ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെടുമ്പോള്‍ ഇസ്രായേല്‍ കാവല്‍ക്കാര്‍ ഉറക്കത്തിലായിരുന്നു!

By Web TeamFirst Published Sep 7, 2021, 7:47 PM IST
Highlights

ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍നിന്ന് ആറ് ഫലസ്തീന്‍ തടവുകാര്‍ ജയില്‍ ചാടുന്ന സമയത്ത് സുരക്ഷാ ഗാര്‍ഡുകള്‍ ഉറക്കത്തിലായിരുന്നുവെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.
 

ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍നിന്ന് ആറ് ഫലസ്തീന്‍ തടവുകാര്‍ ജയില്‍ ചാടുന്ന സമയത്ത് സുരക്ഷാ ഗാര്‍ഡുകള്‍ ഉറക്കത്തിലായിരുന്നുവെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ സെല്ലിലെ ബാത്‌റൂമിനകത്തു മാസങ്ങളായി കുഴിച്ചുകൊണ്ടിരുന്ന തുരങ്കം വഴിയാണ് തടവുകാര്‍ ജയിലിനുപുറത്തേക്ക് രക്ഷപ്പെട്ടത്. ഇവര്‍ ചെന്നിറങ്ങിയത് ജയില്‍ഗേറ്റിന് തൊട്ടടുത്ത്, നിരീക്ഷണ ടവറിന്റെ തൊട്ടുതാഴെയായാണ്. നിരീക്ഷണ ടവറില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡുകള്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ഇസ്രായേല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതടക്കം അനേകം വീഴ്ചകള്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ, ജയില്‍നിന്നും രക്ഷപ്പെട്ട് 26 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തടവുകാരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം പുറത്തറിഞ്ഞതു മുതല്‍ സൈന്യവും പൊലീസും രഹസ്യാന്വേഷണ വിഭാഗവും രാജ്യമാകെ അരിച്ചുപെറുക്കുകയാണ്. 200 ചെക്ക് പോസ്റ്റുകളാണ് ഇവരെ പിടികൂടുന്നതിനായി തയ്യാറാക്കിയത്. അതിര്‍ത്തി കടന്ന് ജോര്‍ദാനിലേക്ക് കടക്കാതിരിക്കാന്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  രണ്ടോ മൂന്നോ പേരുള്ള ഗ്രൂപ്പുകളായിട്ടാവും ഇവര്‍ സഞ്ചരിക്കുന്നത് എന്നാണ് ഇസ്രായേല്‍ അധികൃതര്‍ കരുതുന്നത്. 

וכך זה נראה מתוך תא 2 אגף חמש בכלא גלבוע.
פיר מנהרה בשירותים שהוביל אל מחוץ לחומות הכלא pic.twitter.com/IsKfG8B56R

— Josh Breiner (@JoshBreiner)

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ആറ് ഫലസ്തീന്‍ തടവുകാരാണ് അതിസാഹസികമായി രക്ഷപ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടന്ന് ഫലസ്തീന്‍ മേഖലയിലേക്ക് പോയെന്നാണ് ഇപ്പോള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിഗമനം. ഇവര്‍ അതിര്‍ത്തി കടക്കുകയോ തട്ടിക്കൊണ്ടുപോവലോ ആക്രമണമോ നടത്താനും സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ സംശയിക്കുന്നു.

അല്‍ അഖ്സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ. സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിയുടെ ഓഫീസില്‍ 2002-ല്‍ നടന്ന സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളെ കൂടാതെ, ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരായ അഞ്ച് തടവുകാരും രക്ഷപ്പെട്ടവരില്‍ പെടുന്നു.മറ്റ് അഞ്ച് പേര്‍ താമസിക്കുന്ന സെല്ലിലേക്ക് മാറ്റണമെന്ന് സക്കരിയ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ ജയില്‍ വകുപ്പ് ഇതിനു അനുമതി നല്‍കി. ഭീകരവാദ കേസുകളില്‍ എത്തുന്ന തടവുകാരെ അടുപ്പമുള്ളവരുടെ സെല്ലിലേക്ക് മാറ്റരുതെന്നാണ് ചട്ടം എങ്കിലും സംശയം പോലുമില്ലാതെ ജയില്‍ അധികൃതര്‍ എങ്ങനെ അനുമതി നല്‍കിയെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. 

