സൈലന്റ് വാലി തേങ്ങുന്നു;  പാര്‍ക്കിലെ പതാക പാതി താഴ്ത്തി

By Web TeamFirst Published Dec 23, 2020, 7:23 PM IST
Highlights

സൈലന്റ് വാലി നാഷനല്‍ പാര്‍ക്കിലെ പതാക പാതി താഴ്ത്തിയിരിക്കുകയാണ്. സുഗതകുമാരിയുടെ വിയോഗത്തിലുള്ള വേദന പങ്കിട്ടാണ്, കേരളത്തിലെ അപൂര്‍വ്വമായ ജൈവസമ്പത്തിന്റെ ആവാസ കേന്ദ്രത്തില്‍ പതാക താഴ്ത്തിയത്.

മഴുവിന്റെ മൂര്‍ച്ചയില്‍ പെട്ടുതീരാനിരുന്ന അപൂര്‍വ്വമായ ജൈവസമ്പത്തിനെ ദുരന്തത്തില്‍നിന്നും രക്ഷിക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ച ഒരാളാണ് പൊടുന്നനെ ഇല്ലാതായത്. എല്ലാം തീര്‍ന്നെന്ന തോന്നലില്‍നിന്നും സൈലന്റ് വാലിയെ ഇന്നത്തെ ദേശീയ ഉദ്യാനമായി നിലനിര്‍ത്തിയ പരിസ്ഥിതി പ്രക്ഷോഭത്തിന്റെ മുന്നണിയിലുണ്ടായിരുന്നു സുഗതകുമാരി. അതിനു ശേഷവും അവരവിടെ എത്തുമായിരുന്നു. സ്വന്തം ഇടമെന്നോണം അതിനെ സ്‌നേഹിച്ചിരുന്നു. അവിടെയുള്ള ആദിവാസികളോടും ജീവനക്കാരോടുമെല്ലാം അടുപ്പം പുലര്‍ത്തിയിരുന്നു. സ്വന്തം വീടു പോലെ ടീച്ചര്‍ സൈലന്റ് വാലിയെ കണക്കാക്കിയിരുന്നു. 

 

സുഗതകുമാരിയോടുള്ള ആദര സൂചകമായി സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് ഓഫീസിനു മുന്നിലെ പതാക പാതി താഴ്ത്തിയിരിക്കുന്നു

 

സൈലന്റ് വാലി നാഷനല്‍ പാര്‍ക്കിലെ പതാക പാതി താഴ്ത്തിയിരിക്കുകയാണ്. സുഗതകുമാരിയുടെ വിയോഗത്തിലുള്ള വേദന പങ്കിട്ടാണ്, കേരളത്തിലെ അപൂര്‍വ്വമായ ജൈവസമ്പത്തിന്റെ ആവാസ കേന്ദ്രത്തില്‍ പതാക താഴ്ത്തിയത്. സൈലന്റ് വാലി നാഷനല്‍ പാര്‍ക്കിനു മുന്‍വശത്തുള്ള കൊടിമരത്തിലിപ്പോഴുള്ളത്, ആ ജൈവസമ്പത്ത് ബാക്കിയാവാന്‍ കാരണമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുടെ വിയോഗത്തിലുള്ള വേദന മാത്രമാണ്.  

അണക്കെട്ട് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി മഴുവിന്റെ മൂര്‍ച്ചയില്‍ പെട്ടുതീരാനിരുന്ന അപൂര്‍വ്വമായ ജൈവസമ്പത്തിനെ ദുരന്തത്തില്‍നിന്നും രക്ഷിക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ച ഒരാളാണ് പൊടുന്നനെ ഇല്ലാതായത്. എല്ലാം തീര്‍ന്നെന്ന തോന്നലില്‍നിന്നും സൈലന്റ് വാലിയെ ഇന്നത്തെ ദേശീയ ഉദ്യാനമായി നിലനിര്‍ത്തിയ പരിസ്ഥിതി പ്രക്ഷോഭത്തിന്റെ മുന്നണിയിലുണ്ടായിരുന്നു സുഗതകുമാരി. അതിനു ശേഷവും അവരവിടെ എത്തുമായിരുന്നു. സ്വന്തം ഇടമെന്നോണം അതിനെ സ്‌നേഹിച്ചിരുന്നു. അവിടെയുള്ള ആദിവാസികളോടും ജീവനക്കാരോടുമെല്ലാം അടുപ്പം പുലര്‍ത്തിയിരുന്നു. സ്വന്തം വീടു പോലെ ടീച്ചര്‍ സൈലന്റ് വാലിയെ കണക്കാക്കിയിരുന്നു. 

