ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്‌സ് ഉപയോഗിക്കുന്ന പത്ത് യന്ത്രത്തോക്കുകൾ

By Web TeamFirst Published Nov 18, 2019, 11:31 AM IST
Highlights

ഇന്ത്യൻ സൈന്യത്തിന്റെയും പൊലീസിന്റെയും പ്രത്യേക ദൗത്യസേനകളാണ് സ്‌പെഷ്യൽ ഫോഴ്‌സസ്. അതുകൊണ്ടു തന്നെ അവ ഉപയോഗിക്കുന്ന ആയുധങ്ങളും ഇത്തിരി സ്‌പെഷ്യലാണ്.

ലോകത്തിന്റെ പലഭാഗത്തുനിന്നും ഇറക്കുമതി ചെയ്ത അത്യാധുനികമായ പല യന്ത്രത്തോക്കുകളും ഇന്ത്യൻ ആംഡ് ഫോഴ്‌സസിന്  അനുവദിക്കപ്പെട്ടിട്ടുണ്ട്. നിയുക്തമായ ലൊക്കേഷന്റെ കാലാവസ്ഥയ്ക്കും, മറ്റുള്ള സാഹചര്യങ്ങൾക്കും അനുസൃതമായ ഏറ്റവും പുതിയ ആയുധങ്ങൾ തന്നെ ഇന്ന് സേനയുടെ പക്കലുണ്ട്. അപായസാധ്യത ഏറെ കൂടിയ പ്രദേശങ്ങളിൽ ഭീകരവാദികളുടെ മൂക്കിൻ ചുവട്ടിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് സ്വന്തം ജീവൻ രക്ഷിക്കാനും, ആവശ്യം വന്നാൽ രാജ്യത്തിന് അപകടമെന്ന് തോന്നുന്ന തീവ്രവാദികളെ വധിക്കാനും ഈ യന്ത്രത്തോക്കുകൾ സഹായിക്കുന്നു. ഇത്തരത്തിലുള്ള യന്ത്രത്തോക്കുകളിൽ ഏറ്റവും മികച്ചവ അനുവദിക്കപ്പെട്ടിരിക്കുന്നത് സ്‌പെഷ്യൽ ഫോഴ്‌സസിനാണ്. ലോകത്തെ ഏറ്റവും ആധുനികമായ ഈ തോക്കുകൾ പ്രവർത്തിപ്പിക്കാൻ വേണ്ട വിദഗ്ധപരിശീലനവും സിദ്ധിച്ചവരാണ് നമ്മുടെ സ്‌പെഷ്യൽ ഫോഴ്സസ് കമാൻഡോകൾ. സ്‌പെഷ്യൽ ഫോഴ്‌സസിന്റെ പക്കലുള്ള പത്ത് അത്യാധുനിക യന്ത്രത്തോക്കുകളെപ്പറ്റിയാണ് ഇനി. 

ഏതൊക്കെയാണീ സ്‌പെഷ്യൽ ഫോഴ്‌സുകൾ 

ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങൾക്കും അവരവരുടേതായ സ്‌പെഷ്യൽ ഫോഴ്സസ് വിഭാഗങ്ങളുണ്ട്. ആർമിക്ക് പാരാ സ്‌പെഷ്യൽ ഫോഴ്സസ്(Para SF), നേവിക്ക് മാർക്കോസ്(MARCOS), വ്യോമസേനയ്ക്ക് ഗരുഡ് കമാൻഡോ  ഫോഴ്‌സ്. ഈ മൂന്നു ഫോഴ്‌സുകളിൽ നിന്നും ചെറിയ ഗ്രൂപ്പുകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ആംഡ് ഫോഴ്സസ് സ്‌പെഷ്യൽ ഓപ്പറേഷൻ ഡിവിഷനിലേക്കും  നിയോഗിക്കപ്പെടാറുണ്ട്. അതിനും പുറമെയാണ് ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഗ്രൂപ്പ് എന്ന അത്യന്തം ഗുപ്തമായി പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഫോഴ്‌സ്. 

