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണ്  ലിയോണാർഡ്

ലിയോണാർഡ് ട്യൂഡർ ഒരു റൊമാനിയൻ പൗരനാണ്. ഉപജീവനാർത്ഥം യുകെയിലേക്ക് വിമാനം കേറിവരുമ്പോൾ, അയാളുടെ കുഞ്ഞ് പിറന്നിട്ട് രണ്ടാഴ്ച തികയുന്നേയുണ്ടായിരുന്നുള്ളൂ. അറിയാത്ത ഒരു നാട്ടിൽ വന്നു പെട്ടാൽ ആരും ആദ്യം ശ്രമിക്കുക, നേർ വഴിക്ക് വല്ല ജോലിയും ചെയ്ത് പിടിച്ചു നിൽക്കാനാണ്. പക്ഷേ, ചിലപ്പോൾ പ്രവാസ ജീവിതം നമുക്ക് സമ്മാനിക്കുക വളരെ നിർദ്ദയമായ അനുഭവങ്ങളാവും. പട്ടിണി കിടന്ന് ഗതികെടുമ്പോൾ അറിയാതെ മോഷ്ടിച്ച് പോവുന്നവരും ഉണ്ടാവും. എന്നാൽ, അറിയാത്ത ഒരു നാട്ടിൽ വന്നിറങ്ങി രണ്ടാം നാൾ തന്നെ മോഷ്ടിക്കാൻ ഇറങ്ങുന്നയാളുടെ മാനസികാവസ്ഥ, അതെന്താവും...? 

 ലിയോണാർഡിന്റെ കാര്യത്തിൽ മിക്കവാറും അത് പ്രായത്തിന്റെ എടുത്തുചാട്ടമാവാനാണ് വഴി. യുകെയിൽ വന്നിറങ്ങിയ അന്ന് അവൻ നേരെ ചെന്നത് ഡോൺകാസ്റ്റർ എന്ന സ്ഥലത്തേക്കാണ്. അവിടെ പ്രതീക്ഷിച്ചപോലെ ഒരു ജോലി തരപ്പെടാതെ അങ്ങനെ ഇരിക്കുമ്പോഴാണ് അപരിചിതനായ മറ്റൊരു റൊമാനിയക്കാരനുമായി അവൻ പരിചയപ്പെടുന്നത്. വെറും മണിക്കൂറുകളുടെ പരിചയം വെച്ച്, ആ അപരിചിതനോടൊപ്പം അയാൾ പറഞ്ഞപോലെ ഒക്കെ പ്രവർത്തിക്കാൻ തയ്യാറായിക്കൊണ്ട്, ഒരു ഷോപ്പിങ്ങ് മോളിൽ മോഷണത്തിന് ഇറങ്ങിത്തിരിച്ചു ലിയോണാർഡ്. 

ലിയോണാർഡിന് ഉൾവശത്ത് അലുമിനിയം ഫോയിൽ ഒട്ടിച്ച ഒരു ബാഗ് കൊടുത്തത് അയാളാണ്. ആ ബാഗും കൊണ്ട് ലിയോണാർഡ് അയാളോടൊപ്പം നോട്ടിങ്ങ് ഹാമിലെ ടി മാക്സ് ഹൈപ്പർ മാർക്കറ്റിലെത്തി. അവിടെ നിന്നും  കാമറയുടെ കണ്ണിൽ പെടാതെ, ഡിറ്റക്ടറുകളെ മറയ്ക്കുന്ന ഫോയിൽ ഉള്ളിൽ ഒട്ടിച്ചതെന്ന് ആ അപരിചിതൻ പറഞ്ഞു വിശ്വസിപ്പിച്ച ബാഗിനുളിൽ ഷോപ്പിംഗ് മാളിലെ വിലപിടിപ്പുള്ള ഏതൊക്കെയോ സാധനങ്ങൾ എടുത്തിട്ട് പുറത്തുകടക്കാൻ നോക്കി ലിയോണാർഡ്. പക്ഷേ, ആ ഷോപ്പിങ്ങ് മാളിലെ സുരക്ഷാ സംവിധാനങ്ങൾ അവൻ കരുതിയതിലും ശക്തമായിരുന്നു. ബില്ലടയ്ക്കാതെ ആ സാധനങ്ങളടങ്ങിയ ബാഗുമായി പുറത്തേയ്ക്ക് ഇറങ്ങിയതും സെക്യൂരിറ്റി സ്റ്റാഫിന്റെ പിടി വീണുകഴിഞ്ഞിരുന്നു ലിയോണാർഡിന്റെ മേൽ. 

