കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണ്, സിപിആർ നടക്കുന്നു... എന്നു മാത്രമാണ് അവർ പറഞ്ഞത്; ഒരു അമ്മയുടെ അനുഭവം

By Web TeamFirst Published Mar 23, 2019, 2:42 PM IST
Highlights

ജീവനില്ലാത്ത ആ പൂമ്പാറ്റക്കുഞ്ഞിനെയും പൊതിഞ്ഞുപിടിച്ചുകൊണ്ട് അവനങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ  പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം അവളെയാവേശിച്ചു. ഉറയ്ക്കാത്ത ആ പിഞ്ചു നിറുക മുതൽ ചുവന്നു തുടുത്ത ആ കുഞ്ഞു കാലടികൾ വരെ തികച്ചും പെർഫെക്ട് ആയിരുന്നു കുഞ്ഞ് എസ്തർ. ആ സുന്ദരമായ ശരീരത്തിനുള്ളിൽ പ്രാണനില്ലെന്ന ഒരൊറ്റക്കാര്യമൊഴിച്ചാൽ....

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതാണ് ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖങ്ങളിലൊന്ന്. അതിനി  പെറ്റിട്ട ചൂട് മാറും മുമ്പ് മരിച്ചാലും ശരി, തന്നോളമെത്തി മരിച്ചാലും ശരി. ന്യൂസിലൻഡിലെ ക്വീൻസ്ലാൻഡിൽ നിന്നും നിക്കോൾ തോംസൺ എന്ന യുവതി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതും അത്തരത്തിലൊരു സങ്കടമായിരുന്നു. 

തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു നിക്കോൾ. മൂത്ത ആൺ കുഞ്ഞിന് അഞ്ചുവയസ്സ് തികഞ്ഞപ്പോഴാണ്  ഒരു പെൺകുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹത്താൽ നിക്കോൾ രണ്ടാമതും ഗർഭിണിയാവുന്നത്.  മുപ്പത്തിമൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരുന്നു അവളുടെ ഗർഭം. അതുവരെ എല്ലാം തികച്ചും നോർമലായി പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഓരോ ചുവടുവെയ്പ്പിലും താങ്ങായി അവൾക്കൊപ്പമുണ്ടായിരുന്നു അവളുടെ  ഭർത്താവ് ചെയ്‌സ്. വരാനിരിക്കുന്നത് ഒരു കുഞ്ഞു മാലാഖയാണ് എന്ന വിവരം ഗൈനക്കോളജിസ്റ്റ് അതിനകം അവരോട് പങ്കുവെച്ചിരുന്നു. ആ  പൂമ്പാറ്റക്കുട്ടി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും കാത്തുകാത്ത് ദിവസങ്ങളെണ്ണി അവരിരുന്നു. 

അനക്കമുണ്ടോ ഇപ്പോൾ..? അനക്കമില്ലാതെയായിട്ട് ഇപ്പോൾ എത്ര നേരമായി..?  

അഡ്മിറ്റാവുന്നതിന് രണ്ടുദിവസം മുമ്പുവരെ നടന്നു തന്നെ വന്നുകേറിയതായിരുന്നു ആ ആശുപത്രിയിലേക്ക് നിക്കോൾ, അവളുടെ സ്ഥിരം പരിശോധനകൾക്കും സ്കാനിങ്ങുകൾക്കുമായി. പ്രസവം ചിലപ്പോൾ ഇത്തിരി നേരത്തെ കാണുമെന്ന് ഡോക്ടർ മുന്നറിയിപ്പുനല്കിയിരുന്നു. കുഞ്ഞ് തീർത്തും ആരോഗ്യവതിയാണെന്നു തന്നെ സ്കാനിങ്ങുകൾ ഉറപ്പിച്ചുകൊണ്ടിരുന്നു. വയറ്റിനുള്ളിൽ നിന്നുള്ള ആ കുസൃതിപ്പെണ്ണിന്റെ കുത്തിമറിച്ചിലുകളും അവളോട് പറഞ്ഞുകൊണ്ടിരുന്നത് മറിച്ചല്ലായിരുന്നു.  സ്കാനിങ്ങിൽ വ്യക്തമായിരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പുകൾ അവൾക്ക് ആശ്വാസം പകർന്നുകൊണ്ടിരുന്നുവെങ്കിലും , അവസാന ദിവസമായപ്പോഴേക്കും അശുഭകരമായ ഒരു  ഉൾവിളി അവൾക്ക് കിട്ടാൻ തുടങ്ങി. 