ഇന്ത്യൻ സൈന്യം 62 -ലെ ചൈനായുദ്ധത്തിനു ശേഷം രൂപീകരിച്ച സ്‌പെഷ്യൽ ഫോഴ്‌സാണ് സ്പെഷ്യൽ ഫ്രണ്ടിയർ ഫോഴ്‌സ്. പോലീസിനുമുണ്ട് അവരുടേതായ ചില സ്‌പെഷ്യൽ ഫോഴ്‌സുകൾ. നാഷണൽ സെക്യൂരിറ്റി ഗാർഡ് അഥവാ NSG, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അഥവാ SPG എന്നിങ്ങനെയാണ് അവ. സിആർപിഎഫിന്റെ സ്‌പെഷ്യൽ ഫോഴ്‌സായ കമാൻഡ് ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ അഥവാ CoBRA-യാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം നൽകുന്നത്. അതുപോലെ ഭീകരവാദത്തെ ചെറുക്കാനായി രൂപീകരിക്കപ്പെട്ട സ്‌പെഷ്യൽ ഫോഴ്‌സ് ആണ്, ഓർഗനൈസേഷൻ ഫോർ കൗണ്ടർ ടെററിസ്റ്റ് ഓപ്പറേഷൻസ് അഥവാ ഒക്റ്റോപ്പസ്(OCTOPUS). ആന്ധ്രപ്രദേശ് സർക്കാരിന്റെ നക്സലൈറ്റ് വിരുദ്ധ സേനയായ ഗ്രേ ഹൗണ്ട്സ്‌, കേരള പോലീസിലെ തണ്ടർ ബോൾട്ട് എന്നിവയും സ്‌പെഷ്യൽ ഫോഴ്‌സസിൽ പെടും.  

ഇങ്ങനെ പല വിഭാഗങ്ങളിലായി പ്രവർത്തിച്ചുപോരുന്ന സ്‌പെഷ്യൽ ഫോഴ്സസ് ഉപയോഗിക്കുന്ന ആയുധങ്ങളേതൊക്കെ എന്നതിന്റെ ഒരു പൂർണമായ ലിസ്റ്റ് ഒരിക്കലും ലഭ്യമാവില്ല. കാരണം, അത് വളരെ കോൺഫിഡൻഷ്യൽ ആയിട്ടുള്ള ഒരു വിവരമാണ്. പലപ്പോഴായി, പലപല ഓപ്പറേഷനുകളുടെ ഫോട്ടോകൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതിൽ, നമ്മുടെ സ്‌പെഷ്യൽ ഫോഴ്സസിന്റെ കയ്യിൽ കാണപ്പെടുന്ന യന്ത്രത്തോക്കുകളെ ആ ചിത്രങ്ങളിൽ നിന്ന് തിരിച്ചറിയാനാകും. ഇവിടെ പറയാൻ പോകുന്നത് അങ്ങനെ ഇതിനകം തന്നെ പൊതുമണ്ഡലത്തിൽ പങ്കുവെക്കപ്പെട്ട ചിത്രങ്ങളിലുള്ള യന്ത്രത്തോക്കുകളെപ്പറ്റിയാണ്.

1. IWI ടാവർ യന്ത്രത്തോക്കുകൾ

IWI  എന്നാൽ ഇസ്രായേലി വെപ്പൺ ഇൻഡസ്ട്രീസ്. ഇന്ത്യൻ  സൈന്യത്തിന്റെ മൂന്ന് സ്‌പെഷ്യൽ ഫോഴ്‌സുകളും ടാവർ കുടുംബത്തിൽ പെട്ട ഒരേ പ്ലാറ്റ്ഫോമിലുള്ള യന്ത്രത്തോക്കുകളുടെ പല വേരിയന്റുകളും ഉപയോഗിച്ചുവരുന്നുണ്ട്. TAR 21 എന്ന പ്ലാറ്റ്ഫോമിൽ പണിതവയാണ് ഈ വേരിയന്റുകൾ. 

