എത്ര ഒച്ചയുണ്ടോ അത്രയും പൗരുഷമുണ്ടെന്ന സങ്കൽപം തെറ്റ്; കുരങ്ങുകളുടെ ലൈംഗികശേഷിയെക്കുറിച്ച് പുതിയ പഠനം..

By Web TeamFirst Published Mar 17, 2019, 12:43 PM IST
Highlights

ഒച്ചയും ബഹളവും ഉണ്ടാക്കാനുള്ള കഴിവും, ലൈംഗിക ശേഷിയും തമ്മിലുള്ള ഒരു  വിപരീതബന്ധം ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന്  ഡോ. നാപ്പ് പറഞ്ഞു. ഹൗളർ കുരങ്ങുകളുടെ നിത്യജീവിതത്തിലെ പെരുമാറ്റത്തിന്റെ പാറ്റേണുകളുടെ രഹസ്യങ്ങൾ ഈ പഠനത്തിലൂടെ ചുരുളഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ഈ ഭൂമുഖത്ത് കാണപ്പെടുന്ന ജന്തുക്കളിൽ ഏറ്റവും ഉച്ചത്തിൽ ഒച്ചയിടാൻ കഴിവുള്ളത് 'ഓളിക്കാരൻ കുരങ്ങി'നാണ് (Howler Monkey). 140 ഡെസിബെൽ ഉച്ചത്തിൽ ഒച്ചയുണ്ടാക്കാനുള്ള കഴിവുണ്ടതിന്.  അതായത് ഒരു ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിപൊട്ടുന്ന അല്ലെങ്കിൽ ഒരു ഗുണ്ട് പൊട്ടുമ്പോൾ ഉണ്ടാവുന്ന അത്രയും ഒച്ച. ആൺ കുരങ്ങുകൾ ഈ ശബ്ദം അവരുടെ കൂട്ടത്തിനിടെ തങ്ങളുടെ ലൈംഗിക ശേഷി പരസ്യപ്പെടുത്താനും പെൺകുരങ്ങുകളെ തങ്ങളിലേക്ക് ആകർഷിച്ചുവരുത്താനുമാണ് ഉപയോഗിക്കുന്നത്. പെൺകുരങ്ങുകളെ കളിയാക്കാനും ശല്യപ്പെടുത്താനും ഒക്കെ ചെവിടുപൊട്ടുന്ന ഈ ഒച്ച പതിവായി അവർ ഉപയോഗിച്ചുപൊന്നു. എത്ര ഒച്ചയുണ്ടോ അത്രയും പൗരുഷമുണ്ടെന്നാണ് പങ്കിലക്കാട്ടിലെ സങ്കൽപം..!

പക്ഷേ, ഇനിയാണ് ട്വിസ്റ്റ്.. ആ സങ്കല്പമൊക്കെ പൊളിച്ചടുക്കുന്ന ഒരു പഠനം ഈയടുത്ത് നടന്നു. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ് സർവ്വകലാശാലയിലെ ഗവേഷകർ ഡസൻ കണക്കിന് കുരങ്ങുകളുടെ വൃഷണങ്ങളുടെ വലിപ്പവും അവയുടെ സ്വനപേടകത്തിലെ ഹൈയോയിഡ് അസ്ഥികളുടെ വലിപ്പവും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട്  നടത്തിയ പഠനത്തിൽ വെളിപ്പെട്ടത് അവ രണ്ടും തമ്മിലുള്ള വിപരീതബന്ധമാണ്. കഴിഞ്ഞ മാർച്ച് ആറിന് 'കറന്റ് ബയോളജി' മാസികയിൽ പ്രസിദ്ധീകരിച്ച ഈ ഫലങ്ങൾ തെളിയിക്കുന്നത്, ഒച്ച എത്ര കൂടുതലാണോ കുരങ്ങുകളുടെ ശേഷി അത്രയും കുറവാണ് എന്നാണ്..!

