70 ദശലക്ഷക്കാലം പാമ്പുകള്‍ ജീവിച്ചത് പിന്‍കാലുകളുമായി? പുതിയ പഠനങ്ങള്‍ തെളിയിക്കുന്നതെന്ത്?

By Web TeamFirst Published Nov 25, 2019, 4:56 PM IST
Highlights

70 ദശലക്ഷം വർഷക്കാലം, നജാഷ് പാമ്പുകൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നെയാണ് ഈ പിൻ‌കാലുകളുമായി ജീവിച്ചിരുന്നതെന്നാണ് പഠനം പറയുന്നത്. 

പാമ്പുകളുടെ പരിണാമം വർഷങ്ങളായി ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം, ഈ പാമ്പുകൾക്കെല്ലാം ഒരിക്കൽ കാലുകളടക്കം അവയവങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവ അതില്ലാതെ ജീവിക്കുകയായിരുന്നുവെന്നുമുള്ള കാര്യം അവരിൽ എല്ലായ്‍പ്പോഴും കൗതുകമുണർത്തിയിരുന്നു. 163 മുതൽ 174 വരെ ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മധ്യ ജുറാസിക് കാലഘട്ടത്തിൽ പാമ്പുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടതുമുതൽ എങ്ങനെയാണ് ഈ മാറ്റം സംഭവിച്ചതെന്ന് പരിമിതമായ ഫോസിൽ രേഖകളിൽനിന്നും വ്യക്തമല്ല. പാമ്പുകൾ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറുന്നതിനുമുമ്പുള്ള ഒരു ചെറിയ കാലയളവിൽ മാത്രമായിരുന്നു ഈ അവയവങ്ങൾ ഉണ്ടായിരുന്നത് എന്നാണ് പണ്ടുള്ള സിദ്ധാന്തങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, പുതിയ പഠനങ്ങൾ അത് അങ്ങനെ അല്ല എന്ന് സമർത്ഥിക്കുന്നതാണ്.

സയൻസ് അഡ്വാൻസസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച് പാമ്പുകളുടെ ഫോസിലുകൾ, പ്രത്യേകിച്ച് പാമ്പുകളുടെ തലയോട്ടിയുടെ ഫോസിലുകൾ, പരിശോധിച്ചതിൽ അവയുടെ പുറംകാലുകൾ ഒരുപാട് കാലം നിലനിന്നിരുന്നു എന്ന് വ്യക്തമാകുന്നു. നജാഷ് റിയോനെഗ്രീന ഒരുതരം ആദ്യകാലത്തുണ്ടായിരുന്ന പിൻകാലുകലുള്ള പാമ്പായിരുന്നു. അർജന്‍റീനയിലെ വടക്കൻ പാറ്റഗോണിയയിലെ പാലിയന്‍റോളജിക്കൽ ഏരിയയിൽനിന്ന് മറ്റു  ഫോസ്സിലുകളുടെ കൂട്ടത്തിൽ ഇവയുടെ എട്ട് തലയോട്ടികളും ഗവേഷകർ കണ്ടെത്തിയിരുന്നു. അതിലൊന്ന് ഒട്ടുംതന്നെ കേടുപാടുകളില്ലാത്തതാണ്.  

ഈ പാമ്പുകള്‍ക്ക്, പാമ്പുകൾക്കും പല്ലികൾക്കുമിടയിൽ എന്നപോലെ കൂടിച്ചേർന്ന ഒരു താടിയെല്ല്  ഉണ്ടായിരുന്നു. ജുഗൽ അസ്ഥി എന്ന് വിളിക്കപ്പെടുന്ന ആ കവിൾത്തടം ഏകദേശം 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന പാമ്പുകളിൽ നിലനിന്നിരുന്നു. എന്നാൽ, ഇന്നത്തെ കാലത്തെ പാമ്പുകളിൽ ഇത് കാണുന്നില്ല. "മുമ്പ് വിചാരിച്ചിരുന്നത് പോലെ ചെറിയ രൂപങ്ങൾ അല്ല അവയ്ക്കുണ്ടായിരുന്നത്. പകരം ആധുനിക പാമ്പുകളുടെ പൂർവ്വികർ വലിയ ശരീരവും വലിയ വായുമുള്ളവരാണെന്ന ആശയത്തെ ഈ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ആധുനിക പാമ്പുകളുടെ ഉത്ഭവത്തിനുമുമ്പേതന്നെ ഏറെക്കാലം ആദ്യകാലത്തെ പാമ്പുകൾക്ക് ഈ സവിശേഷതകളുണ്ടായിരുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്. പാമ്പിന്‍റെ സവിശേഷതയായി കരുതിയിരുന്ന അസ്ഥികളുടെ നിര അവയ്ക്ക് ഇല്ലായിരുന്നു.

70 ദശലക്ഷം വർഷക്കാലം, നജാഷ് പാമ്പുകൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നെയാണ് ഈ പിൻ‌കാലുകളുമായി ജീവിച്ചിരുന്നതെന്നാണ് പഠനം പറയുന്നത്. ഇത് സൂചിപ്പിക്കുന്നത് പാമ്പുകൾക്ക് പിൻകാലുകൾ  ഉപയോഗപ്രദമായിരുന്നുവെന്നാണ്. ലൈറ്റ് മൈക്രോസ്‌കോപ്പിയും ടോമോഗ്രാഫി സ്‍കാനിംഗും വഴി ഗവേഷകർക്ക് നജാഷിനെ 3D -യിൽ കാണാനും പരിണാമത്തിന്‍റെ ആദ്യ ഘട്ടങ്ങൾ നന്നായി മനസ്സിലാക്കാനും സഹായിച്ചു. പാമ്പിന്‍റെ അസ്ഥികൂടത്തിനുള്ളിലെ ഞരമ്പുകളെയും  രക്തക്കുഴലുകളെയും സൂക്ഷ്മമായി പരിശോധിക്കാനും ഇത് ഗവേഷകർക്ക് അവസരം നൽകി.

പാമ്പിന്‍റെയും പല്ലികളുടെയും ജുഗൽ അസ്ഥിയെക്കുറിച്ചുള്ള നമ്മുടെ അറിവിനെ ഈ ഗവേഷണം മാറ്റിമറിക്കുന്നു. "160 വർഷത്തിനുശേഷം ഈ പ്രബന്ധം അവയുടെ സവിശേഷതകളെ കൂടുതൽ ആഴത്തിൽ  മനസിലാക്കാൻ സഹായിക്കുന്നു. വെറും ഊഹത്തിന്‍റെ അടിസ്ഥാനതിലല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ" ആൽബർട്ട യൂണിവേഴ്സിറ്റിയിലെ സഹഎഴുത്തുകാരനും പ്രൊഫസറുമായ മൈക്കൽ കാൾഡ്വെൽ പറയുന്നു. അവരുടെ ഗവേഷണങ്ങൾ പാമ്പുകളുടെ ശരീര ഘടനയെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നു. "ആധുനികവും പുരാതനവുമായ പാമ്പുകളുടെ തലയോട്ടിയിലെ പരിണാമം മനസ്സിലാക്കുന്നതിന് ഈ ഗവേഷണം നിർണ്ണായകമാണ്.” എന്നും കാൾഡ്‌വെൽ പറഞ്ഞു.

click me!