താൻ ഒറ്റയ്ക്കല്ല, തന്നെ ഇങ്ങോട്ട് കൊണ്ടുവന്നയാളും കൂടെയുണ്ടെന്ന് ലിയോണാർഡ് കുറ്റസമ്മതം നടത്തിയെങ്കിലും, സെക്യൂരിറ്റി സ്റ്റാഫ് രണ്ടാമത്തെ കള്ളനായി തിരച്ചിൽ തുടങ്ങുന്നതിനു മുമ്പ് തന്നെ വളരെ വിദഗ്ധനായ ആ കള്ളൻ തടി രക്ഷപ്പെടുത്തി അവിടം വിട്ടുകഴിഞ്ഞിരുന്നു. 

ഫലത്തിൽ, അപരിചിതമായ ഒരു രാജ്യത്ത് ഉപജീവനാർത്ഥം എത്തിപ്പറ്റി, അജ്ഞാതനായ ഒരാൾ  പറഞ്ഞതും വിശ്വസിച്ച്, ആവശ്യമില്ലാത്ത പണിക്കിറങ്ങിപ്പുറപ്പെട്ട്  ഇപ്പോൾ സ്വന്തം നില നിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണ്  ലിയോണാർഡ്. എന്തു സംഭവിച്ചാലും താൻ നോക്കിക്കോളാമെന്ന് ഉറപ്പു തന്നിരുന്ന ആ അപരിചിതനെ വിശ്വസിക്കാൻ തോന്നിയ നിമിഷത്തെ ലിയോണാർഡ് പഴിക്കുന്നുണ്ടാവും ഇപ്പോൾ മനസ്സിൽ . ഏകദേശം അമ്പതിനായിരം രൂപ വിലവരുന്ന സാധനങ്ങളായിരുന്നു ലിയോണാർഡിനെ പിടിച്ചപ്പോൾ അവന്റെ ബാഗിനുള്ളിൽ നിന്നും കണ്ടെടുത്തത്.  പ്രായം 20  വയസ്സുമാത്രമേയുള്ളൂ എന്നത് പരിഗണിച്ച് ജഡ്ജ് അവനെ ദുർഗുണ പരിഹാര പാഠശാല പോലുള്ള ഒരു സ്ഥാപനത്തിൽ 16  ആഴ്ചത്തെ പ്രൊബേഷനാണ് തൽക്കാലം അയച്ചിരിക്കുന്നത്. ഈ കുറഞ്ഞ ശിക്ഷ തന്റെ തെറ്റ് തിരിച്ചറിഞ്ഞ് നന്നാവാൻ ലിയോണാർഡിന് ഒരു അവസരമാവട്ടെ എന്ന് ജഡ്ജ് പറഞ്ഞു. 

മനസ്സില്ലാ മനസ്സോടെയാണ് താൻ അപരിചിതന്റെ വാക്കുകൾ അനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ടതെന്നും, അത് തീർത്തും അനുചിതമായിപ്പോയി എന്ന ബോധ്യമുണ്ട് എന്നും ലിയോനാർഡ് കോടതി സമക്ഷം സമ്മതിച്ചു. പ്രൊബേഷൻ കാലാവധി എത്രയും പെട്ടെന്ന് പൂർത്തിയാക്കി പുറത്തിറങ്ങിയാലും, രാജ്യത്ത് തുടരാൻ അനുവദിക്കണമെന്നും അവൻ കോടതിയോട് അപേക്ഷിച്ചു. ന്യൂ യോർക്ക് ഷെയറിൽ ചെന്ന്  അധ്വാനിച്ച് ജോലി ചെയ്ത്, നാട്ടിലുള്ള കുടുംബത്തിലേക്ക് പണം അയച്ചു നൽകാൻ ശ്രമിക്കുമെന്നും ലിയോണാർഡ് കോടതിയ്ക്ക് ഉറപ്പുനൽകി. 

click me!