
ഹാരിസ് അലി (Haris Ali) എന്ന മൃഗസ്നേഹി നടത്തുന്ന ട്രസ്റ്റാണ് സർവോഹം(Sarvoham Trust). അനാഥരും പരിക്കേറ്റിരിക്കുന്നതുമായ നായകളുടെ അഭയകേന്ദ്രമാണത്. അയൽപക്കത്തെ നായ്ക്കൾക്കും പശുക്കൾക്കും ഭക്ഷണം കൊടുക്കുന്ന മാതാവാണ് ഹാരിസിൽ മൃഗങ്ങളോടുള്ള സ്നേഹം കുട്ടിക്കാലത്ത് തന്നെ വളർത്തിയത്. എന്നിരുന്നാലും, സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ, വീട്ടിൽ വളർത്തുമൃഗത്തെ വളർത്താൻ അനുവദിച്ചില്ല. എന്നാൽ, രോഗബാധിതരും ഉപേക്ഷിക്കപ്പെട്ടവരുമായ മൃഗങ്ങളെ പരിപാലിക്കുക എന്നതാണ് തന്റെ ജീവിതത്തിലെ യഥാർത്ഥ ലക്ഷ്യം എന്ന് ഹാരിസിന് നേരത്തെ തന്നെ അറിയാമായിരുന്നു.
ഹാരിസിന് ഇപ്പോൾ സ്വന്തമായി സൈബർ സുരക്ഷാ കമ്പനിയായ ഓർകാസ സൈബർ സെക്യൂരിറ്റി എന്നൊരു കമ്പനിയുണ്ട്. ഒപ്പം, പരിക്കേറ്റ മൃഗങ്ങളെ പരിപാലിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സർവോഹം ട്രസ്റ്റ് 2017 ഏപ്രിലിൽ ആണ് ആരംഭിക്കുന്നത്. “സർവോഹം തുടങ്ങുന്നതിന് മുമ്പുള്ള ആദ്യ ദിനങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഞാൻ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. അവിടെ ആളുകൾ തെരുവിൽ മൃഗങ്ങൾക്ക് വൈദ്യസഹായം ആവശ്യമുള്ളതായി റിപ്പോർട്ട് ചെയ്തു. നഗരത്തിലെ ഒട്ടുമിക്ക റെസ്‌ക്യൂ ഓർഗനൈസേഷനുകളിലും വളരെ കുറച്ച് ജീവനക്കാരും പരിമിതമായ ഫണ്ടുകളുമാണുള്ളത്. അതിനാൽ, ഞാൻ പോയി അവയെ ആശുപത്രിയിൽ കൊണ്ടുപോകുകയും അവയുടെ പരിചരണത്തിനുള്ള പണം എന്റെ പോക്കറ്റിൽ നിന്ന് നൽകുകയും ചെയ്യും” ഹാരിസ് സോഷ്യൽ സ്റ്റോറിയോട് പറഞ്ഞു.
പലപ്പോഴും പരിക്കേറ്റ മൃഗങ്ങളെ കുറിച്ച് പറഞ്ഞ് ഹാരിസിന് വിളി വരും. പക്ഷേ, വലിയ പൈസ കയ്യിൽ നിന്നുമെടുത്ത് വേണം അവയെ ചികിത്സിക്കാൻ. സ്വകാര്യ ആശുപത്രികളിൽ ഭീമമായ ചികിത്സാ ബില്ലുകൾ നൽകാതെ കൂടുതൽ നായ്ക്കളെ സഹായിക്കാനും അവയ്ക്ക് പരിചരണം നൽകാനും കഴിയുമെന്ന് ഹാരിസിന് മനസിലായതോടെയാണ് സർവോഹം തുടങ്ങാനുള്ള ആശയം വന്നത്. എന്നാൽ, അപ്പോഴും അത് വലിയ ചിലവായിരുന്നു, അത് ഹാരിസ് കൈകാര്യം ചെയ്തത് പൂർണ്ണമായും സ്വന്തം പോക്കറ്റിൽ നിന്നാണ്.
"ആദ്യ ഒന്നര വർഷത്തിനുള്ളിൽ ഞാൻ നായ്ക്കളെ സംരക്ഷിക്കാൻ ഒരു കോടി രൂപയോളം ചെലവഴിച്ചു. അതിനുശേഷം, ഞാൻ ചെയ്യുന്നത് യഥാർത്ഥ ജോലിയാണെന്ന് മനസ്സിലാക്കിയ ആളുകളിൽ നിന്ന് ചെറിയ സംഭാവനകളിലൂടെ പണം വന്നുതുടങ്ങി. അവർ കഠിനാധ്വാനം ചെയ്ത പണം എനിക്ക് തന്നത് എന്നെ വിശ്വസിച്ചാണ്” ഹാരിസ് പറയുന്നു.
