നക്സൽ ബാരി ഇന്ന് പഴയ നക്സൽബാരിയല്ല

By Web TeamFirst Published Mar 7, 2019, 6:00 PM IST
Highlights

സ്വാതന്ത്ര്യം കിട്ടി ജന്മിത്തമൊക്കെ അവസാനിച്ചു, ഭൂപരിഷ്കരണം നടപ്പിലാക്കി, ഭൂമി ഇല്ലാത്തവർക്ക് വിതരണം ചെയ്തു എന്നൊക്കെ പറഞ്ഞുവെങ്കിലും, സമൂഹത്തിൽ അസമത്വങ്ങൾ അതുപോലെ തന്നെ നിലനിന്നു. ദരിദ്രരായ കർഷകർക്കിടയിൽ നിലനിന്നിരുന്ന അസംതൃപ്തിയാണ് അവരെ സായുധവിപ്ലവത്തിലേക്ക് അന്ന് നയിച്ചത്. സിലിഗുഡി കൃഷിപ്പണിയെ മാത്രം ആശ്രയിച്ചു പുലർന്നിരുന്ന ഒരു പ്രദേശമായിരുന്നു.

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങ് ജില്ലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്നുകിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് നക്സൽബാഡി. സായുധവിപ്ലവഗാഥകളുടെ അതീതകാലത്തിന്റെയും, അതുമായി പുലബന്ധം പോലുമില്ലാത്ത ഇന്നത്തെ ആധുനിക വർത്തമാനത്തിന്റെയും ഇടയിൽപ്പെട്ട് അമർന്നുപോയിരിക്കുകയാണ് നക്സൽബാഡിയുടെ ഭാവി. 

ഒരുകാലത്ത് ആളുകളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ 'നക്സലിസ'മെന്ന വാക്ക്  ഉടലെടുക്കുന്നത് ബംഗാളിലെ ഈ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ്. പക്ഷേ, അറുപതുകളിൽ ഒരു കൂട്ടം കർഷകർ തങ്ങളുടെ വളരെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി തുടങ്ങിവെച്ച  'നക്സൽ വിപ്ലവം' എന്ന പോരാട്ടത്തിന്റെ പൊടിപോലും ഇന്ന് അവിടെ കാണാൻ കഴിയില്ല. ഒരുകാലത്ത് വിപ്ലവഗാനങ്ങൾ മുഴങ്ങിയിരുന്ന ഇവിടത്തെ ഗലികളിൽ ഇന്ന് ചെവിടടപ്പിക്കുന്ന റീമിക്സ് ഗാനങ്ങളാണ് അലയടിക്കുന്നത്. സ്ഥലത്തെ പയ്യൻസ് പലരും കൊള്ളയും കൊലയും ഉപജീവനമാർഗമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. 

പഴയ ഉന്മൂലനവിപ്ലവാശയങ്ങളുടെ തുടിക്കുന്ന ഓർമ്മകളുടെ തിരുശേഷിപ്പുകളായി ചാരു മജുംദാറിന്റെ ഒന്നോ രണ്ടോ പ്രതിമകൾ എവിടെങ്കിലും കണ്ടെങ്കിലായി. ഇന്ത്യൻ വിപ്ലവാശയങ്ങളുടെ ഉലയായി പ്രവർത്തിച്ചു പോന്ന ഈ ഗ്രാമപ്രദേശത്ത്  ഇന്ന് മഷിയിട്ടുനോക്കിയാൽ പോലും പേരിനൊരു നക്സലിനെ കണ്ടുകിട്ടില്ല. ആധുനികതയുടെയും മുതലാളിത്തത്തിന്റെയും ഉപഭോക്തൃപരതയുടെയും വിളനിലമാണ് ഇന്നത്തെ നക്സൽബാഡി. ഈ ലോകത്തിനു മുഴുവൻ ഒരു മഹത്തായ ആദർശമായി പരിണമിക്കേണ്ടിയിരുന്ന ഒരു ആശയം വെറും ആൾക്കൂട്ടഹിംസയുടെ  പര്യായമായി ഒടുങ്ങിയതെങ്ങനെയെന്ന് ഒരുകാലത്ത് അതിന്റെ പ്രയോക്താക്കളായിരുന്നവർക്കു പോലും അറിയില്ല. 

1967-ലാണ് കമ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ചാരു മജുംദാർ, കനു സന്യാൽ, ജംഗൽ സാന്താൾ എന്നീ മൂന്നു ചെറുപ്പക്കാർ പാർട്ടി വിട്ടിറങ്ങി അല്പം കൂടി തീവ്രതയുള്ള സായുധമാർഗ്ഗങ്ങൾ സ്വീകരിച്ച് തങ്ങളുടെ നാട്ടിലെ  ജന്മികളോട് പോരാടാൻ തീരുമാനിക്കുന്നത്. ജന്മികൾ കയ്യടക്കിവെച്ചിരിക്കുന്ന കൃഷിഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്യുക എന്ന വളരെ വിപ്ലവകരമായ ആശയമായിരുന്നു അവരുടെ മനസ്സിൽ. അന്ന്, സിലിഗുരി കിസാൻ സഭയുടെ അനിഷേധ്യ നേതാവായിരുന്നു ജംഗൽ സാന്താൾ.   സായുധവിപ്ലവം പ്രഖ്യാപിക്കപ്പെട്ട്  ഒരാഴ്ചയ്ക്കകം ജന്മികളുടെ സേന ഒരു കർഷകനെ വധിക്കുന്നു. അത് അന്വേഷിക്കാനായി വന്ന ജന്മികളുടെ കൂലിപ്പൊലീസ് സേനയെ ഗോത്രവർഗക്കാരായ ഗ്രാമീണർ ജംഗൽ സാന്താളിന്റെ നേതൃത്വത്തിൽ അമ്പുകളും വില്ലുകളുമായി ആക്രമിക്കുന്നു. ആ പോരാട്ടത്തിൽ ഒരു സബ് ഇൻസ്പെക്ടർക്ക് ജീവൻ നഷ്ടപ്പെടുന്നു.