പതിവ് പരിശോധനയ്ക്കിടെ ഡോക്ടറുടെ മുഖം മാറുന്നത് നിക്കോൾ ശ്രദ്ധിച്ചു. തന്റെ കുഞ്ഞിനെ നേരത്തെ കാണാമെന്ന അവളുടെ സന്തോഷം പതുക്കെ ഉത്കണ്ഠയ്ക്ക് വഴിമാറി.  അനക്കമുണ്ടോ ഇപ്പോൾ..? അനക്കമില്ലാതെയായിട്ട് ഇപ്പോൾ എത്ര നേരമായി..?  ഡോക്ടറുടെ ഓരോ ചോദ്യവും അവളുടെ നെഞ്ചിലൂടെ തീഗോളമായി ഇറങ്ങിച്ചെല്ലാൻ തുടങ്ങി. 

അമ്മയെ വിളിച്ച് വിവരമറിയിച്ചു.. " അമ്മേ... നേരത്തെയാണെന്നു തോന്നുന്നു. ഇതാ.. സിസേറിയന് ലേബർ റൂമിലേക്ക് കേറാൻ പോവുന്നു.."  

 അവൾ സ്വന്തം വയറിലൂടെ ഒന്ന് വെറുതേ വിരലോടിച്ചു നോക്കി. സ്ഥിരമായി കുഞ്ഞിന്റെ തല വന്നു മുഴച്ചിരിക്കാറുള്ള ആ കല്ലിപ്പ്‌  ഇപ്പോഴില്ല വയറ്റിൽ. ആകെ പതുപതാ എന്നിരിക്കുന്നുണ്ട് വയർ. ഡോക്ടർമാർ പെട്ടെന്ന് തന്നെ അൾട്രാ സൗണ്ട് സ്കാൻ ചെയ്ത് അപകടം തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കുറഞ്ഞുവരുന്നു. അടിയന്തിരമായി സിസേറിയൻ ചെയ്യണം. 

ആകെ വെപ്രാളപ്പെട്ടുള്ള നഴ്‌സുമാരുടെ പരക്കം പാച്ചിലുകൾക്കു നടുവിൽ , പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി നിക്കോൾ കാത്തിരുന്നു. ധൃതിപ്പെട്ട് ഓപ്പറേഷൻ തിയറ്ററിലേക്ക്  സ്‌ട്രെച്ചറിൽ ഉരുട്ടിക്കൊണ്ടുപോവുന്നതിനിടെ നിക്കോൾ എങ്ങനെയോ ധൈര്യം സംഭരിച്ച്  ചെയ്‌സിന്റെ അമ്മയെ വിളിച്ച് വിവരമറിയിച്ചു.. " അമ്മേ... നേരത്തെയാണെന്നു തോന്നുന്നു. ഇതാ.. സിസേറിയന് ലേബർ റൂമിലേക്ക് കേറാൻ പോവുന്നു.."  

നിക്കോളിന്റെ ഭർത്താവ് എന്തോ ആവശ്യത്തിന് വീട്ടിലേക്കൊന്നു പോയതായിരുന്നു. കേട്ടപാടെ  അമ്മ മകൻ ചെയ്‌സിനോട്  അതേ വാക്കുകൾ ആവർത്തിക്കുന്നത് ഫോൺ കട്ട് ചെയ്യും മുമ്പ് നിക്കോൾ കേട്ടു. കൊടുങ്കാറ്റിന്റെ വേഗത്തിൽ ആശുപത്രിയിലേക്ക് പറന്നെത്തി ചെയ്‌സ്. പക്ഷേ, അപ്പോഴേക്കും സിസേറിയൻ തുടങ്ങിക്കഴിഞ്ഞിരുന്നതിനാൽ അവരവനെ അകത്തേക്കുവിട്ടില്ല. ഇത്തിരി കുഴപ്പത്തിലാണ് കാര്യങ്ങൾ എന്നുമാത്രം പറഞ്ഞ നഴ്സ് അവനെ മുൾമുനയിൽ നിർത്തി. പുറത്ത് അസ്വസ്ഥനായി ഉലാത്തിക്കൊണ്ടിരുന്നു അവൻ. എന്തെങ്കിലും വിവരവുമായി അകത്തുനിന്നും ആരെങ്കിലും പുറത്തുവന്നുകിട്ടാൻ. ഏറെ നേരം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ ഒരു നഴ്‍സ് പുറത്തുവന്നു. നിക്കോളിന്  കുഴപ്പമൊന്നുമില്ല എന്ന വിവരംപറഞ്ഞു. 

