'ആ കടം വീട്ടണം, എന്നാലേ ഉപ്പയ്ക്ക് പരലോകത്ത് സ്വൈരമുണ്ടാവൂ'; ലൂസിസേട്ടനെ തേടി പ്രവാസിയുടെ മകൻ...

Published : Feb 01, 2022, 11:05 AM ISTUpdated : Feb 01, 2022, 12:52 PM IST
'ആ കടം വീട്ടണം, എന്നാലേ ഉപ്പയ്ക്ക് പരലോകത്ത് സ്വൈരമുണ്ടാവൂ'; ലൂസിസേട്ടനെ തേടി പ്രവാസിയുടെ മകൻ...

Synopsis

'കയ്യിൽ അത്രക്ക് കാശുണ്ടായിട്ടൊന്നും അല്ല, പക്ഷേ ആ കടം ഉപ്പാക്ക് പരലോകത്ത് ഭാരമാകരുത് ' എന്നാണ് നാസർ പറയുന്നത്.  

എഴുപതുകളുടെ അവസാനത്തിൽ, നാലുപാടുനിന്നും പ്രാരബ്ധങ്ങൾ വന്നുകൂടി വീർപ്പുമുട്ടിച്ചപ്പോൾ ഫ്രീവിസ തരപ്പെടുത്തി ഗൾഫെന്ന പ്രതീക്ഷയുടെ തുരുത്ത് തേടി പുറപ്പെട്ടു പോയിട്ടുണ്ട് മലയാളികളിൽ പലരും. അവിടെ ആ ഉഷ്ണഭൂമിയിൽ ചെന്നിറങ്ങുമ്പോൾ നാട്ടിൽ കണ്ടുശീലിച്ച ഗൾഫുകാരന്റെ പളപളപ്പൊന്നും കാണില്ല. ഇടുങ്ങിയ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞുകൂടി, പിന്നീടങ്ങോട്ടുള്ള ആയുസ്സിന്റെ സിംഹഭാഗവും ആ മണലാരണ്യത്തിലൂടെ  ജീവിതമാർഗം തേടി അലയാനാവും പലർക്കും വിധി. കുറെ നാൾ അങ്ങനെ നെട്ടോട്ടമോടിക്കഴിയുമ്പോഴേക്കും, വന്നിറങ്ങിയപ്പോൾ ഉണ്ടായിരുന്ന ഊർജവും മൂലധനവും എല്ലാം വറ്റി, 'ഇനിയെന്ത്..?' എന്ന ചോദ്യത്തെ മുഖത്തോടുമുഖം നോക്കി തളർന്നിരുന്നുപോവും പലരും. അങ്ങനെയിരിക്കുമ്പോൾ, ചിലരുടെ നേർക്കെങ്കിലും അപ്രതീക്ഷിതമായ ചില സഹായഹസ്തങ്ങൾ നീളാറുണ്ട്. എന്ന്  തിരിച്ചു കിട്ടും എന്ന ഉറപ്പില്ലാതെ സുമനസ്സുകളായ ചില സുഹൃത്തുക്കൾ അങ്ങനെ വെച്ചുനീട്ടുന്ന ചെറുതോ വലുതോ ആയ തുകകളാവും പിന്നീട് പതിറ്റാണ്ടുകൾക്കിപ്പുറം പലരുടെയും ജീവിതങ്ങൾ പച്ചപിടിക്കാൻ കാരണം. ഇങ്ങനെ സഹായിച്ച വലിയ മനുഷ്യരെ പലരും പിന്നീട് മറന്നു പോവാറുണ്ട് എങ്കിലും, അങ്ങനെയൊരാളുടെ മേൽവിലാസം കൈവിട്ടുപോയി, ആ തുക മടക്കി നല്കാൻ സാധിക്കാഞ്ഞത്തിന്റെ സങ്കടം നെഞ്ചിലേന്തി  ഈ ലോകം വിട്ടുപോയ ഒരാളുണ്ട്. പേര്, ഹബീബുള്ള. 

