അധികാരം കയ്യിലെത്തിയാല്‍ നാട്ടുകാരെ മറക്കുന്നവര്‍ കാണണം, സ്വന്തം നാടിന്‍റെ വികസനത്തിനായി ഈ സ്ത്രീ നടത്തിയ പോരാട്ടം

By Web TeamFirst Published Jul 8, 2019, 5:31 PM IST
Highlights

തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ പയ്യപ്പയ്യെ ഫലം കണ്ടുതുടങ്ങി. ചെറിയ പെണ്‍കുട്ടികളെ തിരികെ സ്കൂളിലയച്ചു തുടങ്ങി. പല കുട്ടികളുടേയും ഫീസ് തെരേസ തന്‍റെ പോക്കറ്റില്‍ നിന്നും എടുത്തു നല്‍കി. 

മലാവിയിലെ ഡെഡ്സാ ജില്ലയിലെ  സീനിയര്‍ ചീഫാണ് തെരേസ കോച്ചിൻഡാമോട്ടോ. തന്‍റെ അധികാരമുപയോഗിച്ച് പലതും കൈക്കലാക്കുന്നവരുണ്ടാകാം എല്ലാ രാജ്യത്തും. പലപ്പോഴും ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് മറക്കാറാണ് ഇവരുടെ പതിവും. പക്ഷെ, ഇവിടെയാണ് തെരേസ വ്യത്യസ്തയാകുന്നത്. അവര്‍ സ്വന്തം നാടിന് പുതിയ ദിശാബോധം നല്‍കിയ ആളാണ്. ഓരോ പെണ്‍കുട്ടിയും വിദ്യാഭ്യാസം നേടുമ്പോള്‍ ലോകത്ത് എന്തും സാധ്യമാവും എന്നാണ് തെരേസ പറഞ്ഞത്.

ആ നാട്ടിലെ സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമാണ് തെരേസ എന്നും പ്രാധാന്യം നല്‍കിയത്. അധികാരത്തിലെത്തിയ ശേഷം 850 ബാലവിവാഹങ്ങളാണ് അവര്‍ തടഞ്ഞത്. കൂടാതെ നൂറുകണക്കിന് സ്ത്രീകളെ വിദ്യാഭ്യാസം തുടരാനും അവര്‍ സഹായിച്ചു. പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും ബാധിക്കുന്ന തരത്തിലുള്ള മതപരമായ ചടങ്ങുകളെയും തെരേസ എതിര്‍ത്തിരുന്നു. 

മലാവിയില്‍ പകുതിയിലേറെ പെണ്‍കുട്ടികളും 18 വയസ്സ് തികയും മുമ്പ് വിവാഹിതരാവുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീകളുടെ വികസനത്തിനെ സംബന്ധിച്ചും വളരെ താഴ്ന്ന നിലയിലാണ് മലാവി. ഇവയിലെല്ലാം മാറ്റം വരുത്തിയത് തെരേസ പെട്ടെന്നൊരു ദിവസമല്ല. ഒരുപാട് നാളുകളുടെ പ്രയത്നത്തിന്‍റെ ഭാഗമായിത്തന്നെയാണ്. 

തെരേസ ജനിച്ചതും വളര്‍ന്നതും ഡെഡ്സ ജില്ലയില്‍ തന്നെയാണ്. പിന്നീട് കുറച്ചുകാലം അവിടെനിന്നും വിട്ടുനിന്നു. തിരികെ വരുന്നത് ചീഫായാണ്. അതും നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്. കാരണം, മറ്റൊരു ജില്ലയില്‍ 27 വര്‍ഷം ചീഫായി സേവനമനുഷ്ടിച്ചിരുന്നു തെരേസ. തിരികെ വന്നപ്പോള്‍ ആദ്യം കണ്ണില്‍ പതിഞ്ഞ കാഴ്ച, കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത് നടക്കുന്ന പന്ത്രണ്ട് വയസ്സൊക്കെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളും, ജോലിയൊന്നുമില്ലാത്ത അവരുടെ ഭര്‍ത്താക്കന്മാരേയുമാണ്. അത് തെരേസയെ സംബന്ധിച്ച് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. ചീഫ് എന്ന അധികാരമുപയോഗിച്ച് എങ്ങനെ ഈ കാര്യങ്ങള്‍ ശരിയാക്കാം എന്നായി പിന്നീട് തെരേസയുടെ ചിന്ത. 

