നെഹ്‌റുവിന്റെ ഇഷ്ടകവിയുടെ മകന്‍, സോണിയ ആദ്യം താമസിച്ചത് ബച്ചന്റെ വീട്ടില്‍!

Published : Oct 11, 2022, 02:34 PM IST
നെഹ്‌റുവിന്റെ ഇഷ്ടകവിയുടെ മകന്‍,  സോണിയ ആദ്യം താമസിച്ചത് ബച്ചന്റെ വീട്ടില്‍!

Synopsis

എണ്‍പതാം വയസ്സിലും സൂപ്പര്‍ താരം, അമിതാബ് ബച്ചന്റെ അറിയാക്കഥകള്‍ 

ഗാന്ധി കുടുംബവുമായി ബച്ചന്‍ കുടുംബത്തിനുള്ള   ബന്ധം രാജീവ് -അമിതാഭ് ചങ്ങാത്തത്തില്‍ തുടങ്ങുന്നതല്ല. വിദേശകാര്യ മന്ത്രാലയത്തില്‍ ഹിന്ദി ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ഹരിവംശ്‌റായ് ബച്ചനെ കുറിച്ച് പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് വലിയ മതിപ്പായിരുന്നു. ഇന്ദിരാഗാന്ധിയുടെ സ്‌നേഹിതയായിരുന്നു തേജി. രാജീവിന്റെ വധു ആകാന്‍ ഇറ്റലിയില്‍ നിന്ന് എത്തിയ സോണിയ ആദ്യം താമസിച്ചതും ഇന്ത്യന്‍ രീതികള്‍ ശീലിച്ചതും ബച്ചന്‍ കുടുംബത്തിനൊപ്പം താമസിച്ചാണ്. തേജി ആയിരുന്നു ഉപദേശക.

 

 

എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ആശംസകളുടെ പ്രവാഹമാണ്. സ്‌നേഹിതരും സഹപ്രവര്‍ത്തകരും ആരാധകരും എല്ലാം ഹിന്ദി സിനിമാ കുടുംബത്തിലെ കാരണവരുടെ ജന്മദിനാഘോഷത്തിന് ആശംസകളുടെ പൂവിളികള്‍ നേരുന്നു. സാത് ഹിന്ദുസ്ഥാനിയില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ തീയേറ്ററുകളില്‍ ഓടുന്ന ബ്രഹ്മാസ്ത്രയും ഗുഡ് ബൈയും വരെയുള്ള സിനിമകള്‍, പേന മുതല്‍ മിഠായ് തുടങ്ങി ആഭരണം വരെ നീളുന്ന പരസ്യങ്ങള്‍. ശരീരത്തിന്റെ ഉയരത്തേക്കാള്‍ തലപ്പൊക്കവുമായി പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിനോദ വ്യാപാര രംഗത്ത് വാണരുളുകയാണ് 'ബര്‍ത്ത് ഡേ ബോയ്.' 

ബച്ചന്റെ സിനിമാജീവിതത്തിലെയും അല്‍പായുസ്സായിരുന്ന രാഷ്ട്രീയജീവിതത്തിലെയും ചില ഏടുകളാണ് ഇനി പറയുന്നത്. 

പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അമിതാഭ് ബച്ചന്‍ തിരശ്ശീലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പേര് വിജയ് എന്നാണ്. ഒരു പക്ഷേ വിജയ് എന്ന പേര് ബച്ചന്റെ പര്യായം പോലുമാണ് ബോളിവുഡില്‍. ചില ചെറിയ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ഉയര്‍ത്തെഴുന്നേല്‍പ് നല്‍കിയ സഞ്ജീര്‍ ആണ് ബച്ചന് ആദ്യമായി വിജയ് എന്ന വിളിപ്പേര് സമ്മാനിച്ചത്. ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചനെ മാറ്റിയ ചിത്രം. രാജേഷ് ഖന്നയുടെ നേതൃത്വത്തില്‍ ബോളിവുഡ് അടക്കിവാണ പ്രണയതരംഗം പുതിയൊരു കഥാഗതിക്ക് വഴി മാറിക്കൊടുത്ത ചിത്രം കൂടിയായിരുന്നു സഞ്ജീര്‍.  73-ലെ ആ സിനിമയോടെ സലീം ജാവേദ് ജോടി ഹിന്ദി സിനിമയില്‍ പ്രതികാരാഗ്‌നി തിളക്കുന്ന, ന്യായത്തിന് വേണ്ടി ചോര വീഴ്ത്താന്‍ മടിയില്ലാത്ത യുവാക്കളുടെ ഊര്‍ജം തിരശ്ശീലയിലേക്ക് പകര്‍ത്തി വിട്ടു. 