ഈ പഠനത്തിന് നേതൃത്വം നൽകിയ കേംബ്രിഡ്ജിലെ  നരവംശ ശാസ്ത്രജ്ഞനായ ഡോ. ലെസ്ലി നാപ്പ്  പറഞ്ഞത് ഇപ്രകാരമായിരുന്നു, " ഹൈയോയിഡ് അസ്ഥികളുടെ വലിപ്പം കൂടുതലുള്ള, കൂടുതൽ ഉച്ചത്തിൽ അലറിവിളിക്കുന്ന കുരങ്ങുകളിൽ, വൃഷണങ്ങളുടെ വലിപ്പം താരതമ്യേന കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചു. അവർ ഒരു ആൺകുരങ്ങുള്ള, വളരെക്കുറച്ചു പെൺകുരങ്ങുകൾ മാത്രമുള്ള കൂട്ടത്തിലാണ് കഴിയുന്നതും. അതേസമയം താരതമ്യേന ചെറിയ ഹൈയോയിഡ് അസ്ഥികളുള്ള, ബഹളവും വിളിയും താരതമ്യേന കുറഞ്ഞ ആൺകുരങ്ങുകൾക്ക്, ഒച്ചപ്പാടുണ്ടാക്കുന്ന കുരങ്ങന്മാരേക്കാൾ വലിപ്പമുള്ള വൃഷണങ്ങളാണുള്ളത്. അവ കഴിയുന്നതാവട്ടെ, കൂടുതൽ പെൺകുരങ്ങുകളുള്ള വലിയ കൂട്ടത്തിലും. അവർ ഒന്നിലധികം പെൺകുരങ്ങുകളുമായി ബന്ധപ്പെട്ടുകൊണ്ട്, കൂടുതൽ സജീവമായ ലൈംഗിക ജീവിതം നയിക്കുകയും ചെയ്തുവരുന്നു. 

ഒച്ചയും ബഹളവും ഉണ്ടാക്കാനുള്ള കഴിവും, ലൈംഗിക ശേഷിയും തമ്മിലുള്ള ഒരു  വിപരീതബന്ധം ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന്  ഡോ. നാപ്പ് പറഞ്ഞു. ഹൗളർ കുരങ്ങുകളുടെ നിത്യജീവിതത്തിലെ പെരുമാറ്റത്തിന്റെ പാറ്റേണുകളുടെ രഹസ്യങ്ങൾ ഈ പഠനത്തിലൂടെ ചുരുളഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ഡോ. നാപ്പിന്റെ പഠനങ്ങൾ തെളിയിക്കുന്നത്, കൂടുതൽ ഒച്ചവെക്കുന്ന ആൺകുരങ്ങുകളിൽ ഒന്നോ രണ്ടോ പെൺകുരങ്ങുകളെയും കൂടെക്കൂട്ടി, കൂട്ടത്തിൽ നിന്നും മാറി, വേറിട്ട് കഴിയാനുള്ള ത്വര കൂടുതലാണ് എന്നാണ്. തന്റെ കൂട്ടത്തിലുള്ള പെൺകുരങ്ങുകളുടെ 'തനിക്കുമാത്രം' (exclusive) ലൈംഗികബന്ധത്തിനുള്ള അവകാശം സിദ്ധിക്കണമെന്ന് ഇത്തരത്തിൽ ഒരുപാട് ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്ന കുരങ്ങന്മാർക്ക് നിർബന്ധമുണ്ട്.  എന്നാൽ, ഇവരേക്കാൾ ബഹളവും മറ്റും കുറഞ്ഞിരിക്കുന്ന, താരതമ്യേന ശാന്തസ്വഭാവികളായ ആൺ കുരങ്ങുകളാവട്ടെ കൂടുതൽ വലിയ കുരങ്ങിൻ കൂട്ടങ്ങളിൽ കഴിയാനുള്ള താത്പര്യം കാണിക്കുന്നവരാണ്. ആ കൂട്ടങ്ങളിൽ നിരവധി ആൺകുരങ്ങുകളും പെൺകുരങ്ങുകളും ഉണ്ടാവും. അവർ തമ്മിൽ പ്രത്യേകിച്ച് വിലക്കുകളൊന്നുമില്ലാതെ ആ സ്ത്രീപുരുഷ വാനരന്മാർ തമ്മിൽ സ്വൈര്യമായി ബന്ധപ്പെട്ട് പ്രത്യുത്പാദനം നടത്തി പുലർന്നു പോരുന്നു. ഒരു പെൺകുരങ്ങുമായി ഒന്നിലധികം ആൺകുരങ്ങുകൾക്ക് ഒരേ കാലയളവിൽ ബന്ധം കാണും എന്നതിനാൽ പിതൃത്വത്തിനായി മത്സരിക്കുന്നത് അവരുടെ പ്രത്യുത്പാദന ശേഷിയുടെ ബലം വെച്ചുമാത്രമാവും. കൊടുത്താൽ സ്പേം കൗണ്ടുള്ള ആൺകുരങ്ങുകൾ തങ്ങളുടെ ഇണക്കുരങ്ങുകളിൽ സന്താനോത്പാദനം നടത്തുന്നതിൽ മറ്റുള്ള ആൺകുരങ്ങുകളോട് മത്സരിച്ച് വിജയിക്കും. 

