
റെസ്റ്റോറന്റുകളിലും മറ്റും സർവീസ് ചാർജ്ജുകൾ എന്ന പേരിൽ അധിക തുക ഈടാക്കുന്നത് സാധാരണമാണ്. പക്ഷെ ഒരു സാൻഡ്‍വിച്ച് രണ്ട് പകുതിയായി മുറിച്ചു നൽകുന്നതിന് പോലും തുക ഈടാക്കിയാൽ എന്തായിരിക്കും അവസ്ഥ. ഇറ്റലിയിലാണ് സംഭവം.
ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇറ്റലിയിലെ ജെറ ലാരിയോയിലെ ലേക്ക് കോമോ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബാർ പേസ് എന്ന ബാർ കം റെസ്റ്റോറന്റാണ് ഇത്തരത്തിൽ ഒരു വിമർശനം ഇപ്പോൾ നേരിടുന്നത്. പ്രകോപിതരായ ഉപഭോക്താക്കളിൽ ഒരാൾ ബില്ലിന്റെ ചിത്രം ഓൺലൈനിൽ പങ്കിട്ടതോടെയാണ് സംഭവം വൈറലാവുകയും നിരവധി ആളുകൾ ബാർ പേസിനെതിരെ പരിഹാസവും വിമർശനവും ആയി രംഗത്തു വരികയും ചെയ്തത്. ഒരു സാൻഡ്‍വിച്ച് രണ്ടായി പകുത്ത് നൽകിയതിന്റെ ചാർജ്ജായി ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് യൂറോ ആണ്. അതായത് ഏകദേശം 180 രൂപ. ഡൈവ്സ് ഡാ മെറ്റാ എന്ന് ലേബൽ ചെയ്താണ് ഇത് ബില്ലിൽ ചേർത്തിരിക്കുന്നത്. പകുതിയായി മുറിച്ചിരിക്കുന്നത് എന്നാണ് ഇതിനൻത്ഥം.
സംഭവം സാമൂഹിക മാധ്യമങ്ങളിലും ട്രിപ്പ് അഡ്വൈസർ പോലുള്ള വിവിധ വൈബ്സൈറ്റുകളിലും ചർച്ചയായതോടെ ബാർപേസിനെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. പല നാടുകളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം കേട്ടുകേൾവി പോലുമില്ലാത്തതാണന്നാണ് പലരും അഭിപ്രായപ്പെട്ടത്. "ഞാൻ ലോകത്തിൽ സന്ദർശിച്ച സ്ഥലങ്ങളിലൊന്നും ഇത് എനിക്ക് സംഭവിച്ചിട്ടില്ല" എന്നായിരുന്നു ഒരാൾ ട്രിപ്പ് അഡ്വൈസറിൽ കുറിച്ചത്.
ഒടുവിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ രൂക്ഷമായതോടെ ബാറിൻെ ഉടമ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഒരു ഉപഭോക്താവ് തന്നോട് രണ്ട് ഭാഗങ്ങൾ ടോസ്റ്റുണ്ടാക്കാൻ പറഞ്ഞാൽ, തനിക്ക് രണ്ട് സോസറുകളും രണ്ട് നാപ്കിനുകളും രണ്ട് കൈകളും ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഉപഭോക്താവിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇത് അന്യായമായി തോന്നാമെങ്കിലും അധിക അഭ്യർത്ഥനകൾക്ക് ചിലവ് ഉണ്ടെന്നത് ആരും മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ സേവനങ്ങൾക്കായി ചാർജ് ചെയ്യുന്നത് ഇറ്റലിയിൽ പുതിയ കാര്യമല്ല. പല റെസ്റ്റോറന്റുകളിലും ബില്ലിൽ കോപ്പർട്ടോ എന്നറിയപ്പെടുന്ന ഒരു ചാർജ് ചേർക്കാറുണ്ട്. കോപ്പർട്ടോ എന്നത് ടേബിൾ സേവനത്തിനുള്ള ഒരു ഫീസാണ്, ടേബിളിൽ ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് സാധരണയായി ഏകദേശം 2 മുതൽ 4 യൂറോ (180 രൂപ-363 രൂപ) വരെ വരുമിത്.