വിദ്യാർത്ഥിനിയുടെ കൊലപാതകം, പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ ഈജിപ്ഷ്യൻ കോടതി

By Web TeamFirst Published Jul 27, 2022, 2:40 PM IST
Highlights

കഴിഞ്ഞ മാസമാണ് കോടതിയിൽ വാദം നടന്നത്. വിചാരണക്കൊടുവിൽ, മുഹമ്മദ് കുറ്റം സമ്മതിച്ചു. താൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ അവൾ അത് നിരസിച്ചുവെന്നും മുഹമ്മദ് പറഞ്ഞു. ഇതാണ് തന്നെ കൊല നടത്താൻ പ്രേരിപ്പിച്ചതെന്നും അവൻ കോടതിയിൽ പറഞ്ഞു.

വിദ്യാർത്ഥിനിയായ നയ്റ അഷ്‌റഫിന്റെ കൊലപാതകിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ ഈജിപ്ഷ്യൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നാടിനെ നടുക്കിയ ഒരു കൊലപാതകമായിരുന്നു അത്. വിവാഹാഭ്യാർത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ നയ്റയെ സഹപാഠിയായ മുഹമ്മദ് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തെ വിചാരണക്കൊടുവിൽ, മുഹമ്മദ് ആദൽ കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു. നിരപരാധികളായ പെൺകുട്ടികളെ ഉപദ്രവിക്കുന്നവർക്ക് ഒരു താക്കീത് നൽകാനാണ് വധശിക്ഷ ടിവിയിൽ ലൈവായി കാണിക്കുന്നതെന്ന് കോടതി പറയുന്നു. ഇത്തരത്തിൽ ചിന്തിക്കുന്നവർക്ക് ഒരു അപായ സൂചനാകും ഈ ശിക്ഷ രീതിയെന്നും കോടതി പറഞ്ഞു.    

മൻസൂറ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു നയ്റ. ജൂൺ 20 -ന് അവസാനവർഷ പരീക്ഷയുടെ അന്നായിരുന്നു കൊലപാതകം. പ്രതിയായ മുഹമ്മദ് ആദൽ സർവകലാശാലയിൽ നയ്റയുടെ സീനിയറായിരുന്നു. പട്ടാപ്പകൽ സർവകലാശാല ഗേറ്റിന് മുന്നിൽ വച്ചാണ് നയ്റയെ മുഹമ്മദ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. മുഹമ്മദിനെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതായിരുന്നു കൊലപാത കാരണം. വീട്ടിലേക്കു പോകാൻ സർവകലാശാലയുടെ മുൻപിലുള്ള ബസ്‌സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു അവൾ. മുഹമ്മദ് അവളുടെ സമീപം എത്തി അവളെ അടിച്ചുവീഴ്ത്തി. തുടർന്ന് റോഡിലൂടെ വലിച്ചിഴച്ച് നയ്റയെ അവൻ പത്തൊൻപത് തവണ കുത്തി. ഒടുവിൽ ജനങ്ങൾ നോക്കി നിൽക്കെ അവളെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 

മരിക്കുമ്പോൾ അവൾക്ക് 21 വയസ്സായിരുന്നു. നയ്റയെ  കൊലചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മുഹമ്മദിന്റെ നിർദേശപ്രകാരം ഒരു സുഹൃത്ത് ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നീട് ഈ ഉള്ളടക്കം, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്തു. അവളുടെ കൊലപാതകം വൻ പ്രതിഷേധത്തിന് കാരണമായി.

കഴിഞ്ഞ മാസമാണ് കോടതിയിൽ വാദം നടന്നത്. വിചാരണക്കൊടുവിൽ, മുഹമ്മദ് കുറ്റം സമ്മതിച്ചു. താൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ അവൾ അത് നിരസിച്ചുവെന്നും മുഹമ്മദ് പറഞ്ഞു. ഇതാണ് തന്നെ കൊല നടത്താൻ പ്രേരിപ്പിച്ചതെന്നും അവൻ കോടതിയിൽ പറഞ്ഞു. രണ്ട് ദിവസത്തെ വിചാരണക്കൊടുവിൽ ജൂൺ 28 -ന് മൻസൂര ക്രിമിനൽ കോടതി അയാൾക്ക് വധശിക്ഷ വിധിച്ചു. മാത്രവുമല്ല അത് തത്സമയം സംപ്രേക്ഷണം ചെയ്യാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

ആംനസ്റ്റി ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ, ഈജിപ്തിൽ കൊലപാതകത്തിനുള്ള പരമാവധി ശിക്ഷയാണ് വധശിക്ഷ. എന്നാൽ പൊതുസ്ഥലത്തോ, ടിവിയിലോ അപൂർവ്വമായി മാത്രമേ വധശിക്ഷ കാണിക്കാറുള്ളൂ. 1998 -ൽ കെയ്‌റോയിലെ വീട്ടിൽ ഒരു സ്ത്രീയെയും അവളുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ മൂന്ന് പുരുഷന്മാരുടെ വധശിക്ഷ സ്റ്റേറ്റ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നു. ഈജിപ്തിൽ വർധിച്ച് വരുന്ന സ്ത്രീഹത്യകൾ സമീപ മാസങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

click me!