ചുരുക്കത്തിൽ ബഹളം വെപ്പും, കാര്യസിദ്ധിയും തമ്മിൽ കുരങ്ങുകളിൽ ഒരു പരസ്പരം റദ്ദു ചെയ്യുന്ന (mutually exclusive) ബന്ധമാണിവിടെ നിലനിൽക്കുന്നതെന്ന് സാരം. വലിപ്പം കുറഞ്ഞ വൃഷണങ്ങളുള്ള കുരങ്ങുകൾക്ക് പ്രകൃതി കൂടുതൽ ഒച്ചയുണ്ടാക്കാനുള്ള കഴിവുകൊടുത്തിരിക്കുന്നു. ആ കഴിവുപയോഗിച്ച്, പെൺകുരങ്ങുകളിൽ ചിലതിനെ അവർ വേറിട്ട താരതമ്യേന  ചെറിയ ഒരു  കൂട്ടത്തിലേക്ക് അടർത്തിമാറ്റുന്നു. അവിടെ തങ്ങളുടെ മിതമായ ലൈംഗിക ശേഷി പ്രയോജനപ്പെടുത്തി, പൗരുഷത്തിലെ മാത്സര്യം ബോധപൂർവം ചുരുക്കി, അവിടെ വിജയകരമായി പ്രത്യുത്പാദനം നടത്തുന്നു. അതുപോലെ കൂടുതൽ പ്രത്യുത്പാദന-ലൈംഗിക ശേഷിയുള്ള കുരങ്ങുകൾക്ക് അക്കാര്യങ്ങളിൽ ശേഷി കുറഞ്ഞ കുരങ്ങുകളെപ്പോലെ കിടന്ന് ഒച്ചയും ബഹളവും ഒന്നും വെക്കാൻ കഴിഞ്ഞെന്നുവരില്ല, പക്ഷേ, ഗോളടിക്കേണ്ട സമയത്ത് കൃത്യമായി അവർ ഗോളടിച്ചിരിക്കും. 

അതേസമയം, ഈ കാര്യങ്ങളെ പരിണാമ ദശയിൽ കുരങ്ങുകൾ കഴിഞ്ഞുരുവായ മനുഷ്യരുടെ കാര്യത്തിലേക്ക് നീട്ടിവായിക്കുന്നത് സൂക്ഷിച്ചുവേണം എന്നും ഡോ. നാപ്പ് മുന്നറിയിപ്പ് തരുന്നുണ്ട്. കാരണം, കുരങ്ങനും മനുഷ്യനും തമ്മിൽ ജീവശാസ്ത്രപരമായും, സാമൂഹികമായും മറ്റും അജഗജാന്തരമുണ്ട്. അതുകൊണ്ടുതന്നെ താരതമ്യങ്ങളിൽ കാര്യമില്ല. 


 

click me!