
ടൂറിസം ഒരു വലിയ വ്യവസായമാണ്. പല രാജ്യങ്ങളിലും പ്രധാന വരുമാന മാർഗം കൂടിയാണ് ടൂറിസം. എന്നാൽ, ടൂറിസ്റ്റുകൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് പാലിച്ചില്ലായെങ്കിൽ മിക്കവാറും അതിനെതിരെയുള്ള നടപടികൾ നേരിടേണ്ടി വരും. മിക്കവാറും ഓരോ പ്രദേശത്തിന്റെയും സാംസ്കാരികമായും പാരിസ്ഥിതികമായുമുള്ള പ്രത്യേകതകൾ സംരക്ഷിക്കുന്ന തരത്തിലായിരിക്കും വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണങ്ങൾ. അതുപോലെ, ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് രണ്ട് ചൈനീസ് വിനോദസഞ്ചാരികൾക്കെതിരെ തായ്‍ലാൻഡ് നടപടി എടുത്തിരിക്കയാണ്. രണ്ടുപേരെയും ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇരുവരും പകർത്തിയ ചിത്രമാണ് ഇങ്ങനെ ഒരു അനന്തരഫലത്തിലേക്ക് എത്തിച്ചത്. വിനോദസഞ്ചാരികൾ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഇരുവർക്കും ജയിൽ ശിക്ഷയും പിഴയും വിധിക്കുകയും ചെയ്തിരിക്കയാണ്. ഡൈവിംഗ് നടത്തുന്നതിനിടെ പവിഴപ്പുറ്റുകളിൽ ചവിട്ടി, നക്ഷത്രമത്സ്യത്തെ സെൽഫിക്ക് വേണ്ടി ഉപയോഗിച്ചു എന്നതാണ് ഇരുവർക്കും മീതെ ചുമത്തിയിരിക്കുന്ന കുറ്റം.
ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക, വില 30 കോടി!
ഈ ചിത്രങ്ങൾ വലിയ തോതിൽ ഓൺലൈനിൽ പ്രചരിച്ചിരുന്നു. പിന്നാലെ അധികൃതർക്ക് ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടി വരികയായിരുന്നു. പൊലീസ് പറയുന്നത് അനുസരിച്ച്, ട്രാവൽ ഏജൻസിയുടെ പ്രതിനിധിക്കൊപ്പം എത്തിയ സന്യാങ് ക്വിൻ, വെൻ ഷാങ് എന്നിവരെ ചോദ്യം ചെയ്യുന്നതിനായി ചലോംഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് ചൈനീസ് വിനോദസഞ്ചാരികൾ കോഹ് റാച്ച യായിക്ക് സമീപമുള്ള ആവോ ലായിൽ ഡൈവിംഗ് നടത്തുകയായിരുന്നു. അതിനിടെ ചിത്രങ്ങൾ പകർത്താൻ വേണ്ടി ഇവർ നക്ഷത്രമത്സ്യങ്ങളെ പിടിക്കുക, പവിഴപ്പുറ്റുകളിൽ കയറുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം.
പിറ്റേദിവസം ഇവർ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്തു. ഇതോടെ സമുദ്ര സംരക്ഷണ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ, ഇവരെ ചോദ്യം ചെയ്തു. ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.