പെരുമാതുറ, മാടൻവിള പുളിമൂട് ഹൗസിൽ താമസിച്ചിരുന്ന ഹബീബുള്ള നാട്ടുകാർക്കൊക്കെയും അബ്ദുല്ലയായിരുന്നു. നാട്ടിൽ ഗതിമുട്ടിയപ്പോൾ, 1978 -ലാണ് അബ്ദുല്ല വിമാനം കയറി, ഒരു ഫ്രീ വിസയിൽ ദുബായിൽ എത്തുന്നത്. സുഹൃത്തുക്കളുടെ കൂടെയായിരുന്നു താമസം. ചെന്നിറങ്ങിയ ദിവസം തൊട്ടുതന്നെ, ഒരു ജോലിതേടി പലയിടത്തും അലഞ്ഞെങ്കിലും ഒന്നും ശരിയായില്ല. പണിയൊന്നും ശരിയായില്ല എന്നുമാത്രമല്ല, ചെലവിന് കൊണ്ടുവന്ന പണവും തീർന്നു. അങ്ങനെ  അക്ഷരാർത്ഥത്തിൽ 'തലയ്ക്കു മീതെ ശൂന്യാകാശം, താഴെ മരുഭൂമി' എന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി ലോഗോയിൽ അന്നത്തെ 1000 ദിർഹം നൽകി അബ്ദുല്ലയെ സഹായിക്കുന്നത്. ഈ പണം പിനീടങ്ങോടുള്ള അബ്ദുല്ലയുടെ തൊഴിലന്വേഷണങ്ങൾക്ക് ഇന്ധനമാവുന്നു. താമസിയാതെ അബ്ദുല്ലക്ക് ഒരു ക്വാറിയിൽ ജോലി കിട്ടുന്നു. ജോലി അബ്ദുല്ലയെ പിന്നീട് മറ്റു പലയിടങ്ങളിലേക്കും പറിച്ചു നടുന്നു. ഇതിനിടയിൽ എപ്പോഴോ, ലൂസിസ് അടക്കമുള്ള ആദ്യകാല സ്നേഹിതരുമായുള്ള ബന്ധമേ മുറിഞ്ഞു പോവുന്നു.  പിന്നീട് ദുബായിൽ നിന്ന് ഫുജൈറയിലേക്ക് കുറേക്കൂടി നല്ലൊരു ജോലി കിട്ടി പോയതോടെ അത് പൂർണമായും അറ്റുപോവുന്നു.

 

 

അങ്ങനെ പതിറ്റാണ്ടുകൾ കഴിഞ്ഞ ശേഷം, പ്രവാസജീവിതമൊക്കെ മതിയാക്കി അബ്ദുല്ല തിരിച്ചു നാട്ടിലേക്കുതന്നെ പോരുന്നു. കുട്ടികളൊക്കെ വലുതായി, ജോലിക്കാരായപ്പോൾ അബ്ദുല്ല വാർധക്യസഹജമായ അസുഖങ്ങളോട് മല്ലിട്ട് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നു. അങ്ങനെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുമ്പോഴും, ഇടയ്ക്കിടെ തന്റെ ഈ പഴയ കടബാധ്യതയെക്കുറിച്ച് അബ്ദുല്ല മക്കളോട് പറയും. എവിടെ ആണെങ്കിലും, ലൂസിസ് ചേട്ടനെ കണ്ടെത്തണം. അന്ന് ഒരുഗതിയും പരഗതിയുമില്ലാതിരുന്ന കാലത്ത്, തികഞ്ഞ സഹാനുഭൂതി ഒന്നിന്റെ മാത്രം പുറത്ത്, തനിക്ക് അന്ന് സാമാന്യം നല്ലൊരു തുകയായിരുന്ന ആയിരം ദിർഹം തന്നു സഹായിച്ച ആളോടുള്ള കടം വീട്ടണം.  ഈ ആഗ്രഹം അബ്ദുല്ല മക്കളോട് മാത്രമല്ല, പലരോടും അറിയിച്ചു. പലവഴിക്കും ലൂസിസിനെത്തേടി അന്വേഷണങ്ങൾ നടന്നു എങ്കിലും, ഒന്നും അയാളിലേക്ക് എത്തിയില്ല. തുടർന്ന് പാത്രത്തിൽ പരസ്യം നൽകി കാത്തിരുന്നു എങ്കിലും ലൂസിസ് എന്ന സുമനസ്സ് മാത്രം പിടിതരാതെ ഇരുട്ടിലെവിടെയോ നിന്നു. 