നഴ്‌സ് ആശ്വസിപ്പിച്ചു. " കുഴപ്പമില്ല... ഹാർട്ട് ബീറ്റ് വന്നോളും


കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കുറവാണ്, സിപിആർ നടക്കുന്നു  എന്നു മാത്രം പറഞ്ഞു അവർ. നിർബന്ധം പിടിച്ചപ്പോൾ  അവനെ അവർ അകത്തേക്ക് കടത്തിവിട്ടു. അവിടെ ഒരു മേശപ്പുറത്ത് അവന്റെ കുഞ്ഞ് കിടപ്പുണ്ടായിരുന്നു. കാണാനാവുന്നില്ല ഒന്നും. ചുറ്റും കൂടി നിന്ന ഡോക്ടർമാരുടെ ഒരു സംഘം കുഞ്ഞിന്  സിപിആർ  നല്കിക്കൊണ്ടിരിക്കുകയാണ്.  പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല അവർ. അന്നോളം ദൈവത്തെ വിളിച്ചുപ്രാർത്ഥിച്ചിട്ടില്ലാത്ത അവനും ആ നിമിഷം തന്റെ കുഞ്ഞിന്റെ ജീവന് വേണ്ടി ദൈവത്തോടിരന്നു. 

നിക്കോളിന്റെ കയ്യും പിടിച്ചുകൊണ്ട്  നിന്ന   ചെയ്സിനെ  നഴ്‌സ് ആശ്വസിപ്പിച്ചു. " കുഴപ്പമില്ല... ഹാർട്ട് ബീറ്റ് വന്നോളും.. പിന്നെ, അവൾക്ക് പേര് വല്ലതും കണ്ടുവെച്ചിട്ടുണ്ടായിരുന്നോ..? " 

" ഉവ്വ്.. എസ്തർ.. " അവൻ വിതുമ്പി. 

" നല്ല പേരാണ്.. : അവർ പറഞ്ഞു..

അപ്പോൾ കണ്ടാൽ മോൾ ഉറങ്ങുകയാണെന്നേ തോന്നൂ.. മരിച്ചുപോയെന്ന് പറയുകയേയില്ല..! 

രണ്ടു നിമിഷം നിർന്നിമേഷനായി അങ്ങനെ ഇരുന്ന ശേഷം, നിക്കോളിന്റെ കൈ വിടുവിച്ച് അവൻ പുറത്തേക്കിറങ്ങിപ്പോയി. 

നാൽപതു മിനിട്ടുകൾക്ക് ശേഷം ഡോക്ടർ പുറത്തിറങ്ങി വന്നു. ഒരച്ഛനും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു ചോദ്യം അപ്പോൾ ആ ഡോക്ടർ ചെയ്‌സിനോട് ചോദിച്ചു.. " ഞങ്ങൾ പരമാവധി ശ്രമിച്ചു. ഹാർട്ട് ബീറ്റ് റിവൈവ് ചെയ്യുന്നില്ല.. ഇനിയും നോക്കണോ..? " എന്തുപറയണമെന്നറിയാതെ അവൻ പകച്ചു നിന്നു. എന്താണവൻ പറയേണ്ടത്..? വേണ്ടെന്നോ..?  അസാധ്യമെന്നു തോന്നിച്ച ആ തീരുമാനം ഒടുവിൽ അവൻ എടുക്കുകതന്നെ ചെയ്തു. കരച്ചിൽ അടക്കിപ്പിടിച്ചുകൊണ്ട് അവൻ അവരോട്  സിപിആർ പരിശ്രമങ്ങൾ നിർത്താൻ സമ്മതം മൂളി. 

