വർക്ക് ഫ്രം ഹോം അടക്കം കടുത്ത നിയന്ത്രണങ്ങൾ, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ആർ.പി.ജി ഗ്രൂപ്പ് നടപടി

Published : May 14, 2026, 05:24 PM IST
Harsh Goenka

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനത്തിന് പിന്നാലെ, ജീവനക്കാർക്കായി കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, യാത്രകൾ കുറയ്ക്കുക, പുതിയ വാഹനങ്ങൾ ഇലക്ട്രിക്/ഹൈബ്രിഡ് മോഡലുകളാക്കുക എന്നിവയെല്ലാം ഇതിൽ പെടുന്നു.

അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാൻ പരമാവധി വർക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തത്. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാർക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയാണ് ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഗോയങ്ക ഈ വിവരം പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട് തങ്ങൾ മാതൃകയാവുകയാണെന്നും മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.

​ഗോയങ്ക പറയുന്ന പ്രധാന നിർദ്ദേശങ്ങളിലൊന്ന് വർക്ക് ഫ്രം ഹോം ആണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന ജീവനക്കാരെ അതിനായി പ്രോത്സാഹിപ്പിക്കുമെന്നും കമ്പനിയുടെ റിമോട്ട് വർക്കിംഗ് പോളിസി അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറയുന്നു. അതുപോലെ, വിദേശയാത്രകൾ അത്യന്താപേക്ഷിതമെങ്കിൽ മാത്രം മതിയെന്നും കമ്പനി നിർദ്ദേശിച്ചു. ആഭ്യന്തര വിമാനയാത്രകളും മറ്റ് സംസ്ഥാനങ്ങളിലെ മീറ്റിംഗുകളും പരമാവധി കുറയ്ക്കും. ഇന്റേണൽ റിവ്യൂകൾ, ഇന്റർവ്യൂകൾ, ദിവസേന നടക്കേണ്ടുന്ന മീറ്റിംഗുകൾ എന്നിവ ഓൺലൈനായി നടത്താനും നിർദ്ദേശമുണ്ട്.

അതുപോലെ തന്നെ ഇന്ധന ഉപയോ​ഗം കുറക്കാനുള്ള നടപടി എന്ന നിലയിൽ കമ്പനിയുടെ ഉടമസ്ഥതയിലോ ലീസിനോ എടുക്കുന്ന പുതിയ വാഹനങ്ങൾ ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് മോഡലുകൾ ആയിരിക്കണം. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ ട്രെയിൻ, മെട്രോ, പബ്ലിക് ട്രാൻസ്‌പോർട്ട് അല്ലെങ്കിൽ കാർപൂളിംഗ് രീതികൾ തിരഞ്ഞെടുക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'ഒരു ഗ്രൂപ്പ് എന്ന നിലയിൽ, ഈ നടപടികൾ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചുകൊണ്ട് നമ്മുടെ ടീമുകൾക്ക് ശരിയായ മാതൃക കാണിച്ചു കൊടുക്കേണ്ടത് പ്രധാനമാണ്' എന്നാണ് ഹർഷ ഗോയങ്ക പറയുന്നത്.

 

 

അതിനിടെ, ഡെല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം പൂർണമായും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്നോട്ട് വന്നു. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രക്ഷിതാവിനൊപ്പമെത്തിയ കുട്ടി തീകത്തിച്ചു കളിച്ചു, ഓഫീസ് മുഴുവനും കത്തിനശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം!
ആപ്പിൾലോഡുമായി വന്ന കർഷകൻ കിടപ്പിലായി, ഒരു ​ഗ്രാമമാകെ ഒന്നിച്ചു ചേർന്നു, പിന്നാലെ രണ്ട് നാടുകളുടെ അപൂർവ കരാർ