ഈ ഗ്രാമത്തിലെ വീടുകളില്‍ വാതിലുകളടക്കാറില്ല, മോഷ്ടാക്കള്‍ക്ക് അന്ധതയും നിര്‍ഭാഗ്യവും വരുമെന്ന് വിശ്വാസം

Published : Apr 25, 2026, 01:11 PM IST
Shani Shingnapur

Synopsis

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളോ പൂട്ടുകളോ വേണ്ട എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ശനി ഭഗവാൻ തങ്ങളെ സംരക്ഷിക്കുമെന്ന അടിയുറച്ച വിശ്വാസമാണ് ഇതിന് പിന്നിൽ. 

മോഷണത്തെ ഭയന്ന് വീടിന് നല്ല വാതിലുകളും മതിലുകളും പണിയുക മാത്രമല്ല സിസിടിവി കൂടി ഇന്ന് നമ്മൾ വയ്ക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽ വീടുകൾക്ക് വാതിലോ പൂട്ടോ ഒന്നുമില്ലാത്ത ഒരു ഗ്രാമമുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലുള്ള ശനി ശിംഗ്നാപ്പൂർ എന്ന ഗ്രാമമാണ് അത്. വർഷങ്ങളോളം ഇവിടുത്തുകാർ വാതിലുകളടയ്ക്കാതെയാണ് ജീവിച്ചത്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സംഭവമാണ് ഈ ഗ്രാമത്തിന്റെ ഈ രീതിക്ക് കാരണമായി തീർന്നത്. പനസനാല നദിയിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെ ഗ്രാമവാസികൾക്ക് ഒരു കറുത്ത കല്ല് ലഭിച്ചു. ആ കല്ലിൽ സ്പർശിച്ചപ്പോൾ അതിൽ നിന്നും രക്തം വന്നുവെന്നും, അന്ന് രാത്രി ഗ്രാമത്തലവന്റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം. ആ ശില തന്റെ വിഗ്രഹമാണെന്നും ഗ്രാമത്തിന്റെ സംരക്ഷണം താൻ ഏറ്റെടുക്കുമെന്നും ഭഗവാൻ സ്വപ്നത്തിൽ പറഞ്ഞത്രെ.

എന്നാൽ, ഒരു നിബന്ധനയുണ്ടായിരുന്നു. വിഗ്രഹത്തിന് മുകളിൽ മേൽക്കൂര പണിയാൻ പാടില്ല. തടസ്സങ്ങളില്ലാതെ തനിക്ക് ഗ്രാമത്തെ നിരീക്ഷിക്കണമെന്നതായിരുന്നു ഭഗവാന്റെ ആഗ്രഹം. അന്ന് മുതൽ ഗ്രാമവാസികൾ വീടുകളുടെ വാതിലുകൾ ഒഴിവാക്കുകയും ഭഗവാന്റെ കാവലിൽ വിശ്വസിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ഇന്നും ഈ ഗ്രാമത്തിലെ മിക്ക വീടുകളിലും വാതിലുകൾ ഇല്ല. തെരുവുനായ്ക്കളും മറ്റു മൃഗങ്ങളും അകത്തു കയറാതിരിക്കാൻ വെറും കർട്ടനുകളോ ലളിതമായ മരപ്പലകകളോ മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്. ഇവിടെ ആരെങ്കിലും മോഷ്ടിക്കാൻ മുതിർന്നാൽ അവർക്ക് അന്ധതയോ ഏഴരവർഷത്തെ നിർഭാഗ്യമോ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ചില ഒറ്റപ്പെട്ട മോഷണ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഗ്രാമത്തിന്റെ അതിർത്തിക്ക് പുറത്താണ് അവ നടന്നതെന്നാണ് നാട്ടുകാരുടെ വാദം. തീർത്ഥാടനത്തിനും ടൂറിസത്തിനും അറിയപ്പെടുന്ന ​ഗ്രാമം കൂടിയാണ് ഇത്.

എന്നാൽ, അതേസമയം തന്നെ കാലം മാറിയതനുസരിച്ച് ഇന്ന് ചിലരെല്ലാം വീടുകളിൽ വാതിലുകളും പൂട്ടുകളുമെല്ലാം വച്ച് തുടങ്ങിയിട്ടുണ്ട്. എന്നാലും, മിക്കവരും ഇപ്പോഴും വാതിലും പൂട്ടും വയ്ക്കുന്നതിനെ എതിർക്കുന്നവരാണ്.

 

PREV
Read more Articles on
click me!

Recommended Stories

അല്പവസ്ത്രധാരികളായ നർത്തകിമാർ, ശവസംസ്കാര ചടങ്ങിൽ 'ഗ്ലാമർ' നൃത്തം; വിമർശിച്ച് സോഷ്യൽ മീഡിയ
പുലര്‍ച്ചെ മുതല്‍ രാത്രി വരെ കഠിനാധ്വാനം , ഈ ഭക്ഷണമാണ് നൽകുന്നത്, സിംഗപ്പൂരില്‍ ജോലിക്കാരിയുടെ അവസ്ഥ! പോസ്റ്റ്