ഉദാഹരണത്തിന്, GTAR 21 എന്ന ഗ്രനേഡിയർ വേരിയന്റ്, STAR 21 എന്ന മാർക്സ്മാൻ വേരിയന്റ്, CTAR 21 എന്ന കാർബൈൻ വേരിയന്റ് എന്നിവയാണ് അവ. ആദ്യമായി ടാവർ ഫാമിലിയിലുള്ള തോക്കുകൾ ഉപയോഗിച്ച് തുടങ്ങുന്നത് പാരാ സ്‌പെഷ്യൽ ഫോഴ്സും, സ്‌പെഷ്യൽ ഫ്രണ്ടിയർ ഫോഴ്‌സുമാണ്. പിന്നീടാണ് ഗരുഡും മാർക്കോസും അവ സ്വന്തമാക്കിയത്. X-95 എന്ന മറ്റൊരു ടാവർ വേരിയൻറ് കോബ്രാ ഫോഴ്‌സിന്റെ പക്കലുണ്ട്. ഇതേ യന്ത്രത്തോക്ക് തന്നെയാണ് സംസ്ഥാനങ്ങളുടെ ആന്റി ടെററിസം സ്ക്വാഡുകളും ഉപയോഗിച്ചുവരുന്നത്.

2. കലാഷ്നിക്കോവ് യന്ത്രത്തോക്കുകൾ

പതിറ്റാണ്ടുകളായി ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്സസ് ഉപയോഗിച്ചുവരുന്ന ഒരു യന്ത്രത്തോക്കാണ് കലാഷ്നിക്കോവ്. SFF ആണ് ആദ്യമായി AK 47ന്റെ ആധുനിക വേർഷനായ AKM സ്വന്തമാക്കിയത്. അതിനുപിന്നാലെ പാരാ SF അതിന്റെ ചൈനീസ് നിർമിത വേർഷനായ കലാഷ്നിക്കോവ് Type 56 വാങ്ങുന്നു. 

പിന്നീട് പാരാ SF തന്നെ ഹംഗേറിയൻ നിർമിത AK-63D സ്വന്തമാക്കുന്നു. പിന്നാലെ തന്നെ, ബൾഗേറിയൻ നിർമിതമായ AR-M1, ജർമ്മൻ നിർമിത Mpi KMS-72, റൊമാനിയൻ നിർമിത Md.63, Md.90, Galil SAR എന്നിവയും സ്‌പെഷ്യൽ ഫോഴ്‌സുകളുടെ ഭാഗമായി. കാഴ്ചയ്ക്ക് കലാഷ്നിക്കോവ് പോലിരിക്കുന്ന Vz.58 എന്ന തോക്കും പാരാ SF പിന്നീട് സ്വന്തമാക്കുകയുണ്ടായി.

3. കാൾ ഗുസ്താവ് റീകോയിൽലെസ് റൈഫിളുകൾ

ഇതൊരു ടാങ്ക് വേധ റൈഫിളാണ്. ഈ 84എംഎം സ്വീഡിഷ് ആയുധനിർമാണ കമ്പനിയായ SAAB ബൊഫോഴ്സിൽ നിന്ന് ലൈസൻസോടുകൂടിത്തന്നെ ഇന്ത്യൻ ഓർഡ്നൻസ് ഫാക്ടറി ബോർഡ് (OFB) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു തോക്കാണ്. ഇത് ബങ്കറുകൾ തകർക്കാനും, ആർമെർഡ് ആയിട്ടുള്ള കെട്ടിടങ്ങൾ തകർത്ത് അകത്തുകയറാനും ഒക്കെയായി ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്സസ് ഉപയോഗിച്ചുവരുന്ന ഒരു തോക്കാണ്.