സ്വാതന്ത്ര്യം കിട്ടി ജന്മിത്തമൊക്കെ അവസാനിച്ചു, ഭൂപരിഷ്കരണം നടപ്പിലാക്കി, ഭൂമി ഇല്ലാത്തവർക്ക് വിതരണം ചെയ്തു എന്നൊക്കെ പറഞ്ഞുവെങ്കിലും, സമൂഹത്തിൽ അസമത്വങ്ങൾ അതുപോലെ തന്നെ നിലനിന്നു. ദരിദ്രരായ കർഷകർക്കിടയിൽ നിലനിന്നിരുന്ന അസംതൃപ്തിയാണ് അവരെ സായുധവിപ്ലവത്തിലേക്ക് അന്ന് നയിച്ചത്. സിലിഗുഡി കൃഷിപ്പണിയെ മാത്രം ആശ്രയിച്ചു പുലർന്നിരുന്ന ഒരു പ്രദേശമായിരുന്നു.  മാവോ സെ തൂങ്ങിന്റെ ആശയങ്ങളിൽ പ്രചോദിതനായ ചാരു മജുൻദാർ അതിനെ ബംഗാളിലെ സാഹചര്യങ്ങൾക്ക് ചേരുംപടി വ്യാഖ്യാനിച്ചെടുക്കുകയായിരുന്നു. ഈ മൂവർസംഘത്തിനു കീഴിൽ നക്സൽബാഡി വിപ്ലവചിന്തകളിൽ ചുവന്നുതുടുത്തു. "അമാർ ബാഡി.. തുമാർ ബാഡി.. നക്സൽ ബാഡി നക്സൽ ബാഡി.." എന്ന മുദ്രാവാക്യം അന്ന് ആ ഗ്രാമത്തിലും ഇന്ത്യയിലൊട്ടുക്കും മുഴങ്ങിക്കേട്ടു. 

നക്സൽ ബാഡി വിപ്ലവങ്ങളുടെ ജീവാത്മാവായിരുന്ന ചാരു മജുംദാറിന്റെ സിലിഗുഡിയിലെ വീട് ഇന്നൊരു പ്രേതാലയമാണ്. ഒരുകാലത്ത്, വിപ്ലവചിന്തകളുടെ ഗൂഢാലോചനകൾക്ക് മൂകസാക്ഷിയായിരുന്ന ആ ചുവരുകളിൽ നിന്നും ഇന്ന് കുമ്മായം അടർന്നുവീണുകൊണ്ടിരിക്കുന്നു. 1972  ജൂലൈ 28 -ന് പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹമായ സാഹചര്യങ്ങളിൽ ആ വീടിന്റെ ഉടമസ്ഥൻ ചാരു മജുംദാർ കൊല്ലപ്പെടുകയായിരുന്നു. ഹൃദയാഘാതമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തെ പീഡിപ്പിച്ചുകൊന്നതാണ് എന്നുതന്നെ അദ്ദേഹത്തിന്റെ അനുയായികൾ ഇന്നും വിശ്വസിക്കുന്നു. അന്നത്തെ വിപ്ലവങ്ങളിൽ പങ്കാളികളായിരുന്ന, ഇന്നും വീര്യം ചോർന്നുപോയിട്ടില്ലാത്ത നേതാക്കൾ  രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ മാലയിട്ട് തങ്ങളുടെ കടമ നിറവേറ്റി ആശ്വസിക്കുന്നു. 

ഇന്ന്  നക്സൽ  പ്രസ്ഥാനങ്ങൾ പരശ്ശതം ധാരകളായി വഴിപിരിഞ്ഞൊഴുകുന്നു. അവയിൽ പ്രധാനപ്പെട്ടവ, സിപിഐ എം- ലെനിനിസ്റ്റ്(CPI(M )(L), പീപ്പിൾസ് വാർ ഗ്രൂപ്പ്(PWG), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യ (MCCI) എന്നിവയായിരുന്നു. വിപ്ലവത്തിന്റെ നേർവഴി വെടിഞ്ഞ് മാവോയിസത്തിന്റെയും  തീവ്രവാദത്തിന്റെ മാർഗ്ഗം പിടിച്ചതാണ് നക്സലിസത്തിന്റെ പതനത്തിനു കാരണമെന്ന് ഇന്ന് ചില മുൻ നക്സലുകളെങ്കിലും അഭിപ്രായപ്പെടുന്നുണ്ട് . ചാരു മജുംദാറും കനു സന്യാലും ഒക്കെ ചേർന്ന്  ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപ്ലവത്തിന്റെ വിളഭൂമിയാക്കിയ  നക്സൽബാഡിയുടെ ഇന്നത്തെ അവസ്ഥ തീർത്തും പരിതാപകരമെന്നേ പറയാനാവൂ..

click me!