ഒരേ ദിവസം മാസ്റ്റേഴ്സ് ബിരുദം നേടി അമ്മയും മകളും...! ക്ലാസിന് ചേരുമ്പോള്‍ അമ്മയുടെ പ്രായം 57!

By Web TeamFirst Published Jun 9, 2019, 11:35 AM IST
Highlights

ഒടുവിൽ ഫൽഹാദിന്റെ ഏറ്റവും ഇളയ മകൾ ആമിനാ മുഹമ്മദിന് ബിരുദപഠനത്തിനു ചേരാനുള്ള സമയമായി. അപ്പോഴേക്കും ഫാൽഹാദിന് അമ്പത്തേഴു വയസ്സ്.  ആമിനയ്ക്ക് ഒരേ വാശിയായിരുന്നു അമ്മയും കൂടി ചേരുമെങ്കിൽ മാത്രമേ താൻ ഐടിയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ചേർന്ന് പഠിത്തം തുടരൂ എന്ന്.

അച്ഛന്റെയോ അമ്മയുടേയോ ഒക്കെ ഒപ്പം ഒരേ ക്‌ളാസ്സിലിരുന്നു പഠിക്കാനും വേണം ഒരു  ഭാഗ്യം. ആഭ്യന്തര യുദ്ധങ്ങളാൽ കലുഷിതമായ സൊമാലിയയിൽ നിന്നും എൺപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഒരു അമ്മയും, അവരുടെ ഏറ്റവും ഇളയ പെൺകുട്ടിയും സാധിച്ചിരിക്കുന്നത് അതാണ്. വിർജീനിയയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്നും അവരിരുവരും ഒരേ ദിവസം ഇൻഫർമേഷൻ ടെക്‌നോളജിയിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിറങ്ങി. അമ്മയും മകളും ഒന്നിച്ച് ബിരുദദാന ചടങ്ങിൽ പങ്കെടുത്തപ്പോൾ അത്  ഫൽഹാദ്‌ അഹമ്മദ് മൊഹമ്മുദ് എന്ന പെൺകുട്ടി, നാൽപതു വർഷങ്ങൾക്കു മുമ്പ് സൊമാലിയയിൽ നിന്നും അമേരിക്കയ്ക്ക് പുറപ്പെട്ടുപോരുമ്പോൾ സ്വന്തം അച്ഛന് നൽകിയ ഒരു വാഗ്ദാനത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു. 

1980 -ൽ വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ്  ഫൽഹാദിന്റെ അച്ഛൻ അവളെക്കൊണ്ടൊരു പ്രതിജ്ഞ ചെയ്യിച്ചിരുന്നു. അമേരിക്കയ്ക്ക് പോയാലും, തന്റെ പഠിത്തം തുടരും എന്ന്. അന്ന് വാക്കൊക്കെ കൊടുത്തെങ്കിലും, തന്റെ നല്ല കാലത്തൊന്നും അത് പാലിക്കാനുള്ള സാഹചര്യങ്ങൾ അവൾക്കുണ്ടായില്ല. അമേരിക്കയിൽ വന്ന ശേഷം ഒരിക്കൽ തിരിച്ചു നാട്ടിലേക്ക് പോയ ഫൽഹാദിന്റെ ഭർത്താവ് അവിടെ നടന്ന ഒരു കലാപത്തിനിടെ കൊല്ലപ്പെട്ടു. അതോടെ അമേരിക്കയിൽ ഫൽഹാദും കുഞ്ഞുങ്ങളും ഒറ്റയ്ക്കായി. കുടുംബത്തിന്റെ സകല ഉത്തരവാദിത്തങ്ങളും അവരുടെ തലയിലായി. പിന്നെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള നെട്ടോട്ടമായിരുന്നു ഫൽഹാദിന്റേത്. അതിനിടെ പഠിപ്പിനെ കുറിച്ചൊന്നും ചിന്തിക്കാനേ പറ്റില്ലായിരുന്നു. രണ്ടും മൂന്നും ജോലികൾ ചെയ്താണ് അവർ കുടുംബം നോക്കിയത്.

ഒടുവിൽ ഫൽഹാദിന്റെ ഏറ്റവും ഇളയ മകൾ ആമിനാ മുഹമ്മദിന് ബിരുദപഠനത്തിനു ചേരാനുള്ള സമയമായി. അപ്പോഴേക്കും ഫാൽഹാദിന് അമ്പത്തേഴു വയസ്സ്.  ആമിനയ്ക്ക് ഒരേ വാശിയായിരുന്നു അമ്മയും കൂടി ചേരുമെങ്കിൽ മാത്രമേ താൻ ഐടിയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ചേർന്ന് പഠിത്തം തുടരൂ എന്ന്. അടുത്ത ദിവസം ആമിന അമ്മയെ തന്റെ കോളേജിൽ കൂട്ടിക്കൊണ്ടുപോയി. രണ്ടുപേരും ഒരുമിച്ച് അഡ്മിഷനെടുത്തു. അമ്മയും മോളും ഒരേ ക്‌ളാസിൽ ഒരേ കോഴ്‌സിന് ചേർന്നു. പുസ്തകങ്ങളുമേന്തി കോളേജിലേക്ക് വരുന്ന ഫൽഹാദ്‌ എല്ലാവർക്കും കൗതുകമായിരുന്നു തുടക്കത്തിലെങ്കിലും അവരുടെ ആത്മവിശ്വാസം പതിയെ അവരുടെ പ്രവൃത്തികൾക്ക് വല്ലാത്തൊരു സ്വാഭാവികത പകർന്നു നൽകി. 

ഫൽഹാദിന് ഒരു പ്രചോദനമുണ്ടായിരുന്നു. സ്വന്തം മക്കൾക്കുമുന്നിൽ, 'താൻ പഠിക്കാൻ ഒട്ടും പിന്നിലല്ല ' എന്ന് തെളിയിക്കണമായിരുന്നു അവർക്ക്. അതിലവർ വിജയിച്ചു. പരീക്ഷകളിലെല്ലാം നല്ല മാർക്കു നേടി അവർ ബിരുദ പഠനം പൂർത്തിയാക്കി. ഒടുവിൽ അമ്മയും മകളും ഒരേദിവസം ബിരുദമേറ്റു വാങ്ങുന്ന ആ ദിവസവും വന്നെത്തി. അന്ന് ഫൽഹാദിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. 

അവർ തന്റെ മകളോട് ചോദിച്ചു, "ഇനിയെന്താണ് ആമിനാ പ്ലാൻ..? നമുക്ക് ഒന്നിച്ച് പിഎച്ച്ഡിക്ക് ചേർന്നാലോ..? " 
ആമിന പറഞ്ഞു, " അടിപൊളി..! " 

click me!