സൈലന്റ് വാലിയിലെ സന്ദര്‍ശക പുസ്തകത്തില്‍ ടീച്ചര്‍ എഴുതിയ ഈ വരികള്‍ അതിനു സാക്ഷിയാണ്: 

'ആടിക്കറുപ്പാര്‍ന്ന കന്യ,യിക്കാടിനെ
ആരുംതൊടില്ലെന്നു കാക്കാന്‍
'അരുത്, പേടിക്കേണ്ട ഞാനിവിടെയുണ്ടെന്ന് 
ചുഴലവും 
 കണ്‍കള്‍ പായിച്ചും 

കവരങ്ങള്‍ പിരിയുന്ന കൊമ്പുകള്‍ ഉയര്‍ത്തിയും 
തലപൊക്കി ഗന്ധം പിടിച്ചും 
കലമാനിനെപ്പോലെ കാത്തുനില്‍ക്കുന്നിതാ
മലനാടിതിന്‍ മനസാക്ഷി'

 

 സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് ഓഫീസിലെ സന്ദര്‍ശക പുസ്തകത്തില്‍ 2009 നംബര്‍ 23-ന് സുഗതകുമാരി എഴുതിയ വരികള്‍
 

എന്‍ സി ഇ ആര്‍ ടി ഡയരക്ടറായിരുന്ന ഭര്‍ത്താവ് കെ വേലായുധന്‍ നായര്‍ക്കൊപ്പം ദില്ലിയില്‍ കഴിയുന്ന കാലത്താണ് സൈലന്റ് വാലിയ്ക്കു മേല്‍ ഉയരുന്ന മഴുമുനകള്‍ സുഗതകുമാരിയെ പൊള്ളിച്ചു തുടങ്ങിയത്. ദില്ലിയില്‍നിന്നും കേരളത്തില്‍ മടങ്ങിയെത്തിയ കാലത്താവട്ടെ, സൈലന്റ് വാലിയെ രക്ഷിക്കാനുളള പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. സൈലന്റ് വാലി സംരക്ഷണ സമിതി പ്രവര്‍ത്തനം സജീവമായിരുന്നു. പ്രഫ. ജോണ്‍സി ജേക്കബ്, ഡോ. സതീഷ്ചന്ദ്രന്‍ നായര്‍, എം.കെ.പ്രസാദ്  തുടങ്ങിയവരായിരുന്നു സമിതിയുടെ മുന്‍നിരയില്‍. 