അന്ന് ദുബായിൽ ഒരു ജോലിയും കിട്ടാതെ, കയ്യിൽ 'നഞ്ചുവാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാതെ' നട്ടംതിരിഞ്ഞു നിന്ന കാലത്ത്, ദൈവത്തെപ്പോലെ മുന്നിൽ അവതരിച്ച് പണം തന്നു സഹായിച്ച ആ സ്‌നേഹിതനെ മരിക്കും മുമ്പ് ഒരിക്കൽ നേരിട്ട് കണ്ടു നന്ദി പറയുകയെങ്കിലും വേണം എന്ന അന്ത്യാഭിലാഷം പൂർത്തീകരിക്കാൻ പോലും സാധിക്കാതെ കഴിഞ്ഞ 23 -ന് അബ്ദുല്ല ഈ ദുനിയാവിൽ നിന്ന് വിടവാങ്ങി. മരിക്കും മുമ്പ്,  'എങ്ങനെയും ലൂസിസിനെ കണ്ടെത്തി ആ കടം വീട്ടണം' എന്ന് മക്കളുടെ കൈ പിടിച്ചു പറഞ്ഞിട്ടാണ് ആ വയോധികൻ മരിക്കുന്നത്.  

ഈ അബ്ദുല്ലയുടെ ഏഴുമക്കളിൽ ഒരാളായ നാസർ, എൺപതുകളിൽ ഗൾഫിലുണ്ടായിരുന്ന 'ബേബിയുടെ സഹോദരൻ ലൂസിസി'നെ അന്വേഷിച്ചു നൽകിയ കഴിഞ്ഞ തിങ്കളാഴ്ച നൽകിയ പത്രപരസ്യം  'എൻറെ പിതാവ്, അബ്ദുല്ല 30 വർഷത്തിനു മുമ്പ് ഗൾഫിൽവെച്ച് കൊല്ലം സ്വദേശി ലൂസിസിൻറെ പക്കൽനിന്ന് കടമായി വാങ്ങിയ തുക തിരികെ നൽകാനുണ്ട്. അദ്ദേഹമോ അനുജൻ ബേബിയോ ഈ പരസ്യം ശ്രദ്ധയിൽപെട്ടാൽ ഉടൻ ബന്ധപ്പെടുക...' എന്നായിരുന്നു പരസ്യത്തിലെ വാചകം. സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇതിനോടകം രണ്ടു ലൂസിസുമാരുടെ ബന്ധുക്കൾ നാസറിനെ ബന്ധപ്പെട്ടിട്ടുണ്ട്. രണ്ടു ലൂസിസുമാരും മരിച്ചുപോയതുകൊണ്ട് അതിൽ ആരാണ് അന്ന് അബ്ദുല്ലയ്ക്ക് ഈ ധനസഹായം ചെയ്തത് എന്നറിയാൻ ഇനിയും കാത്തിരുന്നേ പറ്റൂ. രണ്ടു ലൂസിസുമാരുടെയും ചിത്രങ്ങൾ ചോദിച്ചു വാങ്ങിയിട്ടുണ്ട് നാസർ. അന്ന് ഗൾഫിൽ അബ്ദുല്ലയോടും ലൂസിസിനോടും ഒപ്പം ഉണ്ടായിരുന്ന, ഇരുവരെയും കണ്ട ഓർമയുള്ള ചിലർ ഇന്നും നാട്ടിൽ ജീവിച്ചിരിപ്പുണ്ട്. ഈ ചിത്രങ്ങൾ അവരെ കാണിച്ച്, ആൾ ആരാണ് എന്നുറപ്പിച്ച ശേഷം യഥാർത്ഥ ലൂസിസിന്റെ ആശ്രിതർക്ക്, അന്നത്തെ ആ കടത്തിന് ഇന്നുണ്ട് എന്ന് അവർ പറയുന്ന തുക തിരിച്ചു കൊടുത്ത്, പരലോകത്ത് പിതാവിന്റെ ആത്മാവിന് ശാന്തി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ആ മകൻ ഈ നിമിഷവും.   'കയ്യിൽ അത്രക്ക് കാശുണ്ടായിട്ടൊന്നും അല്ല, പക്ഷേ ആ കടം ഉപ്പാക്ക് പരലോകത്ത് ഭാരമാകരുത് ' എന്നാണ് നാസർ പറയുന്നത്.  പെരുമാതുറയിൽ ഹാർബറുമായി ബന്ധപ്പെട്ടുള്ള ബിസിനസിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ മകൻ.  ഫോൺ : 7736662120

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