പരിസര മലിനീകരണം ഒഴിവാക്കി എങ്ങനെ പന്നിവളര്‍ത്താം?

By Web TeamFirst Published Nov 29, 2019, 4:41 PM IST
Highlights

കേരളത്തില്‍ ഏറെ സാധ്യതകളുള്ള മേഖലയാണ് പന്നി വളര്‍ത്തല്‍. ഉയര്‍ന്ന തീറ്റ പരിവര്‍ത്തന ശേഷിയുള്ള മൃഗമാണ് പന്നി. അതുപോലെ തീറ്റച്ചെലവ് കുറവും.

കേരളത്തില്‍ ഏറെ സാധ്യതകളുള്ള മേഖലയാണ് പന്നി വളര്‍ത്തല്‍. ഉയര്‍ന്ന തീറ്റ പരിവര്‍ത്തന ശേഷിയുള്ള മൃഗമാണ് പന്നി. അതുപോലെ തീറ്റച്ചെലവ് കുറവും. ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവും എളുപ്പത്തില്‍ വളരുന്നതുകൊണ്ട് മാംസോത്പാദനത്തിലൂടെ ആദായം നേടിത്തുരുന്നുവെന്നതും പന്നിവളര്‍ത്തലിലേക്ക് തിരിയാന്‍ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. പന്നികളെ വില്‍ക്കുമ്പോള്‍ അവയ്ക്ക് 13 കിലോ എങ്കിലും ശരീരഭാരം ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ശാസ്ത്രീയമായ രീതിയില്‍ എങ്ങനെ പന്നിവളര്‍ത്താം?

'ഒരു മൃഗമാണ് പന്നി എന്ന കാര്യം മറക്കുക. ഫാക്ടറിയില്‍ ഒരു യന്ത്രത്തെ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് അതുപോലെ അതിനെയും കൈകാര്യം ചെയ്യുക.' ഇത് എഴുതിയത് കൃഷിയധിഷ്ഠിത മേഖലകളെക്കുറിച്ച് പഠിച്ച 'ഹോഗ് ഫാം മാനേജ്മെന്റ് ' എന്ന വ്യാവസായിക ജേണലിന്റെ എഡിറ്ററായ ജോണ്‍ ബൈണ്‍സ് ആണ്. ഏത് ഭക്ഷണാവശിഷ്ടവും സ്വാദിഷ്ടമായ മാംസമാക്കി മാറ്റുന്ന വ്യവസായ ശാലയായാണ് പന്നിയെ വിശേഷിപ്പിക്കുന്നത്.

ശാസ്ത്രീയമായ പന്നിവളര്‍ത്തല്‍ കേരളത്തില്‍

തൃശൂര്‍ ജില്ലയിലെ അയ്യമ്പിള്ളിക്കുന്ന് എന്ന സ്ഥലത്താണ് ശാസ്ത്രീയമായ പന്നിവളര്‍ത്തല്‍ ഫാം ആരംഭിച്ചത്. ഏകദേശം 39.6741 ഹെക്ടര്‍ വിസ്തൃതിയുള്ള കുന്നിന്‍പുറത്തായിരുന്നു ഇത്.

സമുദ്രനിരപ്പില്‍ നിന്ന് 100 മീറ്റര്‍ ഉയരമുള്ള ചരിഞ്ഞ പ്രദേശമായിരുന്നു ഇത്. പന്നിവളര്‍ത്തലിന് ശാസ്ത്രീയ ഷെഡ്ഡുകള്‍, ബീജശേഖരണത്തിനുള്ള ലബോറട്ടറി, അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള വേസ്റ്റ് ട്രീറ്റ്മെന്റ് പ്ളാന്റ്, തീറ്റസംഭരണശാല,കിണര്‍, പമ്പ് ഹൗസ്, ചുറ്റുമതില്‍ തുടങ്ങി സര്‍വ സജ്ജീകരണങ്ങളോടും കൂടിയ ഫാം 1996ല്‍ പ്രവര്‍ത്തനമാരംഭിച്ചു. പന്നിവളര്‍ത്തല്‍ കാരണമുണ്ടാകുന്ന മലിനീകരണം കാരണം ഫാം അടച്ചുപൂട്ടേണ്ടി വന്നു. ശുദ്ധജനുസില്‍പ്പെട്ട പന്നികളുടെ ഡിമാന്റ് കണക്കിലെടുത്ത് പുത്തൂരില്‍ നിന്ന് ഈ ഫാമിന്റെ പ്രവര്‍ത്തനം കൂത്താട്ടുകുളത്തേക്ക് മാറ്റി. 2007 ജനുവരിയിലാണ് കെ.എല്‍.ഡി ബോര്‍ഡ്-എം.പി.ഐ സംയുക്ത സംരംഭമായി കൂത്താട്ടുകുളത്തെ എം.പി.ഐയുടെ പടിഞ്ഞാറന്‍ കുന്നിന്‍പ്രദേശത്ത് പന്നികള്‍ക്ക് ആവാസസ്ഥാനം ഒരുക്കിയത്.

പന്നിവളര്‍ത്തലിന്റെ ലക്ഷ്യം

ഡ്യൂറോക്ക്,ലാര്‍ജ് വൈറ്റ് യോര്‍ക്ക്ഷെയര്‍, ലാന്‍ഡ്റേസ് എന്നീ മികച്ച പന്നിയിനങ്ങളുടെ ശുദ്ധജനുസുകളെ ഉത്പാദിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതായിരുന്നു ഫാമിന്റെ പ്രധാന ലക്ഷ്യം. അതുപോലെ ശുദ്ധ ജനുസിലുള്ള കന്നുകാലികളെ ഇന്ത്യയിലാകമാനം നല്‍കാനുള്ള പ്രധാന സ്രോതസായി പ്രവര്‍ത്തിക്കുക, മികച്ച തീറ്റ പരിവര്‍ത്തനശേഷിയും കൊഴുപ്പ് തീരെക്കുറഞ്ഞ പന്നിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്‍കുക എന്നിവയും കൂത്താട്ടുകുളത്തെ ഫാമിന്റെ ലക്ഷ്യങ്ങളായിരുന്നു.


ശാസ്ത്രീയമായ തീറ്റക്രമം

കേരളത്തില്‍ പിന്നാമ്പുറ രീതി, വാണിജ്യ രീതി എന്നിങ്ങനെ രണ്ടു രീതിയിലാണ് പന്നി വളര്‍ത്തല്‍. വീട്ടിലെ ആവശ്യത്തിനായി ഒന്നോ രണ്ടോ പന്നികളെ വീട്ടിലെ ഭക്ഷണാവശിഷടവും കൃഷിയിടത്തിലെ അവശിഷ്ടങ്ങളും നല്‍കി വളര്‍ത്തുന്നതാണ് പിന്നാമ്പുറ രീതി. വാണിജ്യ രീതിയില്‍ വളര്‍ത്തുന്ന പന്നികള്‍ക്ക് നല്‍കുന്നത് ഹോട്ടലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും ലഭിക്കുന്ന അവശിഷ്ടങ്ങളാണ്.

സാധാരണഗതിയില്‍ പന്നികള്‍ക്ക് ദിവസം ഒരുനേരം മാത്രം ഭക്ഷണം നല്‍കിയാല്‍ മതി. ഇറച്ചിക്ക് വേണ്ടി വളര്‍ത്തുന്നവയ്ക്ക് ദിവസവും രണ്ടുനേരം നല്‍കാം. ഗര്‍ഭാവസ്ഥയിലും നഴ്സറിയിലുമുള്ളവയ്ക്ക് ആവശ്യാനുസരണം നല്‍കണം.

ചോളം, ഗോതമ്പ്, തവിട് സോയ തുടങ്ങിയവയാണ് പ്രധാന പോഷക പദാര്‍ത്ഥങ്ങളായി പന്നിക്ക് നല്‍കുന്നത്. മാംസ്യത്തിന്റെ കുറവുണ്ടെങ്കില്‍ ഇറച്ചിയും എല്ലുപൊടിയും നല്‍കും.