സമര്‍പ്പണ ബുദ്ധിയും ആദര്‍ശശുദ്ധിയുമുള്ള ഒരുപിടി മനുഷ്യര്‍ ചെറുത്തു നില്പിനൊരുങ്ങിയതാണ് സൈലന്റ് വാലിയുടെ രക്ഷയായത്. അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് നല്‍കിയ (കെ.എഫ്.ആര്‍.എ.) റിപ്പോര്‍ട്ടുകള്‍ അതില്‍ പ്രധാനമായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി.എസ്. വിജയനാണ് ഡാമിന്റെ ദൂഷ്യവശങ്ങള്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ പേരില്‍ ഡോ. വിജയന് കെ.എഫ്. ആര്‍.ഐ. വിടേണ്ടി വന്നു. ഡോ. എം. ബാലകൃഷ്ണന്‍, ഡോ. സതീഷ് ചന്ദ്രന്‍, ഡോ. ശങ്കര്‍ തുടങ്ങി അനേകം പേര്‍ ശക്തമായ ഇടപെടല്‍ നടത്തി. പ്രൊഫ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. ജോണ്‍ സി. ജേക്കബ്, ഡോ. ശാന്തി, ഡോ. ശ്യാമസുന്ദരന്‍നായര്‍, ഡോ. കെ.പി. കണ്ണന്‍ എന്നിവരും സജീവമായിരുന്നു. സഫര്‍ ഫത്തേഹലി, ഡോ. സലിം അലി, ഡോ. മാധവ്ഗാഡ്ഗില്‍, ഡോ. എം.എം. ശ്രീനിവാസ്, കെ.പി.എസ്. മേനോന്‍, ഡോ. കെ.എന്‍. രാജ്, ഡോ. എന്‍.സി. നായര്‍, പ്രൊഫ. കരുണാകരന്‍, ജെ.സി. ഡാനിയല്‍, യു.കെ. ഗോപാലന്‍, ജോസഫ് ജോണ്‍ എന്നിവര്‍ സൈലന്റ് വലി സംരക്ഷണത്തിനായി ശക്തിയുക്തം വാദിച്ചവരാണ്. കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ അമരത്തുണ്ടായിരുന്ന പ്രൊഫ. എം.കെ. പ്രസാദും വഹിച്ച പങ്ക് വലുതായിരുന്നു.  എഴുത്തുകാരുടെ കൂട്ടത്തില്‍ എന്‍.വി. കൃഷ്ണവാര്യരും സുഗതകുമാരിയും പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, എസ്.കെ. പൊറ്റെക്കാട്ട്, വൈലോപ്പിള്ളി, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരും ഇവര്‍ക്കൊപ്പം അണിചേര്‍ന്നു.  'മരക്കവികള്‍' എന്ന പരിഹാസമായിരുന്നു മറുപടി. പക്ഷേ, ആ പ്രക്ഷോഭം ഒരു പരിഹാസത്തിനും മുന്നില്‍ തളര്‍ന്നില്ല. പല നിലകളില്‍ അതു മുന്നോട്ടുപോയി. അവിടത്തെ ജൈവസമ്പത്ത് ആധികാരികമായും ശാസ്ത്രീയമായും രേഖപ്പെടുത്തപ്പെട്ടു. അണക്കെട്ട് വരുമ്പോള്‍ നഷ്ടപ്പെടാന്‍ പോവുന്ന ജൈവവൈവിധ്യം തിരിച്ചുവരില്ലെന്നാര്‍ക്കും ബോധ്യമാവുന്ന വിധം ശാസ്ത്രീയമായ ഇടപെടല്‍. ഒപ്പം, ജനമനസ്സുകളെ ഒപ്പം നിര്‍ത്തുന്നതിന് ഉതകുന്ന വിധം സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടപെടല്‍. എല്ലാത്തിനും ഒപ്പം, അനേകം മനുഷ്യരുടെ രാഷ്ട്രീയമായ പിന്തുണ. 

 


സൈലന്റ് വാലി ദേശീയ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സുഗതകുമാരി തന്റെ പ്രശസ്തമായ 'സൈലന്റ് വാലി' എന്ന കവിത ചൊല്ലുന്നു
 


'ശ്യാമയാം നിശ്ശബ്ദകാനനമേ, നിന്നെ-
യാനന്ദബാഷ്പം നിറഞ്ഞ മിഴികളാല്‍
ഞാനൊന്നുഴിഞ്ഞുകൊള്ളട്ടേ, കരം കൂപ്പി
ഞാനൊന്നു കണ്ടു നിന്നോട്ടേ മതിവരെ? ' 

എന്നാണ് 'സൈലന്റ് വാലി' എന്ന കവിതയില്‍ സുഗതകുമാരി അന്നെഴുതിയത്. ആ കവിത ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം, മറ്റെല്ലാം മറന്ന് സുഗതകുമാരി പ്രക്ഷോഭത്തിലേക്ക് ലയിക്കുകയും മുന്‍നിര പോരാളിയാവുകയും ചെയ്തു. 

 

 സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക്
 

1914 മെയ് 18 -നാണ് സൈലന്റ് വാലിയിലെ 89.52 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. 1921 ല്‍ സൈലന്റ് വാലി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യമായി ഉയര്‍ന്നു. നിലമ്പൂര്‍ ആസ്ഥാനമായ സൗത്ത് മലബാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലായിരുന്ന സൈലന്റ് വാലി പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലായതും ഇതേ വര്‍ഷമാണ്. 1931 -ല്‍ സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കായി അന്നത്തെ ഫോറസ്റ്റ് എന്‍ജിനിയര്‍ ആയിരുന്ന ഇ.എസ്.ഡോസണ്‍ പ്രാഥമിക പഠനം നടത്തി.  1928-ല്‍ തിരഞ്ഞെടുത്ത മരങ്ങള്‍ മാത്രം ഇവിടെ നിന്ന് മുറിച്ചു മാറ്റാനുള്ള സെലക്ഷന്‍ ഫെല്ലിങ് സമ്പ്രദായത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. തുടര്‍ന്ന്, സൈലന്റ് വാലിയില്‍ നിന്ന് 48,000 ഘനമീറ്റര്‍ തടി സെലക്ഷന്‍ ഫെല്ലിങ് വഴി മുറിച്ചുകടത്തി.

