ബെല്ലി ഡാൻസർക്കൊപ്പം വീഡിയോ, ഈജിപ്തിൽ ​ഗായകർക്ക് തടവും പിഴയും, പ്രതിഷേധം ശക്തം

Published : Apr 29, 2022, 11:32 AM ISTUpdated : Apr 29, 2022, 11:34 AM IST
ബെല്ലി ഡാൻസർക്കൊപ്പം വീഡിയോ, ഈജിപ്തിൽ ​ഗായകർക്ക് തടവും പിഴയും, പ്രതിഷേധം ശക്തം

Synopsis

കമാൽ എന്ന ​ഗായകനും വിലക്ക് നേരിടുന്നവരുടെ കൂട്ടത്തിൽ പെടുന്നു. മദ്യം, ഹാഷിഷ് എന്ന വാക്കുകൾ കൂടുതലായി ഉപയോ​ഗിച്ചു എന്നതാണ് ഇദ്ദേഹം നേരിടുന്ന ആരോപണം.

ബ്രസീലിയൻ ബെല്ലി നർത്തകി(Brazilian belly dancer)ക്കൊപ്പം ചെയ്ത വീഡിയോയുടെ പേരിൽ രണ്ട് പ്രശസ്ത ഗായകർക്ക് ഈജിപ്ഷ്യൻ കോടതി(Egyptian court) തടവ് വിധിച്ചു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളുടെ വിമർശനം ഉയരുന്നു. നീണ്ട ചുവന്ന വസ്ത്രവും കറുത്ത ജാക്കറ്റും ധരിച്ച നർത്തകിയെ വീഡിയോയിൽ കാണാം. അവരുടെ ചലനങ്ങൾക്കനുസരിച്ച് ​ഗായകർ ചുണ്ടുകളനക്കുന്നതും പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം. 

2020 -ൽ വീഡിയോ യൂട്യൂബിൽ ഹിറ്റാവുകയും മില്ല്യൺ കണക്കിന് ആളുകൾ കാണുകയും ചെയ്‍തിരുന്നു. എന്നാൽ, അലക്സാണ്ട്രിയയിലെ കോടതി ഈ യുവാക്കൾ കുടുംബമൂല്യങ്ങൾ തകർത്തുവെന്നും അതിനാൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തുകയും ചെയ്‍തു. ഈജിപ്തിലെ അറിയപ്പെടുന്ന ബെല്ലി ഡാൻസറായ ലോർഡിയാനയാണ് വീഡിയോയിലുള്ളത്. തന്റെ ചടുലമായ ചലനങ്ങൾക്ക് അവർ പ്രശസ്തയാണ്. അവരുള്ള വീഡിയോയിലൂടെ ലാഭം നേടിയതിനും യുവാക്കൾ‌ ശിക്ഷിക്കപ്പെട്ടു. ഗായകരായ ഹാമോ ബീക്ക, ഒമർ കമാൽ എന്നിവർക്ക് ഒരു വർഷം തടവും 10,000 ഈജിപ്ഷ്യൻ പൗണ്ട് ($540; £435) പിഴയും വിധിച്ചു. അവർ അതേ തുക ഫീസായി അടച്ചാൽ, അവർക്ക് അവരുടെ ജയിൽ ശിക്ഷ താൽക്കാലികമായി അവസാനിപ്പിക്കാം. 

എന്നാൽ, 'അധിക്ഷേപകരവും തെറ്റായി നിർവചിക്കപ്പെട്ടതുമായ കുടുംബമൂല്യങ്ങൾ' എന്ന വാക്കുപയോ​ഗിച്ച് കൊണ്ട് ഈജിപ്ത് സാമൂഹികമാധ്യമങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കൂടുകയാണ് എന്ന് ഹ്യുമൻ റൈറ്റ്സ് വാച്ച് അവകാശപ്പെടുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ ക്രിമിനൽവൽക്കരിക്കുന്ന സൈബർ ക്രൈം ലോ ആർട്ടിക്കിളുകൾ റദ്ദാക്കണമെന്ന് ഇത് ആവശ്യപ്പെടുന്നു. 

സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസേഴ്സായ നിരവധി യുവതികൾ ഇതേപോലെ ഇത്തരം ആരോപണങ്ങൾ നേരിടുകയും നിയമം ലംഘിച്ചു എന്ന് കാണിച്ച് പിഴ ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഈജിപ്തിൽ വളരെ പ്രചാരമുള്ള, താരതമ്യേന പുതിയ തരം ലോ-ബജറ്റ്, മഹ്‌രാഗാനത്ത്(mahraganat) എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക് സംഗീതം/ ഫെസ്റ്റിവൽ മ്യൂസിക് എന്നിവയ്‌ക്കെതിരായ വലിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് ഏറ്റവും പുതിയ വിധി വരുന്നത് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 

മഹ്‌രാഗാനത്ത് സാധാരണഗതിയിൽ കുറച്ചുകൂടി ചടുലമായ മ്യൂസിക്കാണ്. സാധാരണക്കാരായ ഈജിപ്തുകാരുടെ ജീവിതമാണ് മിക്കതിലും വിവരിക്കുന്നത്. പുതിയ മാർവൽ സീരീസായ മൂൺ നൈറ്റിൽ ഈജിപ്ഷ്യൻ സംവിധായകൻ മുഹമ്മദ് ദിയാബ് ഉപയോഗിച്ചതിന് ശേഷം ചില മഹ്‌രാഗാനത്ത് ഗാനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ തന്നെ ആകർഷിച്ചു. എന്നിരുന്നാലും, സർക്കാർ നടത്തുന്ന സംഗീതജ്ഞരുടെ സിൻഡിക്കേറ്റ്, നിരവധി മഹ്‌രാഗാനത്ത് ഗായകരെ വിലക്കിയിട്ടുണ്ട്, ഇത് അവരെ നിയമപരമായി പൊതുവേദികളിൽ ​പരിപാടികൾ അവതരിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽ-സിസി അധികാരമേറ്റതിനുശേഷം സിൻഡിക്കേറ്റ് ഇങ്ങനെ നിയമലംഘനങ്ങൾ കണ്ടെത്തുന്നത് കൂടിയിരിക്കുകയാണ് എന്നും അഭിപ്രായം ഉയരുന്നുണ്ട്. 

കമാൽ എന്ന ​ഗായകനും വിലക്ക് നേരിടുന്നവരുടെ കൂട്ടത്തിൽ പെടുന്നു. മദ്യം, ഹാഷിഷ് എന്ന വാക്കുകൾ കൂടുതലായി ഉപയോ​ഗിച്ചു എന്നതാണ് ഇദ്ദേഹം നേരിടുന്ന ആരോപണം. എന്നാൽ, ഇതിനെല്ലാമെതിരെ മനുഷ്യാവകാശപ്രവർത്തകർ വലിയ തരത്തിൽ പ്രതിഷേധിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!