ആദ്യത്തെ വിജയ് പോലീസുകാരന്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തെ വിജയ് നിയമത്തെ വെല്ലുവിളിക്കുന്നവന്‍ ആയിരുന്നു. അതും സ്വന്തം സഹോദരന്‍ ആയ പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്ന ആള്‍. പറയുന്നത് 75-ല്‍ പുറത്തിറങ്ങിയ ദീവാര്‍ എന്ന സിനിമയെ പറ്റി. ബച്ചന് മുന്നില്‍ നിന്നത് ശശി കപൂര്‍. ബോളിവുഡിലെ എക്കാലത്തേയും വലിയ ആന്റി ഹീറോ കഥയുമായി എത്തിയ ഡോണിലും (78) ബച്ചന് വിജയ് എന്ന പേരുണ്ടായിരുന്നു. അതേ കൊല്ലത്തെ തൃശൂല്‍ എന്ന സിനിമയിലും  ബച്ചന്‍ വിജയ് ആയി എത്തി. ചെറിയ ഇടവേളക്ക് ശേഷം എത്തിയ ഷെഹന്‍ഷായിലും വിജയ് ഉണ്ടായിരുന്നു. ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത് വിജയ് ദീനാനാഥ് ചൗഹാന്‍.(അഗ്‌നിപഥ്). ഇത്രയും പോരെ വിജയ് എന്ന പേരും അമിതാഭും തമ്മിലുള്ള ബന്ധത്തിന് തെളിവ്? അമിതാഭിന്റെ കഥാപാത്രങ്ങള്‍ക്ക് വിജയ് എന്ന പേര് ശക്തി, റോട്ടി കപഡാ ഓര്‍ മകാന്‍ തുടങ്ങി വേറെയും ധാരാളം ചിത്രങ്ങളിലുണ്ട്. (ഇങ്ങനെ ഒരു പേര് നായകന്റെ പര്യായമായി പിന്നെ ബോളിവുഡ് കണ്ടത് ഷാരൂഖ് ഖാന്റെ കാര്യത്തിലാണ്. രാഹുല്‍ എന്ന പേര് കിങ് ഖാന് നിരവധി ചിത്രങ്ങളിലുണ്ട്.)

രാഷ്ട്രീയരംഗത്ത് വളരെ കുറച്ച് കാലമേ അമിതാഭ് പ്രവര്‍ത്തിച്ചിട്ടുള്ളു. അങ്ങനെയൊരു വേഷം സ്വീകരിച്ചതിന് കാരണമായത് രാജീവ് ഗാന്ധിയുമായുള്ള സൗഹൃദവും. 84-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് താരസാന്നിധ്യമായി വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു ബച്ചന്‍. അലഹബാദില്‍ എച്ച്.എന്‍.ബഹുഗുണയെ വലിയ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കുകയും ചെയ്തു. ബോഫോഴ്‌സ് വിവാദത്തിന് പിന്നാലെ ബച്ചന്‍ രാഷ്ട്രീയക്കളം ഒഴിഞ്ഞു. അലഹബാദിനും അവിടത്തെ നാട്ടുകാര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്റെ ജീവിതത്തിലെ വലിയ നിരാശയും വേദനയും ആണെന്ന് ബച്ചന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.  ബോഫോഴ്‌സ് ആരോപണത്തില്‍ നിന്ന് പൂര്‍ണമായ വിടുതല്‍ ബച്ചന് കിട്ടുന്നത് 2012 ഏപ്രിലില്‍ ആണ്. (ഗാന്ധി കുടുംബവുമായി ബച്ചന്‍ കുടുംബത്തിനുള്ള   ബന്ധം രാജീവ് -അമിതാഭ് ചങ്ങാത്തത്തില്‍ തുടങ്ങുന്നതല്ല. വിദേശകാര്യ മന്ത്രാലയത്തില്‍ ഹിന്ദി ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ഹരിവംശ്‌റായ് ബച്ചനെ കുറിച്ച് പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് വലിയ മതിപ്പായിരുന്നു. ഇന്ദിരാഗാന്ധിയുടെ സ്‌നേഹിതയായിരുന്നു തേജി. രാജീവിന്റെ വധു ആകാന്‍ ഇറ്റലിയില്‍ നിന്ന് എത്തിയ സോണിയ ആദ്യം താമസിച്ചതും ഇന്ത്യന്‍ രീതികള്‍ ശീലിച്ചതും ബച്ചന്‍ കുടുംബത്തിനൊപ്പം താമസിച്ചാണ്. തേജി ആയിരുന്നു ഉപദേശക.) 

എന്തായാലും പഴയ സ്‌നേഹം രണ്ടു കുടുംബക്കാര്‍ക്കും ഇടയില്‍ ഇപ്പോഴില്ല. സ്വന്തം രാഷ്ട്രീയപ്രവേശനം സമാജ്‌വാദി പാര്‍ട്ടിയിലൂടെ നടത്തിയ,  എംപിയായി പ്രവര്‍ത്തിക്കുന്ന ജയ ബച്ചന്റെ വാക്കുകള്‍ തന്നെ ആ അകല്‍ച്ചയുടെ സൂചന. ''ഞങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്നവര്‍ ഒരു പ്രതിസന്ധിക്കിടെ ഞങ്ങളെ പകുതി വഴിക്ക് ഉപേക്ഷിച്ചു പോയി.''

എന്തായാലും വിജയ് എന്ന പേര് രാഷ്ട്രീയ രംഗത്ത് സാര്‍ത്ഥകമാക്കാന്‍ അമിതാഭിന് കഴിഞ്ഞില്ല. പക്ഷേ  തന്റെ ജീവിതവിജയം തന്നെയാണ് സിനിമാരംഗത്ത് വിജയ് എന്ന പേരിലൂടെ ബച്ചന്‍ സാധിച്ചത്. 

വിജയ് ബച്ചന്‍ജീ.......വിജയ് ബിഗ് ബി.

PREV
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും