
ഒരു വീട് എല്ലാ സാധാരണക്കാരന്റെയും ഏറ്റവും വലിയ സ്വപ്നമായിരിക്കും. അങ്ങനെ ജീവിതത്തിലെ പ്രതിസന്ധികളെയും ദാരിദ്ര്യത്തെയുമെല്ലാം അതിജീവിച്ചുകൊണ്ട് സ്വന്തമായിട്ടൊരു വീട് സ്വന്തമാക്കിയ ഫിറ്റ്‌നസ് ട്രെയ്‌നറായ ആകാശ് എന്ന യുവാവിന്റെ കഥയാണിത്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ഇ.ഒ സന്ദീപ് കുൽക്കർണിയാണ് തന്റെ ഫിറ്റ്‌നസ് ട്രെയ്‌നറായ ആകാശിന്റെ ജീവിതം എക്സ് (ട്വിറ്റർ) പോസ്റ്റിൽ പങ്കുവെച്ചത്. പതിമൂന്നാം വയസ്സിൽ ജോലിക്ക് ഇറങ്ങേണ്ടി വന്ന ആകാശ്, കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് മുപ്പതാം വയസ്സിൽ പുനെയിൽ സ്വന്തമായി 2BHK വീട് വാങ്ങിയത്.
13 -ാം വയസ്സിൽ ഒരു ഡോക്ടറുടെ ക്ലിനിക്കിൽ ജോലി ചെയ്താണ് ആകാശ് ജീവിതം ആരംഭിച്ചത്. ഒരു കാലത്ത് അമിതവണ്ണമുണ്ടായിരുന്ന ആകാശ് പിന്നീട് ഫിറ്റ്‌നസ് ഗൗരവമായി കാണാൻ തുടങ്ങി. തുടർന്ന് പ്രൊഫഷണലായി പരിശീലനം നേടി ഫിറ്റ്‌നസ് ഇൻസ്ട്രക്ടറായി മാുകയായിരുന്നു. ഒരിക്കലും ജോലിക്ക് വൈകാറില്ലാത്ത ആകാശിന്റെ വ്യായാമങ്ങളെയും പോഷകാഹാരത്തെയും കുറിച്ചുള്ള അറിവ് മികച്ചതാണ്. നിരന്തരമായ പഠനത്തിലൂടെയാണ് അദ്ദേഹം ഈ നിലയിലെത്തിയത് എന്നും പോസ്റ്റിൽ പറയുന്നു.
My personal trainer Akash bought his first home today. A 2BHK in Pune. He is 30.
For most people reading this, buying a house may sound like an ordinary financial milestone. Knowing where he started, I think it is extraordinary.
Akash had to start earning when he was barely 13.… pic.twitter.com/HWvAqmURn4— Sandeep Kulkarni (@moneyworks4u_fa) August 14, 2026
ജിമ്മിൽ നിന്ന് ശരിയായ രീതിയിൽ ശമ്പളം കിട്ടാതെ വന്നതോടെയാണ് ആകാശ് സ്വന്തമായി പേഴ്സണൽ ട്രെയ്നിങ് ആരംഭിച്ചത്. അങ്ങനെയാണ് സന്ദീപ് കുൽക്കർണി അദ്ദേഹത്തിന്റെ ആദ്യകാല ക്ലയിന്റുമാരിൽ ഒരാളാകുന്നത്. വർഷങ്ങളിലൂടെയുള്ള കഠിനാധ്വാനമാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. 'പലർക്കും വീട് വാങ്ങുന്നത് സാധാരണമായ ഒരു കാര്യമായിരിക്കാം. എന്നാൽ, ആകാശ് തുടങ്ങിയ ഇടം വെച്ച് നോക്കുമ്പോൾ ഇത് വളരെ വലുതാണ്' സന്ദീപ് കുറിച്ചു. 'നമ്മുടെ രാജ്യത്ത് മുന്നേറാൻ പല ബുദ്ധിമുട്ടുകളുമുണ്ട്. എങ്കിലും, ഒരാൾക്ക് മികച്ച കഴിവുണ്ടെങ്കിൽ, നല്ല പേരുണ്ടാക്കാൻ സാധിച്ചാൽ, അവന്റെ തുടക്കം എവിടെയാണോ അത് അവന്റെ അവസാനമാകണമെന്നില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപിന്റെ ഈ കുറിപ്പിന് താഴെ നിരവധി പേരാണ് ആകാശിന് അഭിനന്ദനങ്ങളുമായി എത്തിയത്. 'നല്ല മനുഷ്യർ വിജയിക്കുമ്പോൾ ഈ ലോകത്തൊരു നീതിയുണ്ടെന്ന് തോന്നും' എന്നായിരുന്നു ഒരാളുടെ കമന്റ്.