അവർ അവന്റെ എസ്തറിനെ ഒരു വെളുത്ത പുതപ്പിനുള്ളിൽ പുതഞ്ഞെടുത്ത് അവനരികിലേക്ക്  കൊണ്ടുവന്നു. അപ്പോൾ കണ്ടാൽ മോൾ ഉറങ്ങുകയാണെന്നേ തോന്നൂ.. മരിച്ചുപോയെന്ന് പറയുകയേയില്ല..! 

അതേസമയം ഓപ്പറേഷൻ തീയറ്ററിനുള്ളിൽ നിക്കോൾ കണ്ണുതുറന്നുകഴിഞ്ഞിരുന്നു. കണ്ണിന്റെ ഇടത്തേക്കോണിൽ നഴ്‌സിന്റെ മുഖം പതുക്കെ തെളിഞ്ഞുവന്നപ്പോൾ അവൾ അടുത്തുവരാൻ തലയാട്ടി. അവർ  കുനിഞ്ഞ് അവളുടെ ബെഡിനരികിലിരുന്ന്, അവളുടെ തലമുടി തഴുകിക്കൊണ്ട് പറഞ്ഞു, " സോറി കുഞ്ഞേ.. എസ്തറിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. "  

തികച്ചും പെർഫെക്ട് ആയിരുന്നു എസ്തർ. ആ സുന്ദരമായ ശരീരത്തിനുള്ളിൽ പ്രാണനില്ലെന്ന ഒരൊറ്റക്കാര്യമൊഴിച്ചാൽ.

തിരിഞ്ഞു നോക്കിയ നിക്കോൾ കണ്ടത് ബെഡിനടുത്ത്, ഒരു കസേരയിൽ തുണിയിൽ പൊതിഞ്ഞ എസ്തറിനെയും പിടിച്ച് അവളുടെ മുഖത്തേക്കുതന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചെയ്‌സിനെയാണ്. ദീർഘമായ ഒരു ശ്വാസം ഉള്ളിലേക്കെടുത്ത് അവൾ ചെയ്‌സിനോട് പറഞ്ഞു.." അയാം സോറി.. " 

അവളുടെ ആത്മസുഹൃത്ത്,  അപ്പോൾ അവൾ പെറ്റിട്ട പെൺകുഞ്ഞിന്റെ അച്ഛൻ, ജീവനില്ലാത്ത ആ പൂമ്പാറ്റക്കുഞ്ഞിനെയും പൊതിഞ്ഞുപിടിച്ചുകൊണ്ട് അങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ  പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം അവളെയാവേശിച്ചു. ഉറയ്ക്കാത്ത ആ പിഞ്ചു നിറുക മുതൽ ചുവന്നു തുടുത്ത ആ കുഞ്ഞു കാലടികൾ വരെ തികച്ചും പെർഫെക്ട് ആയിരുന്നു എസ്തർ. ആ സുന്ദരമായ ശരീരത്തിനുള്ളിൽ പ്രാണനില്ലെന്ന ഒരൊറ്റക്കാര്യമൊഴിച്ചാൽ. മകളെ എടുത്ത്  തന്റെ നെഞ്ചത്തൊന്നു  വെപ്പിച്ചു നിക്കോൾ. മോളുടെ ദേഹത്തുനിന്നും ചൂട് വിട്ടുമാറിയിട്ടില്ല എന്നവൾ ശ്രദ്ധിച്ചു. പെറ്റുവീണുടൻ ഒരു ചോരക്കുഞ്ഞ് എങ്ങനെയാവണമോ അങ്ങനെ തന്നെയായിരുന്നു എസ്തർ. 

ഓപ്പറേഷൻ കഴിഞ്ഞ് അവരെ സ്‌ട്രെച്ചറിൽ മുറിയിലേക്ക് കൊണ്ട് ചെല്ലുമ്പോഴും വഴിയിൽ പലരുടെയും മുഖത്ത് നിറഞ്ഞ സന്തോഷ ഭാവം അവളെ കൂടുതൽ സങ്കടപ്പെടുത്തി. അവൾ കണ്ണടച്ചു കിടന്നു. 