വളരെ കൃത്യമായി ചെന്ന് ലക്ഷ്യസ്ഥാനം ഭേദിക്കാൻ കഴിവുള്ള ഈ ലോഞ്ചറിന് വേണ്ടി ടാങ്ക് തകർക്കാൻ ഉപയോഗിക്കുന്ന HEAT, ഡ്യൂവൽ പർപ്പസ് റൗണ്ട് ആയ HEDP , SMOKE , ഹൈ എക്സ്പ്ലോസീവ് റൗണ്ടായ HE എന്നിങ്ങനെ പലതരത്തിലുള്ള അമ്മ്യൂണിഷൻ ലഭ്യമാണ്. ലോകത്തെമ്പാടുമുള്ള പലരാജ്യങ്ങളുടെയും സ്‌പെഷ്യൽ ഫോഴ്‌സുകളുടെ ഇഷ്ട ആയുധങ്ങളിൽ ഒന്നാണ് ഇത്.  

4. MP-5 സബ് മെഷീൻ ഗൺ

കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്‌സുകളുടെ പ്രിയപ്പെട്ട യന്ത്രത്തോക്കാണ് Heckler & Koch എന്ന ജർമ്മൻ ആയുധനിർമ്മാണകമ്പനി നിർമ്മിക്കുന്ന ഈ യന്ത്രത്തോക്കുകൾ. 1964-ൽ നിർമ്മാണം തുടങ്ങിയ അതിന്റെ പ്രതാപം ഇനിയും അസ്തമിച്ചിട്ടില്ല. അടുത്തുനിന്നുകൊണ്ടുള്ള യുദ്ധത്തിന്, അഥവാ ക്ളോസ് ക്വാർട്ടർ ബാറ്റിലി(CQB)ന് ഈ തോക്കിനോളം ചേരുന്ന മറ്റൊരു ആയുധമില്ല. NSG,MARCOS എന്നിവയ്ക്ക് പുറമെ ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ സേനകളുടെയും ദ്രുതകർമ സേനകളുടേയുമൊക്കെ ഇഷ്ടആയുധവും ഇതുതന്നെ. 

ഇതിന്റെ ചേമ്പറിൽ German 9x19mm Parabellum റൗണ്ടാണ് ഉപയോഗിക്കപ്പെടുന്നത്. കൃത്യത, ഉയർന്ന ഫയർ റേറ്റ്, കുറഞ്ഞ ഭാരം എന്നിവയും, AK 47 നോട് കിടപിടിച്ചു നിൽക്കുന്ന പ്രകടനവും ഇതിനെ സ്‌പെഷ്യൽ ഫോഴ്‌സസിന് പ്രിയങ്കരമാക്കുന്നു. ]

5. SIG SG550 സീരീസ് യന്ത്രത്തോക്കുകൾ

SG എന്നത് അസാൾട്ട് റൈഫിൾ എന്നർത്ഥം വരുന്ന Sturmgewehr എന്നതിന്റെ സംക്ഷിപ്തരൂപമാണ്. Swiss Arms AG നിർമിക്കുന്ന ഈ തോക്കുകൾ ഏറെ ഫലപ്രദമായവയാണ്. ഈ തോക്കിൽ കലാഷ്നിക്കോവിന്റെ ലോങ്ങ് സ്ട്രോക്ക് ഗ്യാസ് പിസ്റ്റൺ ഒരു ക്ളോസ്ഡ് ബോൾട്ട് സിസ്റ്റത്തോട് ചേർത്ത് ഡിസൈൻ ചെയ്തിരിക്കുന്നു. ഈ വിശേഷപ്പെട്ട ഡിസൈൻ ഇതിന്റെ പെർഫോമൻസ് വളരെ മികച്ചതാക്കുന്നു. ഒപ്പം ഇതിന്റെ കൃത്യതയും ഇരട്ടിപ്പിച്ചിരിക്കുന്നു. 