കഴിഞ്ഞ വര്‍ഷമാണ് മലാവിയില്‍ സ്ത്രീകളുടെ വിവാഹപ്രായം 18 ആക്കിയത്. അപ്പോഴും മാതാപിതാക്കളുടെ അനുമതി വെച്ച് പെണ്‍കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതരാവുന്നുണ്ട്. തെരേസ ആദ്യം ചെയ്തത് 50 സബ് ചീഫുമാരുമായി എങ്ങനേയും ബാലവിവാഹം തടയണമെന്ന കരാറുണ്ടാക്കുകയായിരുന്നു. തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ പയ്യപ്പയ്യെ ഫലം കണ്ടുതുടങ്ങി.

ചെറിയ പെണ്‍കുട്ടികളെ തിരികെ സ്കൂളിലയച്ചു തുടങ്ങി. പല കുട്ടികളുടേയും ഫീസ് തെരേസ തന്‍റെ പോക്കറ്റില്‍ നിന്നും എടുത്തു നല്‍കി. തെരേസയുടെ പ്രയത്നം വെറുതെയല്ല. മലാവിയെപ്പോലെ ഒരിടത്ത് അത് ആവശ്യമാണ്. ബാലവിവാഹങ്ങളും സാമ്പത്തിക പരാധീനതകളുമാണ് അവിടെ ജീവിതത്തെ താളം തെറ്റിക്കുന്നത്. അഞ്ചിലൊരു പെണ്‍കുട്ടിയും ചൂഷണത്തിനിരയാകുന്നുവെന്നും കണക്കുകള്‍ പറയുന്നു. 

ഡെഡ്‌സാ  പ്രദേശം അവിടെ നടത്തപ്പെടുന്ന ലൈംഗിക ശുദ്ധീകരണ ക്യാമ്പുകൾക്കു കൂടി കുപ്രസിദ്ധിയാർജ്ജിച്ചതാണ്. അവിടത്തെ പരമ്പരാഗതമായ വിവാഹച്ചടങ്ങുകളുടെ ഭാഗമായി പെൺകുട്ടികളെ നിർബന്ധിച്ച് ഇത്തരം ക്യാമ്പുകളിലേക്ക് പറഞ്ഞയക്കുന്നുണ്ട്. ഈ ക്യാമ്പുകളിൽ വെച്ച് ഈ യുവതികളെ ലൈംഗികബന്ധം പരിചയപ്പെടുത്തുന്ന ചടങ്ങ് വിശേഷിച്ചും ജുഗുപ്സാപരമായ ഒന്നാണ്. പത്തിൽ ഒരാൾക്ക് എച്ച് ഐ വി ബാധയുള്ള ഒരു സ്ഥലത്തെപ്പറ്റിയാണ് നമ്മൾ പറഞ്ഞുവരുന്നത് എന്നോർക്കണം. മനുഷ്യത്വവിരുദ്ധമായ ഇത്തരത്തിലുള്ള ആചാരങ്ങൾ പിന്തുടരുന്ന ഗ്രാമത്തലവന്മാരെ ബഹിഷ്കരിക്കും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണ് ഇപ്പോൾ തെരേസ ചെയ്തിരിക്കുന്നത്.

പലപ്പോഴും ചുറ്റുമുള്ളവരില്‍ നിന്നും കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നുപോലും എതിര്‍പ്പുകളും ഭീഷണികളും നേരിടേണ്ടി വരുന്നുണ്ട് തെരേസയ്ക്ക്. തീര്‍ന്നില്ല, ഇതൊക്കെ പലതും എത്തിനില്‍ക്കുന്നത് വധഭീഷണിയിലാണ്. പക്ഷെ, ഏത് വിധേനയും നാട്ടിലെ ബാലവിവാഹങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ് തെരേസ. കൂടാതെ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതനിലവാരം ഉയര്‍ത്തണം. അങ്ങനെ, ഭാവിയില്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത മലാവിയാണ് അവര്‍ സ്വപ്നം കാണുന്നത്. 

(ചിത്രത്തിന് കടപ്പാട്: Vital Voices ഫേസ്ബുക്ക് പേജ്)

click me!