രക്ഷിതാക്കള്‍ക്ക് ഡ്രസ് കോഡുമായി ഒരു സ്‌കൂള്‍; രൂക്ഷവിമര്‍ശനം; നിലപാട് മാറ്റാതെ മാനേജ്‌മെന്റ്

By Web TeamFirst Published Oct 6, 2021, 3:09 PM IST
Highlights

മാതാപിതാക്കള്‍ എന്ത് വസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളിന് അധികാരമുണ്ടോ?
 

എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ മാതാപിതാക്കള്‍ എന്ത് വസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളിന് അധികാരമുണ്ടോ? കുട്ടികളെ കൊണ്ടുവിടാന്‍ വരുന്ന രക്ഷിതാക്കള്‍ പൈജാമ ധരിക്കുന്നത് നിരോധിച്ച യുകെയിലെ മിഡില്‍സ്ബറോയിലെ ഒരു സ്‌കൂള്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്.  

ഐറിസോം പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക ഷാര്‍ലറ്റ് ഹെയ്ലോക്കാണ് വെള്ളിയാഴ്ച ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച് പോസ്റ്റിട്ടത്. വീട്ടിലിടുന്ന ഗൗണ്‍, പൈജാമ, സ്ലിപ്പറുകള്‍ എന്നിവ ധരിച്ച് രക്ഷിതാക്കള്‍ സ്‌കൂളില്‍ വരാന്‍ പാടില്ലെന്നായിരുന്നു പോസ്റ്റ്. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ വരുന്ന രക്ഷിതാക്കള്‍ വീട്ടിലിടുന്ന വസ്ത്രം ധരിക്കുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ നിരോധനം എന്നായിരുന്നു സ്‌കൂളിന്റെ വിശദീകരണം.  

കുട്ടികളെ സ്‌കൂളില്‍ വിടുമ്പോഴും, വിളിക്കാന്‍ വരുമ്പോഴും രക്ഷിതാക്കള്‍ ഉചിതമായ വസ്ത്രം ധരിക്കണമെന്ന് പോസ്റ്റില്‍ പറയുന്നു. 'ഒരു സ്‌കൂള്‍ എന്ന നിലയില്‍, കുട്ടികളെ മാന്യമായ വസ്ത്രം ധരിക്കാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ മാതാപിതാക്കളും അതുപോലെ ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു'-അവര്‍ കൂട്ടിച്ചേര്‍ത്തു.

ചില രക്ഷിതാക്കള്‍ ഈ നടപടിയെ സ്വാഗതം ചെയ്തപ്പോള്‍, പലരും അതിനെ പിന്തുണച്ചില്ല. കുട്ടികള്‍ക്ക് യൂണിഫോമാവാം, രക്ഷിതാക്കള്‍ക്ക് അതിന്റെ ആവശ്യം എന്തെന്ന് ചോദ്യമുയര്‍ന്നു. കുട്ടികള്‍ സ്‌കൂളില്‍ എന്ത് വസ്ത്രം ധരിച്ചെത്തുന്നു എന്നത് മാത്രമാണ് പ്രധാനമെന്നും മാതാപിതാക്കളുടെ വസ്ത്രം എന്തെന്ന് തീരുമാനിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും വിമര്‍ശനമുയര്‍ന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് ഇതെന്ന് മറ്റൊരു രക്ഷിതാവ് അഭിപ്രായപ്പെട്ടു. 

ഇത്തരത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രധാനാധ്യാപികയെ പൂര്‍ണ്ണമായും പിന്തുണച്ചിരിക്കുകയാണ്. നൈറ്റ് ഗൗണുമിട്ട് സ്‌കൂളില്‍ വരുന്ന രക്ഷിതാക്കള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപിക ഈ തീരുമാനം എടുത്തത് എന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

click me!