1972 ല്‍- ലോകമെമ്പാടും പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് സ്റ്റോക്ക്‌ഹോമില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള യു.എന്‍.കോണ്‍ഫറന്‍സ് നടന്നു. വരും തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുള്‍പ്പടെ 130 രാഷ്ട്രങ്ങള്‍ അംഗീകരിച്ചു. 1973 ജനവരി 5 നാണ് സൈലന്റ് വാലിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നടപടി. സൈരന്ധ്രിയില്‍ 522 മെഗായൂണിറ്റ് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള കെ. എസ് ഇ ബി നിര്‍ദേശത്തിന് പ്ലാനിങ് കമ്മിഷന്റെ അനുമതി ലഭിച്ചു. വൈദ്യുതോത്പാദനം മാത്രമല്ല, പാലക്കാട് ജില്ലയിലെ 25,000 ഹെക്ടര്‍ പ്രദേശത്ത് ജലസേചനവും സാധ്യമാക്കുമെന്നായിരുന്നു കെ. എസ് ഇ ബി വാഗ്ദാനം. 830 ഹെക്ടര്‍ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നു. 

 

സുഗതകുമാരി  സൈലന്റ് വാലിയില്‍

 

1973 ജൂണ്‍ 16-ന് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നത്‌ സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 1978-79 ല്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്നാണ് കെ. എസ് ഇ ബി പറഞ്ഞത്. 1976 ഒക്ടോബറില്‍ സെലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതു വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നാഷണല്‍ കമ്മറ്റി ഓണ്‍ എന്‍വയേണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ (എന്‍.സി.ഇ.പി.സി) ശുപാര്‍ശ ചെയ്തു. 1978 -ന്റെ തുടക്കത്തില്‍ സൈലന്റ് വാലി വനപ്രദേശം സംരക്ഷിക്കാന്‍ കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് (ഐ.യു.സി.എന്‍), ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (എം.എന്‍.എച്ച്.സി), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.  1979 -ല്‍ പ്രക്ഷോഭം ശക്തമായി. എല്ലാ തലങ്ങളിലും നിന്നും പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യമുയര്‍ന്നു. പദ്ധതിയുമായി മുന്നോട്ടുപോവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 

1979 ഒക്ടോബറില്‍ കേന്ദ്ര കൃഷി-ജലസേചന മന്ത്രാലയം സെക്രട്ടറി ഡോ.എം.എസ്.സ്വാമിനാഥന്‍ സൈലന്റ് വാലി സന്ദര്‍ശിച്ച പദ്ധതിക്ക് എതിരായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. 1980 -ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു വനപ്രദേശവും വനേതരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര വന (സംരക്ഷണ) നിയമം, 1980' നിലവില്‍ വന്നു. 1980 ജനുവരിയില്‍ ഡോ.സ്വാമിനാഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സൈലന്റ് വാലിയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 1980 ആഗസ്തില്‍ സൈലന്റ് വാലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിക്ക് കാര്യമായ ദോഷം ചെയ്യാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോ എന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍, പ്രൊഫ.എം.ജി.കെ.മേനോന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും സംയുക്ത സമിതിയെ നിയമിക്കാന്‍ തീരുമാനമായി.

 

സുഗതകുമാരിയുടെ  സൈലന്റ് വാലി സന്ദര്‍ശനത്തിന്റെ ഓര്‍മ്മ. അവിടെയാരു ചുമരില്‍ തൂക്കിയ പടം. Photo: Jyothy Karat

 

1982 ഡിസംബറില്‍ പ്രൊഫ.എം.ജി.കെ.മേനോന്‍ കമ്മറ്റി അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ 1983-ല്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  1984 നവംബര്‍ 15ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കേരള സര്‍ക്കാര്‍ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുകയും, സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തു. 89 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്. 1985 സെപ്തംബര്‍ ഏഴിന്  അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിനായി സമര്‍പ്പിച്ചു.

Read more: സൈലന്റ് വാലി ദേശീയോദ്യാനത്തിന് 35 വയസ്സ്; കേരള സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചിട്ടും നടക്കാതെപോയ പദ്ധതി

 

click me!