ഈ റൈഫിൾ പ്ലാറ്റ്‌ഫോം ആണ് NSGയുടെ ഇഷ്ട ആയുധം. SG551SB (ചെറിയ ബാരൽ), SG553LB (വലിയ ബാരൽ), SG553SB (ചെറിയ ബാരൽ) എന്നിവയാണ് NSG ഉപയോഗിക്കുന്ന വേരിയന്റുകൾ.

6. Galatz സ്നൈപ്പർ റൈഫിളുകൾ

പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു സ്നൈപ്പർ ഗൺ ആണ്. ദൂരെ ഇരുന്നുകൊണ്ട്, ടെലസ്കോപ്പ് അല്ലെങ്കിൽ ഒപ്റ്റിക്കൽ സെറ്റിങ് കിറ്റുകളുടെ സഹായത്തോടുകൂടി വെടിയുണ്ട പായിച്ചുകൊണ്ട് വളരെ കൃത്യമായി ലക്‌ഷ്യം ഭേദിക്കുന്ന തരം തോക്കുകളെയാണ് സ്നൈപ്പറുകൾ എന്ന് വിളിക്കുക. ഇതിൽ 25 റൗണ്ടുകളുള്ള മാഗസിൻ ഘടിപ്പിക്കാനാകും.  

നമ്മുടെ സ്‌പെഷ്യൽ ഫോഴ്‌സുകളുടെ കയ്യിലുള്ളത് ഇതിന്റെ 7.62x51mm NATO റൗണ്ടിന് ചേർന്ന ബാരൽ ഘടിപ്പിച്ചതാണ്. ഒരുപാട് ദൂരെയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ ഇത് ശക്തി നൽകുന്നു. ഇതേ തോക്കുതന്നെയാണ് നമ്മുടെ മൂന്നു സ്‌പെഷ്യൽ ഫോഴ്‌സുകളുടെയും സ്‌പെഷ്യൽ മാർക്സ്മാൻ റൈഫിൾ.  ഫ്ലാഷ് സപ്രസ്സർ, റീകോയിൽ സപ്രസ്സർ, സൗണ്ട് സപ്രസ്സർ തുടങ്ങിയ കിറ്റുകളും ഈ സ്നൈപ്പർ ഗണ്ണിനൊപ്പം ലഭ്യമാണ്.

7. PSG-1 സ്നൈപ്പർ റൈഫിൾ

ഈ തോക്ക് മ്യൂണിച്ച് 1972 ലെ ഹോസ്റ്റെജ് ക്രൈസിസിനു ശേഷം വികസിപ്പിച്ചെടുത്തതാണ് എന്നാണ് പറയപ്പെടുന്നത്. അന്ന് പലസ്തീനി തീവ്രവാദികൾ ഇസ്രായേൽ ടീമിനെ തട്ടിക്കൊണ്ടുപോയപ്പോൾ, അടുത്തേക്ക് ചെല്ലാതെ തന്നെ കൃത്യമായി തീവ്രവാദികളെ വെടിവെച്ചിടാൻ പോന്നൊരു തോക്ക് തങ്ങൾക്കില്ലാതെ പോയി എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ജർമൻ സൈന്യത്തിനു വേണ്ടി വികസിപ്പിച്ചെടുത്തതാണ് ഈ സ്നൈപ്പർ റൈഫിൾ. Heckler & Koch ആണ് ഈ സെമി ഓട്ടോമാറ്റിക് സ്നൈപ്പർ ഗൺ  റൈഫിൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള SWAT, കൗണ്ടർ ടെററിസം സ്‌ക്വാഡുകൾ ഇതെ സ്നൈപ്പർ റൈഫിൾ ഉപയോഗിക്കുന്നുണ്ട്. 

