ഓഫീസിനകത്തിരുന്നാൽ എളുപ്പം വയസ്സാകും? സൺ സ്ക്രീനും യു.വി പ്രൊട്ടക്ഷൻ മാസ്കുകളും പരീക്ഷിച്ച് ചൈനയിലെ യുവാക്കള്‍

Published : Sep 02, 2026, 04:25 PM IST
office

Synopsis

ഒരു യുവാവ് തനിക്ക് ജോലിയിൽ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ചർമ്മത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തന്റെ മുഖം കറുത്തുപോയെന്നും കണ്ണുകൾക്ക് ആയാസം അനുഭവപ്പെടുന്നുണ്ടെന്നും യുവാവ് കുറിച്ചു.

ചൈനയിലെ കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്കിടയിൽ വിചിത്രമായൊരു ട്രെൻഡാണ് ഇപ്പോൾ വൈറലാകുന്നത്. നമ്മൾ‌ വെയിലത്ത് പുറത്തിറങ്ങുമ്പോഴാണ് സൺസ്ക്രീൻ ക്രീമുകളൊക്കെ മിക്കവാറും ഉപയോ​ഗിക്കുന്നത് അല്ലേ? എന്നാൽ, ഇവിടെ പുറത്തിറങ്ങുമ്പോഴല്ല, മറിച്ച് ഓഫീസിലിരുന്ന് ജോലി ചെയ്യുമ്പോഴാണ് ജീവനക്കാർ സൺസ്ക്രീൻ ലോഷനുകളും ഫുൾ ഫേസ് യു.വി പ്രൊട്ടക്ഷൻ മാസ്കുകളും ധരിക്കുന്നത്. ചിലരാകട്ടെ, ഡെസ്കുകളിൽ ചെറിയ സൺ അംബ്രല്ലകളും സ്ഥാപിക്കുന്നുണ്ട്. ഓഫീസ് ജോലികൾക്കിടയിൽ ചർമ്മം കരുവാളിക്കുന്നതും പ്രായം തോന്നിക്കുന്നതും തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതത്രെ.

ചൈനയിലെ പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളായ സിയോഹോങ്ഷു, ഡൗയിൻ എന്നിവയിലൂടെയാണ് ടെക് പ്രൊഫഷണലുകൾ തങ്ങളുടെ ഈ പുതിയ രീതികളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. 9 മുതൽ 5 മണിവരെ നീളുന്ന ഓഫീസ് ജോലികൾ തങ്ങളുടെ മുഖത്ത് അകാല വാർദ്ധക്യം ബാധിക്കാൻ കാരണമാകുന്നു എന്ന ആശങ്കയാണ് യുവജീവനക്കാർക്കിടയിൽ വർദ്ധിച്ചുവരുന്നത്.

ജിങ്സു പ്രവിശ്യയിൽ നിന്നുള്ള ഒരു യുവാവ് തനിക്ക് ജോലിയിൽ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ചർമ്മത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തന്റെ മുഖം കറുത്തുപോയെന്നും കണ്ണുകൾക്ക് ആയാസം അനുഭവപ്പെടുന്നുണ്ടെന്നും യുവാവ് കുറിച്ചു. ഈ പോസ്റ്റ് അതിവേഗം വൈറലാവുകയും നിരവധി പേർ ഇത് ശരിവെച്ച് രംഗത്തെത്തുകയും ചെയ്തു. മറ്റൊരാൾ ജോലിയിൽ നിന്നും കുറച്ചു ദിവസത്തെ അവധിയെടുത്തപ്പോൾ തന്റെ മുഖത്ത് കൂടുതൽ തിളക്കം വന്നതായി അവകാശപ്പെട്ടിരുന്നു.

ഓഫീസ് ഏജിങ്

ദീർഘനേരം അകത്തിരുന്ന് ജോലി ചെയ്യുന്നത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുമെന്നും, ചെറിയ ചുളിവുകൾ വീഴ്ത്തുമെന്നും, കോശങ്ങൾ പെട്ടെന്ന് നശിക്കാൻ കാരണമാകുമെന്നുമുള്ള വിശ്വാസവുമായി ബന്ധപ്പെട്ടാണിത്. ഓഫീസുകളിലെ കൃത്രിമ ഫ്ലൂറസെന്റ് ലൈറ്റുകൾ, കമ്പ്യൂട്ടർ-ഫോൺ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം, എയർകണ്ടീഷണറുകൾ നൽകുന്ന വരണ്ട വായു എന്നിവ ചർമ്മത്തെ ബാധിക്കുന്നു എന്നാണ് ഇവർ കരുതുന്നത്.

കഠിനമായ പുറംചൂടിൽ നിന്നും രക്ഷനേടാനുള്ള ഇടമായിട്ടല്ല, മറിച്ച് അകാല വാർദ്ധക്യത്തിന് കാരണമാകുന്ന വില്ലനായിട്ടാണ് ജീവനക്കാർ ഇപ്പോൾ ഓഫീസുകളെ കാണുന്നത്. ചൈനയിലെ തൊഴിലിടങ്ങളിലെ കടുത്ത മത്സരങ്ങളും സമ്മർദ്ദങ്ങളും ജീവനക്കാരെ ശാരീരികമായി തളർത്തുന്നുണ്ട് എന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 'ഞാൻ ഓഫീസിൽ വെച്ച് വയസ്സനാകുന്നു. കമ്പനി എന്റെ അധ്വാനത്തിനാണ് കൂലി തരുന്നത്, എന്നാൽ എന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ആര് നഷ്ടപരിഹാരം നൽകും?' എന്നാണ് ഒരാൾ കുറിച്ചത്. 'നല്ലൊരു ഓഫീസ് അന്തരീക്ഷം ഔദാര്യമല്ല, അതൊരു അടിസ്ഥാന അവകാശമാണ്' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'ബാത്ത് റൂമിൽ ക്യാമറയോടൊപ്പം ഒരു ജീവിതം'; 47,000 രൂപയുടെ ടൂത്ത് ബ്രഷ്, അതും എഐ ക്യാമറ ഘടിപ്പിച്ചത്! വില്പനയ്ക്കെത്തിച്ച് ഡെയ്സൺ
ഡേറ്റിങ് ആപ്പിലൂടെ പരിചയം; ‘പാക്കേജ്’ വാങ്ങാൻ ഓൺലൈൻ പണം നൽകി, യുവാവിന് പണം നഷ്ടമായി!