പന്നികളെ പരിചരിക്കുന്ന വിധം

പന്നികളുടെ ഫാം പ്രധാനമായും മൂന്ന് വിഭാഗങ്ങളിലാണ് പരിചരണരീതി അവലംബിക്കുന്നത്. പ്രജനന വിഭാഗം, ഗര്‍ഭകാല പരിചരണ വിഭാഗം, ഇറച്ചിപ്പന്നി പരിപാലന വിഭാഗം എന്നിവയാണ് അവ.

ഗര്‍ഭാവസ്ഥയിലുള്ള പന്നികളുടെ തീറ്റ നല്‍കലും അള്‍ട്രാസൗണ്ട് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭാവസ്ഥയുടെ നിര്‍ണയവും പ്രജനന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

കോമ്പല്ലുകളുടെ അഗ്രം മുറിയ്ക്കുക, ഇരുമ്പ് സത്ത് കുത്തിവെക്കുക, വാല് മുറിയ്ക്കുക, കാത്സ്യം കുത്തിവെക്കുക എന്നിവയെല്ലാം ഗര്‍ഭകാല പരിചരണ വിഭാഗത്തില്‍ നടത്തുന്നു.

ജനിച്ച് 60 ദിവസമാകുമ്പോള്‍ ശരീരഭാരം നോക്കി പന്നിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് ഇറച്ചിയാവശ്യത്തിന് വില്‍പ്പനയക്ക് ഒരുക്കുന്നതാണ് ഇറച്ചിപ്പന്നി പരിപാലന വിഭാഗത്തിന്റെ ജോലി.

പരിസരമലിനീകരണം ഒഴിവാക്കുക

ശാസ്ത്രീയമായ രീതിയിലുള്ള പന്നിവളര്‍ത്തല്‍ പ്രചരിപ്പിക്കണം. ശുചിത്വത്തെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ബോധവാന്‍മാരാകേണ്ടത്. പന്നിപ്പനി, കുളമ്പ് രോഗം മുതലായ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ നല്‍കണം. നല്ല തീറ്റയും സംരക്ഷണവും നല്‍കണം. കൂത്താട്ടുകുളത്തുള്ള ഫാമില്‍ ശാസ്ത്രീയമായി പരിപാലിക്കുന്ന കുഞ്ഞുങ്ങളെ വാങ്ങാന്‍ മറുനാട്ടില്‍ നിന്നും ആവശ്യക്കാര്‍ എത്താറുണ്ടെന്ന് അധികൃതര്‍ പറയുന്നു. 2015-16 ല്‍ എഴുന്നൂറിലധികം ഇറച്ചിക്കുഞ്ഞുങ്ങളെ ഫാമില്‍ നിന്ന് വിറ്റു. ശുദ്ധജനുസായ 112 കുഞ്ഞുങ്ങളെ ഇവര്‍ ഉത്പാദിപ്പിച്ചു.

അങ്കമാലി ബ്ലാക്ക് പിഗ്

നാടന്‍ ജനുസാണ് ഇത്. വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഇവയുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഇവയുടെ സംരക്ഷണവും ഇവിടെ നടത്തുന്നുണ്ട്. കൊഴുപ്പ് കുറവുള്ളതും കൊളസ്ട്രോള്‍ കുറഞ്ഞതുമായ മാംസമാണ് ഇവയുടെ പ്രത്യേകത. രോഗപ്രതിരോധ ശേഷിയും കൂടുതലുണ്ട്. പന്നിപ്പനിയെ ചെറുക്കാനുള്ള കഴിവുമുണ്ട്. അതിനാല്‍ ഇത്തരം പന്നികളുടെ ഇറച്ചിക്ക് ഡിമാന്റ് കൂടുതലാണ്.

(കടപ്പാട്: മുന്‍ കൃഷി ജോയിന്റ് ഡയറക്ടര്‍ സുരേഷ് മുതുകുളം എഴുതിയ പുസ്തകം 'കേരളത്തിന്റെ ഗോകുലം')

click me!