
"കുട്ടികളെ ഇനിയും ഇവിടെ പഠിപ്പിക്കണമെന്നുണ്ടെങ്കില്‍ ഫീസ് തന്നേ മതിയാകൂ". സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ കേട്ട മാതാപിതാക്കള്‍ അമ്പരന്നു. കഴിഞ്ഞ വര്‍ഷം വരെ കുട്ടികളെ സൗജന്യമായി പഠിപ്പിച്ചിരുന്നതാണ്. ഇത്തവണ എന്താണാവോ ഇങ്ങനെ....മാതാപിതാക്കളുടെ മുഖത്തെ പരിഭ്രമം കണ്ടതും പ്രിന്‍സിപ്പാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "എനിക്ക് ഫീസായി വേണ്ടത് ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്‌തുക്കളാണ്." കാര്യമെന്താണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ക്രമേണ ആ മാതാപിതാക്കള്‍ ഓരോരുത്തരും തിരിച്ചറിഞ്ഞു, തങ്ങള്‍ ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാകുകയാണെന്ന്!!
അസമിലെ ദിസ്‌പൂരിലുള്ള അക്ഷര്‍ ഫോറം സ്‌കൂളില്‍ നിന്നുള്ളതാണ് ഈ വേറിട്ട കഥ. ഇവിടെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസായി ഈടാക്കുന്നത് ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക് ആണ്. ആഴ്‌ച്ചതോറും ഇത്തരത്തിലുള്ള 20 പ്ലാസ്റ്റിക് വസ്‌തുക്കള്‍ കുട്ടികള്‍ ഓരോരുത്തരും കൊണ്ടുവരണമെന്നാണ് സ്‌കൂളിലെ നിയമം. ഇങ്ങനെ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് കൊണ്ട് കുപ്പികള്‍ക്കുള്ളില്‍ കൂടുകള്‍ നിറച്ച് എക്കോ ബ്രിക്‌സ് നിര്‍മ്മിച്ചും മറ്റും വിവിധ പ്ലാസ്റ്റിക് പുനരുപയോഗ മാര്‍ഗങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷിക്കുന്നത്.
"അസമില്‍ പ്ലാസ്റ്റിക് ഉപയോഗം വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചത്". പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേറിട്ട രീതി പരീക്ഷിക്കുന്നതിനെക്കുറിച്ച് സ്‌കൂള്‍ ഉടമ പര്‍മിത ശര്‍മ്മ പറയുന്നു. പര്‍മിതയും ന്യൂയോര്‍ക് സ്വദേശിയായ ഭര്‍ത്താവ് മസീന്‍ മുക്താറും ചേര്‍ന്നാണ് സ്‌കൂള്‍ നടത്തുന്നത്. 110 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളിലുള്ളത്.
സ്വന്തം വീടുകളില്‍ നിന്ന് മാത്രമല്ല അയല്‍വീടുകളില്‍ നിന്ന് വരെ കുട്ടികള്‍ പ്ലാസ്റ്റിക് ശേഖരിച്ച് സ്‌കൂളിലെത്തിക്കുന്നുണ്ട്. അലക്ഷ്യമായി വലിച്ചെറിയാതെ പ്ലാസ്റ്റിക് കുപ്പികളും കൂടുകളും ഇങ്ങനെ ശേഖരിക്കപ്പെടുന്നതിന്റെ ഉദ്ദ്യേശ്യവും ലക്ഷ്യവും അങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുമുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കുമെന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വലിച്ചെറിയില്ലെന്നും മാത്രമല്ല അവ കത്തിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ലെന്നും മാതാപിതാക്കളെ കൊണ്ട് കുട്ടികള്‍ പ്രതിജ്ഞ ചെയ്യിച്ചിട്ടുണ്ട്.
"നേരത്തെ ഞങ്ങളീ പ്ലാസ്റ്റിക്കൊക്കെ കത്തിച്ചുകളയുമായിരുന്നു. അത് പുറന്തള്ളുന്നത് വിഷവാതകമാണെന്നോ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമാണെന്നോ ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഇപ്പോഴങ്ങനെയല്ല. സ്‌കൂളുകാര്‍ ചെയ്യുന്നത് വളരെ വലിയ നന്മ തന്നെയാണ്." മാതാപിതാക്കളിലൊരാളായ മെനു ബോറാ പറയുന്നു.