നിക്കോൾ ഒരു ഫോട്ടോഗ്രാഫറായിരുന്നു. അമ്മയോട് അവളുടെ കാമറ ആശുപത്രിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. തന്റെ ജീവിതത്തിലേക്ക് ഒരു നിമിഷാർധ നേരത്തേക്ക് വിരുന്നുവന്ന തന്റെ കുഞ്ഞിന്റെ അന്ത്യനിമിഷങ്ങൾ ഒപ്പിയെടുക്കാൻ അവൾ തീരുമാനിച്ചു. 

തന്റെ കൈകൾ കൊണ്ടുതന്നെ കുഞ്ഞ് എസ്തറിന്റെ പിങ്ക് നിറമുള്ള കുഞ്ഞുദേഹം ചെയ്‌സ് കഴുകിയെടുത്തു. നിക്കോളിനെ സംബന്ധിച്ചിടത്തോളം  ഉള്ളിലേക്കെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സത്യം, ആറ്റുനോറ്റിരുന്നു കിട്ടിയ തന്റെ കുഞ്ഞുമോൾ തന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു എന്നുള്ളതായിരുന്നു. എന്തിന് എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ തുടർന്നുവെങ്കിലും. 

മരിച്ചിരിക്കുന്നു എന്ന് ഭർത്താവും, ഡോക്ടർമാരും ഒക്കെ മാറിമറിപ്പറഞ്ഞിട്ടും, അറിയാതെ ഇടയ്ക്കെപ്പോഴോ അവൾ കുഞ്ഞ് എസ്തറിനെ കൊഞ്ചിക്കാനാഞ്ഞു. അവളുടെ കൈ പിടിച്ച് അവളെ കളിപ്പിക്കാൻ നോക്കി. അടുത്ത നിമിഷം, യാഥാർഥ്യത്തെപറ്റിയുള്ള ബോധ്യം അവളുടെ മനസ്സുലച്ചു. 

അവരുടെ മൂത്തമകൻ ലിയോ തന്റെ അനുജത്തിക്ക് അന്ത്യ ചുംബനം നൽകാനെത്തി. താനെന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള പ്രായം അവന് ആ നിമിഷം ഉണ്ടായിരുന്നില്ലെങ്കിലും, അവൻ  നിറുകയിൽ ഉമ്മവെച്ച് തന്റെ പെങ്ങളെ പറഞ്ഞയച്ചു. 

 

ഒഴിഞ്ഞ വയറുമായി നിക്കോളും,ഒഴിഞ്ഞ കൈകളുമായി ചെയ്സും, തിരിച്ച് തങ്ങളുടെ ഫ്ലാറ്റിലേക്ക് മടങ്ങിവന്നു. ഭാഗ്യത്തിന് അവരുടെ ആ സങ്കടങ്ങളിലൂടെ അവരെ കൈപിടിച്ച് നടത്താൻ സ്നേഹിതരും ബന്ധുക്കളുമായി നിരവധിപേരുണ്ടായിരുന്നു.  തന്റെ കുസൃതികളിലൂടെ അച്ഛന്റെയും അമ്മയുടെയും സങ്കടം അലിയിച്ചുകളയാൻ കുഞ്ഞ് ലിയോയും.. 

എസ്തറിനെ നഷ്ടമായി അധികം വൈകാതെ തന്നെ നിക്കോൾ വീണ്ടും ഗർഭവതിയായി. കുഞ്ഞ് 'ഐവി'പ്പെണ്ണ്  അവരുടെ ജീവിതത്തിൽ വീണ്ടും സന്തോഷങ്ങൾ നിറച്ചു. തങ്ങൾക്കു മുന്നിലൂടെ  തുള്ളിച്ചാടി നടക്കുന്ന രണ്ടു കുസൃതിക്കുരുന്നുകൾ പകർന്നുനൽകുന്ന സന്തോഷങ്ങൾക്കിടയിലും,  ഇടയ്ക്കൊക്കെ അവരോർക്കും, തങ്ങളെ ഒരുപാട് ആശിപ്പിച്ച്, ഒരുപാട് നാൾ കാത്തിരിക്കാൻ പ്രേരിപ്പിച്ച്, ഒടുവിൽ ഞൊടിയിട നേരത്തേക്ക് മാത്രം വിരുന്നുവന്ന്, തങ്ങളെ വിട്ടുപിരിഞ്ഞ എസ്തർ എന്ന ആ പൂമ്പാറ്റക്കുഞ്ഞിനെ...
 

click me!