അതുപോലെ, ഇസ്രായേലിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഈ ജയിലിന്റെ കെട്ടിട പ്ലാന്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നുവെന്ന് ഹാരറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജയിലിന്റെ അറ്റകുറ്റ പണികളുടെ ചുമതലയുള്ള സ്വകാര്യ കമ്പനിയാണ് പ്ലാന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ഇത് തടവുചാട്ടത്തിന് സഹായകമായിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. 


ഒരു സെല്ലില്‍ ഒരുമിച്ച് കൂടിയ തടവുകാര്‍ ബാത്ത്‌റൂമില്‍നിന്നും പുറത്തേക്ക് മാസങ്ങളായി തുരങ്കം കുഴിക്കുകയാണ്. എന്നിട്ടും ജയില്‍ അധികൃതര്‍ വിവരമറിഞ്ഞില്ല എന്നത് വീഴ്ചയാണെന്ന് പ്രാഥമികന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാത്‌റൂമില്‍ മൂടിവെച്ച തുരങ്കം ചെന്നു തുറക്കുന്നത് ജയിലിനു പുറത്തേക്കാണ്. ഇവിടെ എത്തിയ തടവുകാര്‍ മൂന്ന് കിലോ മീറ്റര്‍ സഞ്ചരിച്ചശേഷം ഒന്നിച്ചോ സംഘങ്ങളായോ ഒരു കാറില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഒന്നര മണിക്കാണ് ഇവര്‍ രക്ഷപ്പെട്ടതെങ്കിലും മൂന്നേര മണിക്കാണ് ഇക്കാര്യം ജയില്‍ അധികൃതര്‍ അറിയുന്നത്. അതിനുശേഷമാണ്, ഇക്കാര്യത്തില്‍ തെരച്ചില്‍ ആരംഭിക്കുന്നത്.

האסירים שעל פי החשד ברחו הלילה מכלא שיטה (הגלבוע) הכי מוכר זכריא זביידי איש הפת"ח. השאר מהגיהאד האסלאמי. pic.twitter.com/zx9mlyUlko

— Jack khoury.جاك خوري (@KhJacki)

വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെയാണ് ഗില്‍ബോവ ജയില്‍. ഭീകരവാദമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഫലസ്തീന്‍കാരാണ് ഇവിടത്തെ തടവുകാരിലേറെയും. അതീവസുരക്ഷാ ക്രമീകരണങ്ങള്‍ നിലവിലുള്ള ജയിലാണ് ഇത്.

എല്ലാ സുരക്ഷാ സന്നാഹങ്ങളും ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട അതീവഗുരുതരമായ സംഭവമാണ് ഇതെന്ന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. പൊതുസുരക്ഷാ മന്ത്രി ഒമാര്‍ ബാര്‍ ലെവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഗുരതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇസ്രായേലി ജയില്‍വകുപ്പ് പ്രസ്താവനയിറക്കി.

അതിനിടെ, വീരോചിതമായ തടവുചാട്ടമാണ് നടന്നതെന്ന് ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ പ്രതിരോധ സംവിധാനത്തിനാകെ ഈ സംഭവം നടുക്കം ഉണ്ടാക്കിയെന്നും പ്രസ്താവന വ്യക്തമാക്കി. ഫലസ്തീന്‍ തടവുകാരുടെ ധീരതയുടെ തെളിവാണ് തടവുചാട്ടമെന്ന് ഹമാസ് വക്താവ് പറഞ്ഞു.

 

click me!