
ഇത് പുൽ-എ-ചർഖി സെൻട്രൽ ജയിൽ. അഫ്‌ഗാനിസ്ഥാനിൽ ഏറ്റവും കുപ്രസിദ്ധമായ തടവറയാണ് ഇത്. ഇവിടെ ജീവപര്യന്തം കഠിനതടവിന് വിധിക്കപ്പെട്ട് അഴിയെണ്ണിക്കിടക്കുന്നത് താലിബാന്റെ രണ്ടായിരത്തിലധികം കൊടും തീവ്രവാദികളാണ്. ബിബിസിയാണ് അഫ്ഗാനിസ്ഥാനിലെ ഈ അതീവസുരക്ഷാതടവറയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഒസാമാ ബിൻ ലാദൻ അടക്കമുള്ള പല തീവ്രവാദികൾക്കും അഭയമേകിയത് താലിബാൻ ആണെന്നാണ് അമേരിക്കയുടെ ആരോപണം. അതായിരുന്നു താലിബാനെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിടാനുള്ള പ്രധാന കാരണവും. ഇന്നും അമേരിക്കയുടെ പതിമൂവായിരത്തിലധികം സൈനികർ അഫ്ഗാനിസ്ഥാനിലുണ്ട്. ട്രംപ് സമാധാനകരാർ ഒപ്പിടാനുള്ള ശ്രമം നടത്തുന്നതിനിടെ ഉഗ്രമായ ഒരു ബോംബുസ്ഫോടനം നടക്കുകയും, അതിൽ അമേരിക്കൻ സൈനികരടക്കമുള്ള 12 പേർ കൊല്ലപ്പെടുകയുമുണ്ടായി. അതോടെ സമാധാനചർച്ചകൾ അലസി.
രണ്ടായിരത്തിലധികം തീവ്രവാദികളെ പാർപ്പിച്ചിരിക്കുന്ന ജയിലിന്റെ ആറാം ബ്ലോക്കിലേക്ക് കടന്നുചെന്നാൽ താലിബാൻ കേന്ദ്രത്തിലേക്ക് ചെന്നതുപോലെ തോന്നും. അതിനുള്ളിൽ പരസ്പരം കുശലം പറഞ്ഞുകൊണ്ട്, പല്ലുതേച്ചുകൊണ്ട്, കുളിച്ചുകൊണ്ട്,വസ്ത്രങ്ങൾ അലക്കി വിരിച്ചുകൊണ്ട്, ഭക്ഷണം കഴിച്ചുകൊണ്ട് ഒരു കുടുംബം പോലെ കഴിഞ്ഞുകൂടുന്ന താലിബാനികളെ കാണാം. അവരിൽ പലരും, താലിബാന്റെ പാതയിലേക്ക് വരും മുമ്പ് മൗലവിമാരായിരുന്നു, കൃഷിക്കാരായിരുന്നു, വ്യാപാരികളായിരുന്നു, ഡ്രൈവർമാരായിരുന്നു. താലിബാനുമായുള്ള ബന്ധം ആരോപിച്ചാണ് അവർക്കെതിരെ കേസുകൾ വന്നതും, ഇന്നവർ തുറുങ്കിൽ കഴിയുന്നതും. അമേരിക്കയടക്കമുളള രാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽ ഉറ്റവർ നഷ്ടപ്പെട്ടതിന്റെ പ്രതികാരം വീട്ടാൻ വേണ്ടി താലിബാന്റെ പാതയിലേക്ക് കടന്നുവന്നവരും കുറവല്ല.
ഇവിടെ നിന്ന് മോചിതരാകുന്ന പലരും തിരികെ തീവ്രവാദത്തിന്റെ പാതയിലേക്ക് തിരിച്ച പോവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അഫ്ഗാനിസ്ഥാൻ പല പ്രവിശ്യകളിലായി, പല ശക്തികളുടെ നിയന്ത്രണത്തിലാണ്. ബോംബാക്രമണങ്ങൾ പലതും വിവാഹങ്ങൾ പോലുള്ള സാമൂഹികമായ ചടങ്ങുകളെയാണ് ലക്ഷ്യമിടുന്നത്. മരിച്ചുവീഴുന്നതോ നിരപരാധികളായ മനുഷ്യരും.
താലിബാനുമായി സമാധാനത്തിന് തങ്ങൾ തയ്യാറാണ് എന്നാണ് അഫ്ഗാനിസ്ഥാൻ സർക്കാരും പറയുന്നത്. അതിന് ആദ്യം താലിബാന്റെ ഭാഗത്തുനിന്ന് ഒരു മാസമെങ്കിലും അക്രമങ്ങളില്ലാത്ത ഒരു കാലാവധി പിന്നിടേണ്ടതുണ്ട് എന്നുമാത്രം. എന്നാൽ, അഫ്ഗാനിസ്ഥാൻ സർക്കാർ രാജ്യത്ത് തമ്പടിച്ചിരിക്കുന്ന വൈദേശിക സൈന്യങ്ങളെ ഇവിടെനിന്ന് പറഞ്ഞയക്കാതെ ഒരു സന്ധിക്കുമില്ല എന്ന നിലപാടിലാണ് താലിബാനും. ദശാബ്ദങ്ങളായി അമേരിക്കക്കും, താലിബാനും, സർക്കാരിനും ഇടയിൽ നടക്കുന്ന അധികാരവടംവലിയിൽപ്പെട്ട് നരകതുല്യമായ ജീവിതം നയിക്കാൻ നിർബന്ധിതരായിരിക്കുന്നതോ, അക്കൂട്ടത്തിലൊന്നും പെടാത്ത ഇന്നാട്ടിലെ പാവപ്പെട്ട പൗരന്മാരും.