ജെപി നഗറിലെ അഭയകേന്ദ്രത്തിൽ 200 നായ്ക്കളെ പരിപാലിക്കാൻ സഹായിക്കുന്ന സിഎസ്ആർ ഫണ്ടും ഇന്ന് സർവോഹത്തിന് ലഭിക്കുന്നുണ്ട്. നായ്ക്കളുടെ ക്ഷേമത്തിന് ഇൻഫോസിസ് ഫൗണ്ടേഷന്റെ സുധാ മൂർത്തിയാണ് വ്യക്തിപരമായി താൽപര്യമെടുത്ത് ഏറ്റവും വലിയ സംഭാവന നൽകിയത്. അവർ ആംബുലൻസ് നൽകി. കൂടാതെ, 2021-ൽ, കനൈൻ ഡിസ്റ്റംപർ പോലുള്ള പകർച്ചവ്യാധികളുള്ള മൃഗങ്ങൾക്കായി ഫൗണ്ടേഷൻ ഒരു ഐസൊലേഷൻ വാർഡ് നിർമ്മിച്ചു. 8 ലക്ഷം രൂപയോളം വരുന്ന ചികിത്സാ കുടിശ്ശികയും ജീവനക്കാരുടെ ശമ്പളവും കൃത്യസമയത്ത് നൽകാനും ഈ സംഭാവന സഹായിച്ചു എന്ന് ഹാരിസ് പറയുന്നു.
ഭൂരിഭാഗം ആളുകളും ഷോ ഓഫ് കാണിക്കുന്നതിനായി നായ്ക്കളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹാരിസ് വിശദീകരിക്കുന്നു. കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായും അദ്ദേഹം പറയുന്നു. ശരിക്കും അസുഖമുള്ള നായ്ക്കളെ നോക്കുന്നത് വെല്ലുവിളിയാണെന്ന് ഹാരിസ് പറയുന്നു. “200 നായ്ക്കളുണ്ട്, ഞാൻ ഉൾപ്പെടെ 12 ആളുകളുടെ ഒരു ടീം പ്രവർത്തിക്കുന്നു. ഞാൻ, രണ്ട് വിസിറ്റിംഗ് വെറ്റുകൾ, അഞ്ച് കെയർടേക്കർമാർ, ഒരു രക്ഷാപ്രവർത്തകൻ, മൂന്ന് പാരാ വെറ്റുകൾ, ഒരു സൂപ്പർവൈസർ എന്നിവരാണ് ടീമിൽ. ഓരോന്നിനായി പരിചരണം നൽകുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്“ എന്നും ഹാരിസ് പറയുന്നു.
ചില നായകളാവട്ടെ വളരെ അധികം ബുദ്ധിമുട്ട് അനുഭവിച്ച് കടന്നുവന്നതാകും. അവയെ മെരുക്കുക എളുപ്പമല്ല. പലപ്പോഴും ആക്രമണസ്വഭാവം കാണിക്കും എന്നും ഹാരിസ് പറയുന്നു. പലപ്പോഴും ഈ നായകളുടെ പരിചരണം നടന്നുപോകുന്നത് വളണ്ടിയർമാരുടെ സഹായം കൂടി ഉള്ളത് കൊണ്ടാണ്. അതിൽ വിദേശത്ത് നിന്നും വന്ന് ഒരു ദിവസം പോലും ഓഫ് എടുക്കാതെ ആറ് മാസം വരെ നായകളെ പരിചരിച്ച ആളുകൾ വരെ ഉണ്ട്. ”അതേസമയം 200 നായ്ക്കളെ പോറ്റുക എന്നതും വലിയൊരു ദൗത്യമാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണം നൽകാൻ ഞങ്ങൾക്ക് 38 കിലോ അരിയും 20 കിലോ കോഴിയിറച്ചിയും വേണം” എന്നും അദ്ദേഹം പറയുന്നു.
“ഞാൻ ഷിർദി സായി ബാബയിലും ബുദ്ധനിലും വലിയ വിശ്വാസിയാണ്. ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നതാണ് പരമാത്മാവിനോടുള്ള ഏറ്റവും വലിയ സേവനമെന്ന് സായിബാബ പറയാറുണ്ടായിരുന്നു. ഒരിക്കൽ അയാൾ വിശന്നുവലഞ്ഞ നായയ്ക്ക് ഭിക്ഷയായി നൽകിയ റൊട്ടി നൽകി. ഞാൻ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ പിന്തുടരുകയാണ്“ എന്നും ഹാരിസ് പറയുന്നു.
(വിവരങ്ങൾക്ക് കടപ്പാട്: യുവർ സ്റ്റോറി)