ഈ തോക്കിന്റെ  7.62x51mm റൗണ്ടിന് ചേർന്ന വേരിയന്റ് ആണ് നമ്മുടെ സ്‌പെഷ്യൽ ഫോഴ്‌സുകളിൽ ഉള്ളത്. ഒക്‌ടോപസും, ഗ്രേ ഹൗണ്ട്സും ഇതേ തോക്കുപയോഗിക്കുന്നുണ്ട്.

8. Negev ലൈറ്റ് മെഷീൻ ഗണ്ണുകൾ

ഇതും ഒരു ഇസ്രായേൽ നിർമിത യന്ത്രത്തോക്കാണ്. മാർക്കോസും സ്‌പെഷ്യൽ ഫ്രണ്ടിയർ ഫോഴ്സും ഗരുഡും പ്രധാനമായും ആശ്രയിക്കുന്ന ഒരു സ്‌ക്വാഡ് ഓട്ടോമാറ്റിക് വെപ്പണാണിത്. ഇതിന്റെ 5.56x45mm റൗണ്ടിന് മിനുട്ടിൽ 700 റൗണ്ട് വെടിയുതിർക്കാനുള്ള ശേഷിയുണ്ട്. 600-1000m വരെ ദൂരത്തേക്ക് ഇതുപയോഗിച്ച് വെടിവെക്കാനാകും. 

ഫയർ കൺട്രോൾ സെലക്ടർ സ്വിച്ച്, ബോക്സ് ടൈപ്പ് മാഗസിൻ, അടർത്തി മാറ്റാവുന്ന ബൈപോഡ് എന്നിവയും ഈ യന്ത്രതോക്കിനെ സ്‌പെഷ്യൽ ഫോഴ്‌സുകൾക്ക് പ്രിയങ്കരമാക്കുന്നു.

9. Pika ജനറൽ പർപ്പസ് മെഷീൻഗണ്ണുകൾ

Pulemyot Kalashnikova അഥവാ കലാഷ്നിക്കോവിന്റെ മെഷീൻ ഗൺ എന്നാണ് പൂർണ്ണരൂപം.  ഈ റഷ്യൻ നിർമിത മൾട്ടി പർപ്പസ് മെഷീൻ ഗൺ അതിന്റെ പ്രഹരശേഷിക്കും, കൃത്യതയ്ക്കും പ്രസിദ്ധമാണ്. 7.62x54mm റൗണ്ടിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തോക്ക് ഹെലികോപ്റ്ററിൽ പറക്കുമ്പോൾ ഉപയോഗിക്കാൻ ഉത്തമമായ ഒന്നാണ്. 

പാരാ സ്‌പെഷ്യൽ ഫോഴ്സും, ഫ്രണ്ടിയർ സ്‌പെഷ്യൽ ഫോഴ്സും മാത്രമാണ് ഈ യന്ത്രത്തോക്കുക  ഉപയോഗപ്പെടുത്തുന്നത്. റഷ്യൻ നിർമിത PK, റൊമാനിയൻ PKM എന്നിവയ്ക്ക് പുറമെ കാശ്മീരി തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത Norinco Type 80 പികാ യന്ത്രത്തോക്കുകളും ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്‌സുകൾ ഉപയോഗിക്കുന്നുണ്ട്.

10. SVD Dragunov സ്നൈപ്പർ റൈഫിളുകൾ

ഇത് എക്കാലത്തെയും മികച്ച സ്നൈപ്പർ റൈഫിളുകളിൽ ഒന്നാണ്. ലോകത്തെ പല  കലാപഭൂമികളിലും ഇത് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. വിശ്വാസ്യത, പ്രഹരശേഷി, കിറുകൃത്യത എന്നിവയാണ് ഈ സ്നൈപ്പർ തോക്കിന്റെ പ്രധാന ഗുണങ്ങൾ.  

പാരാ SF, SFF, MARCOS തുടങ്ങിയ സ്‌പെഷ്യൽ ഫോഴ്‌സ് ടീമുകൾ ഈ സ്നൈപ്പർ റൈഫിളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

click me!