Skinniest Elephant : വീണ്ടുകീറിയ പാദങ്ങളുമായി തെരുവുകളിലിനി ഭിക്ഷ യാചിക്കണ്ട, ലക്ഷ്മിക്ക് മോചനം

By Web TeamFirst Published Jan 3, 2022, 1:36 PM IST
Highlights

വിട്ടുമാറാത്ത സന്ധിവാതം മൂലം ലക്ഷ്മിയുടെ സന്ധികൾക്ക് വളവും, വേദനയും മുടന്തുമുള്ളതായി അവർ കണ്ടെത്തി. അവളുടെ ഇടതു ചെവിയിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. തോട്ടികൊണ്ടുണ്ടായ മുറിവുകളാണ് അവയെന്ന് കരുതുന്നു. 

ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ആന(India's Skinniest Elephant) എന്നാണ് ലക്ഷ്മി(Lakshmi)യെ വിളിച്ചിരുന്നത്. ചുട്ടുപൊള്ളുന്ന വെയിലിലും, കനത്ത മഴയിലും പോലും വീണ്ടുകീറുന്ന പാദങ്ങളുമായി ദില്ലിയിലെ തെരുവുകളിൽ ഭിക്ഷ യാചിക്കാൻ നിർബന്ധിതയായ അവൾക്ക് ഇത് പുനർജ്ജന്മമാണ്. ഈ പുതുവർഷത്തിൽ അവൾക്ക് ജീവിതം സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകളാണ്. ഇനി ജീവിതകാലം മുഴുവൻ അവൾക്ക് ഉത്തർപ്രദേശിലെ മഥുരയിലുള്ള വൈൽഡ് ലൈഫ് എസ്ഒഎസ് എലിഫന്റ് കൺസർവേഷൻ ആൻഡ് കെയർ സെന്ററിൽ (ഇസിസിസി)  കഴിയാമെന്ന് ഛത്തർപൂരിലെ ബഡാ മൽഹേര കോടതി ഉത്തരവിട്ടിരിക്കുന്നു.    

ഇതോടെ വർഷങ്ങൾ നീണ്ട ദുരിതജീവിതത്തിന് അവൾ വിട പറയുകയാണ്. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പെറ്റയാണ് അവളെ തെരുവിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത്. അവർ കണ്ടെത്തുമ്പോൾ, അത്യന്തം വേദനയിലും, അവശനിലയിലുമായിരുന്നു ലക്ഷ്മി. അവൾക്ക് ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ ലഭിച്ചിരുന്നില്ല. ഡൽഹിയിലെ തിരക്കേറിയ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ, വണ്ടികളുടെ ശബ്ദം അവളെ മാനസികമായി വളരെയധികം വിഷമിപ്പിച്ചിരിക്കാമെന്ന് മൃഗഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ആളുകളെ രസിപ്പിക്കുക, തെരുവിൽ ഭിക്ഷ യാചിക്കുക ഇതെല്ലാമായിരുന്നു അവളുടെ ദിനചര്യ. മലിനമായ യമുനാ നദിയുടെ തീരത്ത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു അവൾ ജീവിച്ചിരുന്നത്. എന്നാൽ ഇനി അതെല്ലാം പഴങ്കഥകളാകാൻ പോകുന്നു. ഇനി അവളുടെ ജീവിതം മെച്ചപ്പെടുമെന്ന ആശ്വാസത്തിലാണ് മൃഗസ്നേഹികൾ. അവളെ പ്രത്യേകം രൂപകൽപ്പന ചെയ്ത ആംബുലൻസിലാണ് മഥുരയിലേക്ക് കൊണ്ടുപോയത്.

തുടർന്ന്, മൃഗഡോക്ടർമാരും ആനസംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരും ഉൾപ്പെടുന്ന ഒരു വിദഗ്ദ സംഘം അവളെ പരിശോധിച്ചു. വിട്ടുമാറാത്ത സന്ധിവാതം മൂലം ലക്ഷ്മിയുടെ സന്ധികൾക്ക് വളവും, വേദനയും മുടന്തുമുള്ളതായി അവർ കണ്ടെത്തി. അവളുടെ ഇടതു ചെവിയിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. തോട്ടികൊണ്ടുണ്ടായ മുറിവുകളാണ് അവയെന്ന് കരുതുന്നു. പതിറ്റാണ്ടുകളായി അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തിന്റെയും, കടുത്ത അവഗണനയുടെയും പോഷകാഹാരക്കുറവിന്റെയും ഫലങ്ങളായിരുന്നു അവ. വരും ദിവസങ്ങളിൽ ലേസർ തെറാപ്പി, ഡിജിറ്റൽ വയർലെസ് റേഡിയോളജി, തെർമൽ ഇമേജിംഗ് തുടങ്ങിയ മെഡിക്കൽ നടപടിക്രമങ്ങൾക്ക് അവളെ വിധേയയാക്കും.  

വൈൽഡ്‌ലൈഫ് എസ്‌ഒ‌എസ് അനുസരിച്ച്, ലക്ഷ്മിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ആഴം കണക്കിലെടുക്കുമ്പോൾ ലക്ഷ്മി എപ്പോൾ പൂർണ്ണമായി സുഖം പ്രാപിക്കുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ, വർഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനും ഏകാന്തതയ്ക്കും ഒടുവിൽ ഇനി അവൾക്ക് മറ്റ് ആനകളുമായി ഇടപഴകാം, ആരെയും ഭയക്കാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാം. ഒപ്പം ലക്ഷ്മിയുടെ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ വനം വകുപ്പ്.

click me!